പുതിയ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ മൂന്നാമത്തെ ചര്‍ച്ചയും പരാജയം. പുതിയ കാര്‍ഷിക നിയമങ്ങളുടെ കാര്യത്തില്‍ ഭേദഗതി ആവശ്യമില്ലെന്നും നിയമങ്ങള്‍ പിന്‍വലിക്കണമെന്നുമാണ് കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചത്. എന്നാല്‍ നിമയങ്ങളില്‍ ഭേദഗതി ആകാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പ്രാദേശിക ചന്തകള്‍ക്കും സ്വകാര്യ ചന്തകള്‍ക്കും തുല്യ പരിഗണന, കര്‍ഷകരും വ്യാപാരികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിനു പകരം സിവില്‍ കോടതി പരിഗണിക്കും എന്നിങ്ങനെ ഭേദഗതികളാണ് സര്‍ക്കാര്‍ മുന്നോട്ടു വച്ചത്. എന്നാല്‍ നിയമം പിന്‍വലിക്കാതെ ചര്‍ച്ചകള്‍കൊണ്ട് കാര്യമില്ലെന്ന നിലപാടിലായിരുന്നു കര്‍ഷകര്‍. നിയമങ്ങള്‍ ആദ്യം പിന്‍വലിക്കുക. പിന്നീട് ആവശ്യമെങ്കില്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തി പുതിയ നിയമങ്ങള്‍ സര്‍ക്കാരിനു പാര്‍ലമെന്റില്‍ പാസാക്കാമെന്നും കര്‍ഷകര്‍ നിലപാടെടുത്തു. ഇതുവരെ നടത്തിയ ചര്‍ച്ചകളില്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ തീരുമാനം എടുത്തില്ലെങ്കില്‍ സര്‍ക്കാരിന്റെ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഡിസംബര്‍ ഒമ്പതിന് വീണ്ടും ചര്‍ച്ച നടത്താമെന്ന സര്‍ക്കാര്‍ നിലപാട്. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, റെയില്‍വേ, വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരും കര്‍ഷകരെ പ്രതിനിധീകരിച്ച് 40 സംഘടനാ നേതാക്കളുമാണ് പങ്കെടുത്തത്.

ADVERTISEMENT

പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ കൃത്യമായ നിലപാട് അറിയിക്കണമെന്നായിരുന്നു കര്‍ഷകരുടെ ആവശ്യം. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉള്‍പ്പെടെ മന്ത്രിമാര്‍ അറിയിച്ചെങ്കിലും കര്‍ഷകര്‍ക്ക് അത് സ്വീകാര്യമായില്ല. സര്‍ക്കാര്‍ കോര്‍പ്പറേറ്റ് ശക്തികളുടെ പിടിയിലാണെന്നായിരുന്നു കര്‍ഷക സംഘടനകളുടെ ആരോപണം. നിയമം പിന്‍വലിക്കാതെ യോഗവും ചര്‍ച്ചയുമായി മുന്നോട്ടുപോകുന്നതില്‍ അര്‍ത്ഥമില്ലെന്നും നേതാക്കള്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ നിലപാട് പിന്നീട് അറിയിക്കാമെന്ന് മന്ത്രിമാര്‍ വ്യക്തമാക്കിയതോടെ ചര്‍ച്ച അല്‍പസമയത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. ഇതുവരെ സര്‍ക്കാര്‍ അംഗീകരിച്ച കാര്യങ്ങള്‍ രേഖാമൂലം എഴുതിനല്‍കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ യോഗത്തിന്റെ തീരുമാനങ്ങള്‍ രേഖാമൂലം സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കി.

രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നരേന്ദ്ര സിംഗ് തോമര്‍, റെയില്‍വേ-വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. പ്രശ്‌ന പരിഹാരത്തിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് അടിയന്തിര യോഗം വിളിച്ചത്. കര്‍ഷക പ്രക്ഷോഭം രാജ്യവ്യാപകമായി തുടരുന്നതില്‍ പ്രധാനമന്ത്രി അതൃപ്തി പ്രകടിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ മൂന്നു തവണയാണ് ചര്‍ച്ച നടത്തിയത്. നിയമങ്ങള്‍ പിന്‍വലിക്കണമെന്നും പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് യോഗം വിളിക്കണമെന്ന ആവശ്യമാണ് കര്‍ഷകര്‍ ചര്‍ച്ചകളില്‍ മുന്നോട്ടുവെച്ചത്. അതേസമയം, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അഞ്ചംഗ സമിതിയെ നിയമിക്കാമെന്നും വിളകള്‍ക്ക് താങ്ങുവില ഉള്‍പ്പെടെ നല്‍കുന്ന കാര്യത്തില്‍ ഉത്തരവ് കൊണ്ടുവരാമെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. രണ്ടാമത് ചര്‍ച്ചയില്‍ നിയമ ഭേദഗതി ആകാമെന്നും അറിയിച്ചു. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചുനിന്നു.

പത്താം ദിനത്തിലേക്കു കടന്ന പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തിപ്പെടുത്താനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ചൊവാഴ്ച ഭാരത ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിക്കാനും ഡല്‍ഹിയിലെ സമരവേദിയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഹരിയാന, പഞ്ചാബ്, യുപി, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നായി കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളിലെത്തിയിട്ടുണ്ട്. ആറുമാസം വരെ താമസിക്കാനുള്ള തയ്യാറെടുപ്പുകളാണ് കര്‍ഷകര്‍ നടത്തിയിരിക്കുന്നത്.

COMMENT ON NEWS

Please enter your comment!
Please enter your name here