ADVERTISEMENT

ഗുരുവായൂർ: വിജീഷ്‌ മണി സംവിധാനം നിർവഹിച്ച് മലയാളത്തിൻ്റെ അഭിമാനമായ ജയറാമിൻ്റെ അതുല്യമായ അഭിനയ മികവുകൊണ്ട് ശ്രദ്ധേയമായ നമോ: എന്ന സംസ്കൃത സിനിമ ഈ വർഷത്തെ ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

കഴിഞ്ഞ വർഷം നേതാജി എന്ന സിനിമയിലൂടെ ഇന്ത്യൻ പനോരമയിൽ ഇടം നേടിയ സംവിധായകൻ വിജിഷ് മണിയുടെ സംസ്കൃത ചിത്രമാണ് നമോ:. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രഗൽഭരായ കലാകാരന്മാരാണ് ഈ ചലച്ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചത്. നമോ: യുടെ ഛായാഗ്രഹണം നിർവ്വഹിച്ചത് ലോകനാഥനാണ്. എഡിറ്റിങ്ങ് നിരവധി ദേശിയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ബി. ലെനിനാണ്. വിഖ്യാത സംഗീതജ്ഞൻ പദ്മശ്രീ അനൂപ് ജലോട്ടയാണ് നമോ യ്ക്ക് സംഗീതം ഒരുക്കിയത്. തിരക്കഥ യു പ്രസന്നകുമാറും ഡോ എസ് എൻ മഹേഷ് ബാബുവും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിലുള്ള അതുല്യ നടീനടന്മാരാണ് ഈ സിനിമയിൽ വേഷമിട്ടത്.

കൃഷ്ണകുചേല കഥയുടെ പശ്ചാത്തലത്തിൽ മാതൃകാ ഭരണാധികാരിയും ലോകത്തിന് മാതൃകയാവുന്ന പ്രജയും എങ്ങനെയായിരിക്കണം എന്ന എക്കാലത്തും പ്രസക്തമായ വിഷയമാണ് നമോ: ചർച്ച ചെയ്യുന്നത്.

സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജയറാമിൻ്റെ പ്രകടനം ഇതിനോടകം തന്നെ ചലച്ചിത്ര രംഗത്തെ പലരേയും അത്ഭുതപ്പെടുത്തുകയുണ്ടായി. സിനിമയുടെ ടീസർ പ്രകാശനം ചെയ്തുകൊണ്ടു് തെലുങ്കു സൂപ്പർ സ്റ്റാർ ചിരഞ്ജീവി പറഞ്ഞത്, അവിശ്വസനീയമായ പ്രകടനമാണ് ജയറാം കാഴ്ചവെച്ചത് എന്നാണ്. അസാധാരണവും അനായാസവുമായ അഭിനയത്തിലൂടെ കഥാപാത്രത്തിലേക്കുള്ള പരകായപ്രവേശത്തെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു. ജയറാമിൻ്റ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാണ് നമോ: യിലെ സുധാമ എന്ന കഥാപാത്രം. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന അഭിനയ ജീവിതത്തിൽ അത്യപൂർവ്വമായി മാത്രം ലഭിക്കുന്ന ഇത്തരമൊരു കഥാപാത്രത്തെ ഒരു നടൻ സ്വയം മറന്ന് ആവിഷ്കരിക്കുമ്പോൾ പ്രേക്ഷകരും സുധാമയെന്ന കുചേല ബ്രാഹ്മണനോടൊപ്പം സഞ്ചരിക്കുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ കൃത്യമായി തയ്യാറെടുത്ത ജയറാം തൻ്റെ ഭാരം ഇരുപത് കിലോയിലധികം കുറയ്ക്കുകയും തലമുണ്ഡനം ചെയ്യുകയും ചെയ്തു. സിനിമയുടെ പോസ്റ്റർ പ്രകാശനം ചെയ്ത മോഹൻലാലും ജയറാമിൻ്റെ അഭിനയത്തെ പ്രത്യേകം പ്രശംസിക്കുകയുണ്ടായി. എല്ലാ അർത്ഥത്തിലും ഭാരതീയ സംസ്കൃതിയുടെ മഹത്വം വിളംബരം ചെയ്യുന്ന ക്ലാസിക് സിനിമയാണ് വിജീഷ് മണിയുടെ നമോ:.

COMMENT ON NEWS

Please enter your comment!
Please enter your name here