
ഗുരുവായൂർ: ബ്ലൂ പ്ലാനറ്റ് സിനിമയുടെ ബാനറിൽ കെ.പി.രവിശങ്കർ, ശരത് എ ഹരിദാസൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഗുരുവായൂർ ക്ഷേത്രത്തെക്കുറിച്ചുള്ള ഡോക്യൂമെന്ററിയായ അഖിലം മധുരം – ഗുരുവായൂരിന്റെ ഇതിഹാസത്തിൻ്റെ ചിത്രീകരണത്തിലെ നിമിഷങ്ങളാണ് ഇതിനാധാരം. അഖിലം മധുരത്തിൻ്റെ സംവിധായകനായ ശരത് എ ഹരിദാസൻ്റെ വാക്കുകളിലേക്ക്…
അറിയുന്ന ജോലി ഇതാണ്. ആ ജോലി കൊണ്ടു തന്നെ ഭഗവാനെ ആരാധിക്കാൻ സാധിച്ചത് ഇന്നും ഒരു അത്ഭുതമാണ്. നമ്മളെക്കാളും കഴിവും ധനശേഷിയും ഉള്ള എത്ര പ്രതിഭാധനരെ വേണമെങ്കിലും ആ മഹാപ്രഭുവിനു ഇച്ഛാനുസരണം വരുത്താം. എന്നിട്ടും, മനുഷ്യൻ സമൃദ്ധിയുടെ കൃത്രിമ സെറ്റിട്ട മണലാരണ്യത്തിൽ എവിടെയോ കിടന്ന നമ്മളെ വിളിച്ചു കൊണ്ട് വന്നു, പൊതുപ്രവേശനത്തിന് അതീവ നിയന്ത്രണങ്ങളുള്ള ഇടങ്ങളിൽ, പഞ്ചലോഹമൂർത്തിസ്സ്വരൂപിയായ അദ്ദേഹം പശുക്കിടാവിനെ കണികണ്ടു പള്ളിക്കുറുപ്പുണർന്നു, പല്ലുതേച്ചു, കുളിച്ചു വരുന്നത് വരെ കൂടെ കൂട്ടി കൊണ്ടുപോയി കാണിച്ചു തന്നു… ആറാട്ടിന് വർഷത്തിൽ ഒരിക്കൽ മാത്രം പുറത്തെടുക്കുന്ന ആ പഞ്ചലോഹ ഉത്സവമൂർത്തിയാണ് ഇവിടെ കൊടുത്തിട്ടുള്ള പോസ്റ്ററിൽ. അന്നത്തെ ശാന്തിയേറ്റ കീഴ്ശാന്തി ശ്രീ കിഴിയേടം വാസുണ്ണിയേട്ടന്റെ കയ്യിൽ ഇരുന്നു ആനപ്പുറത്തു പോവുകയാണ്. ഇങ്ങനെ ക്യാമറയിൽ അദ്ദേഹം തന്നതും തരാത്തതുമായ നിരവധി വൈകുണ്ഠദൃശ്യങ്ങൾ…രണ്ടു വർഷത്തോളമായി ഈ കാരുണ്യപ്പെരുമഴക്കാലം…
ഇത് വരെയുള്ള ആ ചിത്രീകരണ കാലം മാജിക്കൽ എന്ന് എല്ലാ അർത്ഥത്തിലും പറയാവുന്ന അനുഭവങ്ങളുടെ ഘോഷയാത്രയാണ്. എന്റെ മുഖ്യ ക്യാമറാമാൻ ശ്രീശനും ഞാനും അധികമാരും അറിയാതെ കടന്നുപോയ അപമാനങ്ങളും വേദനകളും പ്രതിസന്ധികളും സന്തോഷങ്ങളും അംഗീകാരങ്ങളും മഹാഭാഗ്യങ്ങളും ഒക്കെ ഒരു പുസ്തകത്തിനുള്ളതുണ്ട്. ഗുരുവായൂരപ്പന്റെ അടുത്ത് നിന്നാൽ പൂമാലകളും കല്ലേറും ഒരു പോലെ കിട്ടും. രണ്ടും ഒരു പോലെ സ്വീകരിക്കാൻ ഇന്നും അദ്ദേഹം അടിച്ചും തലോടിയും പഠിപ്പിക്കുന്നു.
