ഗുരുവായൂർ: ക്ഷേത്രനഗരിയിൽ ഉയരും കാല്‍ നൂറ്റാണ്ടിന്റെ സ്വപ്‌നം; ഗുരുവായൂർ മേൽപ്പാലത്തിന്‌ രൂപരേഖയായി. ഗതാഗതക്കുരുക്കിന്‌ പരിഹാരമായി ക്ഷേത്ര നഗരിയിൽ റെയിൽവേ മേൽപ്പാലം ഉയരും.

ADVERTISEMENT

സ്ഥലമെടുപ്പ്‌ നേരത്തേ പൂർത്തിയാക്കി, രൂപരേഖയും തയ്യാറായതോടെ നിർമാണ നടപടികളിലേക്ക്‌ കടക്കുകയാണ്‌. മുഖ്യമന്ത്രിയുടെ മുൻഗണനാ പട്ടികയിലുള്ള പത്ത്‌ പദ്ധതികളിലൊന്നാണിത്‌. കിഫ്‌ബി വഴി 23.5 കോടി ചെലവിലാണ്‌ പാലം നിർമിക്കുന്നത്‌. കെ വി അബ്ദുൾഖാദർ എംഎൽഎ നടത്തിയ നിരന്തര ഇടപെടലുകളിലൂടെ കാൽ നൂറ്റാണ്ടിന്റെ ജനകീയ സ്വപ്‌നമാണ്‌ യാഥാർഥ്യമാവുന്നത്‌.

കിഴക്കേ നടയിലെ പെട്രോൾ പമ്പിനു മുന്നിൽനിന്ന് ആരംഭിച്ച് മാവിൻ ചുവടിനടുത്ത് അവസാനിക്കുന്നതാണ് മേൽപ്പാലം. റെയിൽവേ ഗേറ്റിന് മുകളിലൂടെ 517.32 മീറ്റർ ദൂരത്തിലുള്ള മേൽപ്പാലത്തിന്‌ 10.15 മീറ്ററാണ്‌ വീതി. വാഹനങ്ങൾ കടന്നുപോകുന്നതിന് 7.5 മീറ്റർ വീതിയിൽ റോഡും ഇരുവശത്തും 1.5 മീറ്ററിൽ നടപ്പാതയുമുണ്ട്. നാലു മീറ്റർ വീതിയിൽ സർവീസ് റോഡും നിർമിക്കും. കാലതാമസം ഒഴിവാക്കാൻ സ്റ്റീൽ -കോൺക്രീറ്റ് കോമ്പോസിറ്റ് സ്‌ട്രക്ചർ മാതൃക ഉപയോഗിച്ചാവും നിർമാണം. തീരമേഖലയിൽ നിന്നും തൃശൂരിലേക്കും നെടുമ്പാശേരിയിലേക്കും പോകുന്നതിന് പ്രധാനമായും ഉപയോഗിക്കുന്ന പാതയാണ് ഗുരുവായൂർ – തൃശൂർ സംസ്ഥാന പാത. ഇവിടെ ദിവസവും 36 തവണ റെയിൽവേ ഗേറ്റ് അടയ്ക്കും. ഗേറ്റ് അടച്ചാൽ നാലുകിലോ മീറ്ററോളം ഗതാഗതക്കുരുക്കും പതിവാണ്. അതിനാണ് ഇപ്പോൾ‌ പരിഹാരമാവുന്നത്‌. പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ജനുവരി 23 ന് രാവിലെ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.

COMMENT ON NEWS

Please enter your comment!
Please enter your name here