ADVERTISEMENT

കേരളത്തിൽ ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിലെ അതിപുരാതനമായ ഒരു മഹാക്ഷേത്രമാണ് ഒളമറ്റം ഉറവപ്പാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. തൊടുപുഴ പട്ടണത്തിൻ്റെ തെക്കു 3 കിലോമീറ്റർ മാറി സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2500 അടി ഉയരത്തിലാണ് ഈ മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദ്വാപര യുഗത്തിൽ യുധിഷ്ഠിരൻ ശിവാരാധന നടത്തിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠ സ്വയംഭൂ സങ്കല്പത്തിലുള്ള ബാലസുബ്രഹ്മണ്യ ചൈതന്യമാണെന്നു വിശ്വസിക്കപ്പെടുന്നു.

ഇപ്പോഴുള്ള പ്രതിഷ്ഠബിംബത്തിന്‍റെ പഴക്കം ഏകദേശം 4000 വർഷം വരും.
പഞ്ചപാണ്ഡവന്മാരുടെ വനവാസകാലത്തു ഉറവപ്പാറ ദേവന്‍റെ സന്നിധിയിൽ ഇവർ എത്തിച്ചേർന്നിരുന്നെന്നും പർണ്ണശാല കെട്ടി താമസിച്ചതിന്‍റെ തിരുശേഷിപ്പുകൾ എന്ന് ഭക്തർ വിശ്വസിച്ചുവരുന്ന പഞ്ചപാണ്ഡവന്മാരുടെ “അടുപ്പ് ” എന്ന സങ്കല്പവും ” ഭീമ പാദതീർത്ഥക്കുള”വും ഇന്നും ഉറവപ്പാറ മല ചവിട്ടുന്ന ഭക്തരെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ആകുന്നു.

കാലങ്ങളേറെ കഴിഞ്ഞിട്ടും ഇന്നും ഉറവപ്പാറ ദേവനെ ഉപാസനാമൂർത്തിയായി കരുതുന്ന കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന ആദിവാസി ഗോത്ര സമൂഹത്തിൽപെട്ട ഭക്തർ ക്ഷേത്രോത്സവകാലത്തു അവരുടെ ഉപജീവനത്തിന് ഹേതുവാകുന്ന വസ്തുക്കൾ ഉറവപ്പാറ ദേവന് കാണിക്കയായി അർപ്പിച്ചു മലകയറി തിരിച്ചു പോകുന്ന സമ്പ്രദായം ഇന്നും മുടങ്ങാതെ തുടരുന്നു.

ഈ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മകര മാസത്തിലെ പൂയം നാളും, വെളുത്ത വാവും, ഉത്സവവും, ഒന്നിച്ച്‌ വരുന്ന അപൂര്‍വ ദിവസങ്ങളില്‍ രാവിലെ പ്രഭാത അഭിഷേക സമയത്ത് തിരുമലയുടെ അടിവാരത്തില്‍ ഒരു പ്രത്യേക സ്ഥാനത്ത് ഏതാനും നിമിഷ നേരത്തേക്ക് ഉറവ തീര്‍ത്ഥം പ്രത്യക്ഷപ്പെടുന്നു. വളരെയേറെ ഔഷധഗുണമുള്ള ഈ തീര്‍ത്ഥം വരുന്നതുമായി ബന്ധപ്പെട്ടാണ് ദേവസ്ഥാനത്തിന്‌ ഉറവപ്പാറ എന്ന് പേര് വന്നത്.

അഗസ്ത്യ മുനിയുടെ ശിഷ്യരിൽ പ്രമുഖനായിരുന്ന ഭോഗർ എന്ന മുനിവര്യനായാണ് പഴനിയിൽ പ്രതിഷ്ഠ നടത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു.
ഈ ഭോഗർ പരമ്പരയിൽപെട്ട ഒരാൾ പഴനിക്കടുത്തുള്ള ഒരു ഗുഹദ്വാരം തുറന്ന് അകത്തു പോയിയെന്നും ഗുഹയ്ക്കുള്ളിലുള്ള ഭോഗർ മഹർഷിയുടെ ആത്മാവിനോട് സംവദിച്ചു നിഗൂഡവുമായ ഒരു പ്രാണായാമക്രമം മനസ്സിലാക്കി,, സിദ്ധസമ്പ്രദായം കേരളത്തിൽ പരിചയപ്പെടുത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു.

ഒരേ സമയം ദേവന്മാരാലും സിദ്ധാത്മാക്കളാലും ബ്രാഹ്മണരാലും പൂജാദികാര്യങ്ങൾ നടത്തപെടുന്ന ലോകത്തിലെ അപൂർവക്ഷേത്രങ്ങളിൽ ഒന്നാണ് കേരള പഴനി ഉറവപ്പാറ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം.

മകര മാസത്തിലെ പുണർതം നാളിലാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം. കലശം, കാവടി ഘോഷയാത്ര ,വിശേഷാൽ പൂജകൾ, അഭിഷേകങ്ങൾ എന്നിവ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന ഉറവപ്പാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്‍റെ ഐതിഹ്യങ്ങളിൽ തമിഴ് ദേശവുമായി ബന്ധപ്പെട്ട് അഭേദ്യബന്ധങ്ങൾ വളരെയേറെ തെളിഞ്ഞു കിടക്കുന്നു. സർവ്വരോഗ ദുരിതനിവാരണത്തിനായി ഉറവപ്പാറ മല ചവിട്ടുന്ന ഓരോ ഭക്തനും സ്വന്തം ഭവനത്തിൽ നിന്നും ഒരു പിടി ഉപ്പും ഒരു പിടി കുരുമുളകും ദേവന് സമർപ്പിക്കാൻ കയ്യിൽ കരുതുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here