ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തെക്കുറിച്ചുള്ള ഡോക്യൂമെന്ററിയായ അഖിലം മധുരം – ഗുരുവായൂരിന്റെ ഇതിഹാസം; ആദ്യ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കി.

അഞ്ചു വർഷത്തോളമായുള്ള വിവരശേഖരണത്തിനു ശേഷം 2019 മാർച്ചിൽ ആണ് ഗുരുവായൂർ ക്ഷേത്രത്തെക്കുറിച്ചുള്ള ഡോക്യൂമെന്ററിക്ക് ഗുരുവായൂർ ദേവസ്വത്തിന്റെ അനുമതിപത്രത്തോടെയാണ് കെ.പി.രവിശങ്കർ, ശരത് എ ഹരിദാസൻ എന്നിവർ ബ്ലൂ പ്ലാനറ്റ് സിനിമയുടെ ബാനറിൽ അഖിലം മധുരത്തിൻ്റെ തുടക്കമിട്ടത്.
ഡോക്യൂമെന്ററിയുടെ എല്ലാ ചെലവും നിർമ്മാണക്കമ്പനിയുടേതും അതിൽ നിന്നുള്ള എല്ലാ വരുമാനവും ഗുരുവായൂരപ്പന് എഴുതി വെച്ചുകൊണ്ടാണ് അഖിലം മധുരം ആരംഭിച്ചിരിക്കുന്നത്. ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻദാസും അന്നത്തെ അഡ്മിനിസ്ട്രേറ്റർ എസ് വി ശിശിരും ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റിയും ചിത്രീകരണത്തിന് നിർലോഭമായ സഹകരണം നൽകി. ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രം മേധാവി കെ യു കൃഷ്ണകുമാറിന്റെ അകമഴിഞ്ഞ പിന്തുണയും ലഭിച്ചു. തുടർന്ന് ആ വർഷത്തെ വിഷു കഴിഞ്ഞ് 2019 ഏപ്രിൽ 17ന് രാവിലത്തെ ശീവേലിയ്ക്ക് അന്നത്തെ ശാന്തിയേറ്റ കീഴ്ശാന്തി ശ്രീ മുളമംഗലം ശ്യാംകൃഷ്ണൻ നമ്പൂതിരിയുടെ കയ്യിലിരുന്ന ഭഗവാന്റെ സ്വർണ്ണത്തിടമ്പ് ഷൂട്ട് ചെയ്തു കൊണ്ട് ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിച്ചു. തുടർന്നിങ്ങോട്ട് ആ യജ്ഞം ഗുരുവായൂരപ്പന്റെ മേൽനോട്ടത്തിൽ നടക്കുന്നതായി ഡോക്യുമെന്ററിയുടെ സംവിധായകൻ ശരത് എ ഹരിദാസൻ അഭിപ്രായപ്പെട്ടു
ഗുരുവായൂരിന്റെ ഇതിഹാസം ഒരു സമുദ്രമാണ്. പല രത്നങ്ങളും അഗാധതയിൽ ഒളിഞ്ഞും നഷ്ടപ്പെട്ടും കിടക്കുന്ന രത്നഗർഭ…അതിലെ ഒരു കൈക്കുടന്ന വെള്ളമാണ് കോരിയെടുക്കാൻ ശ്രമിക്കുന്നതെന്ന്, ഈ വർഷം അഷ്ടമിരോഹിണിയ്ക്ക് ഭക്തർക്കു മുന്നിലെത്തിക്കാനുള്ള പ്രാർത്ഥനയോടെ, സാക്ഷാൽ ശ്രീ ഗുരുവായൂരപ്പൻ്റെ സംവിധാനത്തിൽ കെ.പി.രവിശങ്കറും, ശരത് എ ഹരിദാസനും.