ഗുരുവായൂർ: നഗരസഭയിൽ തുടർച്ചയായി അഞ്ചു തിരഞ്ഞെടുപ്പുകളിലും പരാജയം. കോൺഗ്രസ് നേതൃത്വം പാളിച്ചകൾ വിലയിരുത്തിത്തുടങ്ങി. തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ പരാജയകാരണങ്ങൾ ചർച്ച ചെയ്തു.

ADVERTISEMENT

കഴിഞ്ഞ വർഷം 43-ൽ 20 സീറ്റുകൾ ലഭിച്ച യു.ഡി.എഫിന് നേരിയ വ്യത്യാസത്തിനായിരുന്നു ഭരണം നഷ്ടമായത്. 21 സീറ്റുകൾ നേടിയിരുന്ന എൽ.ഡി.എഫ്‌. സ്വതന്ത്രയുടെ സഹായത്തോടെ ഭരണത്തിലേറി. എന്നാൽ 12 സീറ്റുകൾ മാത്രം ലഭിച്ച് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവന്ന സ്ഥിതിയാണ് ഇക്കുറി യു.ഡി.എഫിനുണ്ടായത്. തുടക്കത്തിൽ സ്ഥാനാർഥി നിർണയം സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാതെ ആഴ്ചകളോളം കിടന്നതും പരിതാപകരമായ അവസ്ഥയിലെത്തിച്ചു. ടി.എൻ. പ്രതാപൻ എം.പി.യും ജില്ലാ നേതാക്കളും കൂടുതൽ ശ്രദ്ധ പതിപ്പിച്ചായിരുന്നു കാര്യങ്ങൾക്ക് അയവുണ്ടാക്കിയത്. പിന്നീട് ഒറ്റക്കെട്ടായി നിന്നെങ്കിലും ഫലമുണ്ടായില്ല.

ഗുരുവായൂർ, തൈക്കാട്, പൂക്കോട് മണ്ഡലം പ്രസിഡന്റുമാരുടെ വാർഡുകൾ പോലും പാർട്ടിക്ക്‌ നഷ്ടപ്പെട്ടു. പൂക്കോട് മണ്ഡലം പ്രസിഡന്റിന്റെ ഭാര്യ മത്സരിച്ച വാർഡും എൽ.ഡി.എഫ്. കൊണ്ടുപോയി. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായ വീട്ടിക്കിഴി നിഖിലിന്റെ പരാജയവും തിരിച്ചടിയായി. കോൺഗ്രസിന്റെ തൈക്കാട് മേധാവിത്വവും തകർന്നു. കാലങ്ങളായി സ്വന്തമാക്കിവെച്ച വാർഡുകൾ പോയതും മുതിർന്ന നേതാവായ ലതാ പ്രേമന്റെ തോൽവിയും ഗൗരവമായ ചർച്ചയ്ക്കിടയാക്കി. നഗരസഭാ തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ച മുതിർന്ന നേതാവിന്റെ മണ്ഡലമാണ് തൈക്കാട്.

കോൺഗ്രസിൽ നിന്ന് കൂറുമാറിപ്പോയ നഗരസഭയുടെ പ്രഥമ ചെയർപേഴ്സൺ കൂടിയായ പി.കെ. ശാന്തകുമാരി മത്സരിച്ച വാർഡിൽ കോൺഗ്രസ് ഇക്കുറി മികച്ച സ്ഥാനാർഥിയെ പരീക്ഷിച്ചു. അവസാന സമയം വരെ വിജയമുറപ്പിച്ചെങ്കിലും ശാന്തകുമാരിക്ക്‌ ചില അടിയൊഴുക്കു വോട്ടുകൾ ലഭിച്ചതാണ് കോൺഗ്രസിന്റെ പരാജയത്തിനു കാരണമെന്നാണ് നേതൃയോഗം വിലയിരുത്തിയത്. ശാന്തകുമാരി സ്വതന്ത്രയായി മത്സരിക്കുന്നതുകൊണ്ട് ഗുരുവായൂരിന്റെ പൊതുശ്രദ്ധയാകർഷിച്ച വാർഡായിരുന്നു അത്.

COMMENT ON NEWS

Please enter your comment!
Please enter your name here