
ഗുരുവായൂര്‍: ഗുരുവായൂരില്‍ കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും വര്‍ധിക്കുന്നു. ക്ഷേത്രം മേല്‍ശാന്തി മൂർത്തിയേടത്ത് കൃഷ്ണൻ നമ്പൂതിരി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മേൽശാന്തി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. ഏഴ്ദിവസം മേൽശാന്തി നാലമ്പലത്തിൽ പ്രവേശിക്കില്ല. ക്ഷേത്രത്തിലെ ആറ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഞായറാഴ്ച മുതൽ ഭക്തർക്ക് നാലമ്പലത്തിലേക്കുള്ള പ്രവേശനം നിർത്തിവെച്ചിരുന്നു.
ഓതിക്കന്മാര്ക്കാണ് ശ്രീകോവിലിലെ ചുമതല. കഴിഞ്ഞ ദിവസം മേല്‍ശാന്തിയുടെ സഹായിക്ക് രോഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മേല്‍ശാന്തി നിരീക്ഷണത്തിലായത്. മാനേജര്‍, സൂപ്രണ്ട്, വഴിപാട് കൗണ്ടറിലെ ജീവനക്കാര്‍ തുടങ്ങി 10 ഓളം പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗബാധയുണ്ടായിരുന്നു.
ഡിസംബര്‍ ഒന്നുമുതലാണ് നാലമ്പലത്തിലേക്ക് നാലായിരം ഭക്തര്‍ക്ക് വരെ പ്രവേശിക്കാന്‍ അനുമതി യായത്. ഇതിനു പിന്നാലെ രോഗം വര്‍ധിച്ചതിനെ തുടര്‍ന്ന് നാലമ്പല പ്രവേശനം കഴിഞ്ഞ ദിവസം നിര്ത്തലാക്കുകയുമുണ്ടായി. നിലവില്‍ 2000 പേര്‍ക്ക് ചുറ്റമ്പലത്തില്‍ മാത്രം ദര്‍ശനം നടത്താനാണ് അനുമതി.
നഗരസഭാ പരിധിയില്‍ ആറു പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. അര്‍ബന്‍ സോണില്‍ നാല് പേര്‍ക്കും തൈക്കാട് സോണില്‍ രണ്ട് പേര്‍ക്കും രോഗബാധയുണ്ടായി.