ഭഗവാൻ സംവിധായകനും ഞങ്ങൾ അദ്ദേഹത്തിന്റെ അസിസ്റ്റൻ്റും ആയിത്തന്നെയാണ് ഷൂട്ട് നടന്നതും നടക്കുന്നതും. ഏകാദശിക്കും കലശത്തിനും ആറാട്ടിനും അനേകം ക്യാമറകളും ടെക്നിഷ്യൻസും ക്ഷേത്ര ചുറ്റമ്പലത്തിലും പുറത്തും നിന്ന് അക്ഷീണപരിശ്രമം നടത്തുമ്പോൾ ഓരോ ക്യാമറാമാന്റെ കൂടെയും ഭഗവാൻ നിന്നത് അനുഭവമാണ്. ഭഗവാൻ കൂടെനിന്നാൽ പ്രപഞ്ചം കൂടെ നിൽക്കും എന്നാണല്ലോ. ഗുരുവായൂരപ്പനെ സ്നേഹിക്കുന്ന, ആ ശ്രീലകത്തു നിശ്ചയമായും സത്യവസ്തുവായ അദ്ദേഹം ഇരിക്കുന്നുണ്ട് എന്ന് ഉറച്ച ബോധ്യമുള്ള എല്ലാവരുടെയും നിർലോഭമായ സഹകരണവും സ്നേഹവും മാർഗ്ഗനിർദ്ദേശങ്ങളും കിട്ടി. അനവധി ഗുരുസ്ഥാനീയരേയും സുഹൃത്തുക്കളെയും സഹോദരതുല്യരെയും ഭഗവാൻ ഇക്കാലയളവിൽ ഒരായുഷ്കാലത്തെയ്ക്ക് തന്നു. ചില മുഖംമൂടികൾ തന്റെ വജ്രത്തെവെല്ലുന്ന ചെറുനഖം കൊണ്ട് പൊളിച്ചു കാട്ടി. പല അപകടങ്ങളിൽ നിന്നും പലപ്പോഴും ഞങ്ങൾ പോലുമറിയാതെ രക്ഷിച്ചു. ചേർത്തുപിടിച്ചതിനു ശേഷം, “നോക്കൂ…എത്ര വലിയ അപകടത്തിൽ നിന്നാണ് ഞാൻ നിങ്ങളെ രക്ഷിച്ചത് എന്ന്’ തെളിച്ചു കാണിച്ചും തന്നു. ഒരു കാര്യം ചെയ്താൽ അവിടെ തന്റെ ഒപ്പ് വ്യക്തമായി ഇട്ടു പോകുന്നത് അദ്ദേഹത്തിന്റെ ശീലമാണല്ലോ.
ഷൂട്ടിന്റെ ഇടവേളകളിൽ കിഴക്കേ ഗോപുരത്തിൽ നിലത്തിരുത്തി നാരായണീയം വായിപ്പിച്ചു…അവിടെത്തന്നെ പിടിച്ചിരുത്തി കൊടിമരത്തിന് മുന്നിൽ ഇടതിങ്ങി വീഴുന്ന കണ്ണീരും ചിരിയും കാണിച്ചു തന്നു. നാലമ്പലത്തിന്റെ ചെറിയ വാതിലിലൂടെ ജീവൻ അതിന്റെ സർവ ശക്തിയുമെടുത്ത് ശ്രീലകത്തിരിയ്ക്കുന്ന മൂലസ്രോതസ്സിലേക്ക് ഇടിച്ചുകയറിച്ചെല്ലുന്നത് സ്പഷ്ടമാക്കിത്തന്നു…ലൗകികതയുടെ മഹാനദികളും അതിനിടയിൽ ആധ്യാത്മികതയുടെ നീർച്ചാലുകളും ഒഴുകി അങ്ങോട്ട് ചെല്ലുന്നത് കാണിച്ച് അടക്കിയിരുത്തി…നമ്മൾ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലും കാണിക്കുന്ന കോമഡികൾ ചൂണ്ടിക്കാണിച്ചു