മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായ ദൃശ്യം എന്ന സിനിമയുടെ രണ്ടാം പതിപ്പ് തീയറ്ററില്‍ റിലീസ് ചെയ്യില്ല. പ്രമുഖ ഒടിടി സര്‍വീസായ ആമസോണ്‍ പ്രൈമിലൂടെയാവും സിനിമ റിലീസ് ചെയ്യുക. ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടന്‍ സിനിമ സ്ട്രീം ചെയ്ത് തുടങ്ങും എന്നാണ് സൂചന.
46 ദിവസം കൊണ്ടാണ് ദൃശ്യം ടുവിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. ഷൂട്ടിംഗിനായി 56 ദിവസം ആയിരുന്നു പ്ലാന്‍ ചെയ്തിരുന്നതെങ്കിലും പത്തു ദിവസം മുന്‍മ്പേ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി സംവിധായകന് ജീത്തു ജോസഫ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടുത്ത നിയന്ത്രണങ്ങളോടെയായിരുന്നു സിനിമയുടെ ചിത്രീകരണം. കൊവിഡിനു ശേഷം മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ സിനിമ എന്ന നിലയിലും ദൃശ്യം 2 ശ്രദ്ധ നേടിയിരുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും വേഷമിടുന്നുണ്ട്. ഇവര്‍ക്കൊപ്പം ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും രണ്ടാം ഭാഗത്തില്‍ അഭിനേതാക്കളായി എത്തിയിട്ടുണ്ട്.