
ദുബായ്: മഹാമാരിക്കാലത്ത് പുത്തൻ പ്രതീക്ഷകളുമായി എത്തുന്ന നവവത്സരത്തെ വരവേൽക്കാൻ യുഎഇ ഒരുങ്ങി. കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങളോടെയാണ് യുഎഇ നിവാസികൾ 2021നെ സ്വീകരിക്കുക.
അബുദാബി
അബുദാബിയിൽ ഗിന്നസ് ലോക റെക്കോർഡ് തകർക്കുന്ന പുതിയ രണ്ട് കരിമരുന്ന് പ്രയോഗങ്ങൾ ഇൗ മാസം 31ന് രാത്രി യാഥാർഥ്യമാകും. അൽ വത് ബയിൽ 35 മിനിറ്റ് നീണ്ടു നിൽക്കുന്ന കരിമരുന്ന് പ്രയോഗമാണ് ഏറ്റവും പ്രധാനപ്പെട്ടത്. അബുദാബിയിൽ നടന്നുവരുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന്റെ ഭാഗമാണിത്. യാസ് ദ്വീപിലാണ് മറ്റൊന്ന്.
ദുബായ്
ദുബായിയുടെ വിവിധ ഭാഗങ്ങളിൽ ചുരുങ്ങിയത് ആറ് കരിമരുന്ന് പ്രയോഗമെങ്കിലും പുതുവത്സരത്തലേന്ന് നടക്കും. ഡൗൺടൗൺ ദുബായ്, ഗ്ലോബൽ വില്ലേജ്, അറ്റ്ലാന്റിസ് ദ് പാം, ബുർ അൽ അറബ്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, അൽ സീഫ് ദുബായ് എന്നിവിടങ്ങളുടെ ആകാശത്താണ് വർണപ്പൂക്കൾ വിരിയുക. കൂടാതെ, ദുബായ് ബ്ലൂ വാട്ടേഴ്സ് ദ്വീപിലും കരിമരുന്ന് പ്രയോഗം ഉണ്ടായിരിക്കും. ഇൗ മാസം 31ന് അർധരാത്രി 12നും ജനുവരി 1ന് രാത്രി 8നും.
റാസൽഖൈമ
റാസൽഖൈമയിൽ 10 മിനിറ്റ് നീണ്ടുനിൽക്കുന്ന കരിമരുന്ന് പ്രയോഗം പുതുവത്സരത്തലേന്ന് 4 കിലോ മീറ്റർ ചുറ്റളവിൽ പ്രത്യക്ഷമാകും. അൽ മർജാൻ ദ്വീപിലെ കടലിന് മുകളിലാണ് കരിമരുന്ന് പ്രയോഗം. അൽ ഹംറ വില്ലേജില്‍ നിന്നും ആസ്വദിക്കാം.
അജ്മാൻ
അജ്മാനിലെ രണ്ട് കേന്ദ്രങ്ങളിൽ അഞ്ച് മിനിറ്റ് നീണ്ടുനിൽക്കുന്ന കരിമരുന്ന് പ്രയോഗം ഇൗ മാസം 31ന് അർധരാത്രി നടക്കും. അജ്മാൻ കോർണിഷില്‍ അജ്മാൻസറായിക്ക് മുൻവശത്തും അൽ സൊറാഹിലെ ഒബ് റോയി ബീച് റിസോർട്ടിലും. എല്ലായിടത്തും പ്രവേശനം സൗജന്യമാണ്. എന്നാൽ, കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.