ചിരിപ്പിച്ചു വീഴ്ത്തി…പിന്നെ ചിന്തിപ്പിച്ചു…വേണെങ്കിൽ നന്നായിക്കോ എന്ന് പറഞ്ഞു…ജീവിതത്തിൽ ഒരിക്കലും ഇന്നേവരെ കാണാത്ത ആരെയൊക്കെയോ ചിരപരിചിതരെ പോലെ അനുഭവങ്ങളും കഥകളും പറയാനും എന്റടുത്തേക്കയച്ചു…അല്ലെങ്കിൽ വഴിയിൽ തമ്മിൽ പരിചയപ്പെടുത്തിത്തന്നു…ഷൂട്ടിന് വേണ്ടത് പലതും അന്വേഷിച്ചു നടന്നു തളർന്നപ്പോൾ മുന്നിൽ കൊണ്ടിട്ടു തന്നു. എന്റെ സ്വന്തം നിശ്ചയപ്രകാരം എടുക്കാൻ തുനിഞ്ഞ പല ഇന്റർവ്യൂകളും ഷൂട്ട് നിശ്ചയിച്ചാലും മുടക്കി പാഠം പഠിപ്പിച്ചു. തനിക്കിഷ്ടമില്ലാത്ത ദൃശ്യങ്ങൾ കാമറ കാർഡിൽ കറപ്റ്റ് ആക്കി നശിപ്പിച്ചു. തനിക്കു വേണ്ട ഷോട്സ് മാത്രം അതിൽ ബാക്കി വെച്ചു. താൻ പ്രതിനിധീകരിക്കുന്ന, ഒന്നിനോടും ബന്ധിക്കപ്പെടാതെ നിൽക്കുന്ന’സാക്ഷി’ഭാവം എന്താണെന്ന് ഒരു ട്രെയ്ലർ ആയി അനുഭവപ്പെടുത്തിത്തന്നു…ഒരു നാൾ പോലും മറക്കാതെ ഒരുപാട് ഉണ്ണിയപ്പവും അടയും പലരുടെയും കയ്യിൽ അത്താഴത്തിനു കൊടുത്തയച്ചു. ഒടുവിൽ സംഭവബഹുലങ്ങളായ ഓരോ ദിനാവസാനത്തിലും രാത്രിയിൽ ശീവേലികൾക്ക് ചക്രവർത്തിയായി എഴുന്നള്ളുമ്പോൾ ഗൗരവഭാവത്തിൽ ഇടയ്ക്കൊന്നു ആനപ്പുറത്തിരുന്നു നോക്കും…ആ ഇടിമിന്നലിൽ തളർന്ന് ‘സത്യം പരം ധീമഹി’ എന്നറിയാതെ ഉള്ളിൽ ഉദ്ഘോഷിച്ചു നമസ്കരിച്ചുപോകും… എഴുതാൻ ഒരുപാടുണ്ട്… പക്ഷെ ഒരവസാനമുണ്ടാകില്ല… ഇപ്പോഴിത് കടലാസായിരുന്നെങ്കിൽ നനഞ്ഞു കുതിർന്നേനെ…
ഗുരുവായൂരിന്റെ ഇതിഹാസം ഒരു സമുദ്രമാണ്. പല രത്നങ്ങളും അഗാധതയിൽ ഒളിഞ്ഞും നഷ്ടപ്പെട്ടും കിടക്കുന്ന രത്നഗർഭ…അതിലെ ഒരു കൈക്കുടന്ന വെള്ളമാണ് കോരിയെടുക്കാൻ ശ്രമിക്കുന്നത്. ഈ വർഷം അഷ്ടമിരോഹിണിയ്ക്ക് നിങ്ങൾക്കെല്ലാവർക്കും മുന്നിൽ എത്തിക്കണം എന്ന് രവിയേട്ടനും ഞാനും പ്രാർത്ഥിക്കുന്നു. ഗുരുവായൂരപ്പൻ നിശ്ചയിക്കട്ടെ…എല്ലാവർക്കും പ്രണാമം…ഹരേ ഗുരുവായൂരപ്പാ
കാത്തിരിക്കാം ഭക്തർക്ക്…. ആ സമുദ്രത്തലേക്കൊന്ന് കാതോർക്കാൻ….