ഗുരുവായൂർ: ക്ഷേത്രം നാലമ്പലത്തിൽ വെർച്വൽ ക്യൂ വഴി ആദ്യദിവസം ദർശനം നടത്തിയത് 1,700 പേർ. ഇതിനു പുറമേ,നെയ്‌വിളക്ക് ശീട്ടാക്കിയവരും തദ്ദേശവാസികളും ദേവസ്വം ജീവനക്കാരുമായി 300 ഓളം പേരും തൊഴുതു. നാലമ്പലത്തിലേക്ക് 4,000 പേർക്ക് പ്രവേശനം അനുവദിച്ചതിന്റെ ആദ്യദിനമായ ചൊവ്വാഴ്ച ഭക്തരുടെ എണ്ണം പകുതിപോലുമുണ്ടായില്ല. ബുധനാഴ്ചത്തേയ്ക്കും 1750 പേരാണ് ഓൺലൈനിൽ ബുക്ക് ചെയ്തിട്ടുള്ളത്.

ADVERTISEMENT

ചൊവ്വാഴ്ച രാവിലെ നാലരയ്ക്കുശേഷമാണ് നാലമ്പലത്തിലേയ്ക്ക് ഭക്തരെ കടത്തിവിട്ടത്. കിഴക്കേ ഗോപുരവാതിൽ കടന്ന് അയ്യപ്പക്ഷേത്രത്തിനു മുന്നിലൂടെ വാതിൽമാടം വരിയിലൂടെയായിരുന്നു നാലമ്പലത്തിലേക്കുള്ള പ്രവേശനമൊരുക്കിയത്.

പുഷ്പാഞ്ജലി പ്രസാദം വാങ്ങുന്നതിന് കൗണ്ടറിനു മുന്നിൽ കയറുകെട്ടി ഭക്തരെ അകലംപാലിച്ചു നിർത്തി. നാലമ്പലത്തിനകത്ത് സോപാനത്തിനു മുന്നിൽ തൊഴാൻ അനുവദിച്ചില്ല. നമസ്കാരമണ്ഡപത്തിൽനിന്ന് വരി ഇടത്തോട്ടു തിരിച്ചുവിടുകയാണ് ചെയ്തത്.

ഗണപതിയെ തൊഴുതും പ്രസാദം വാങ്ങിയും വടക്കേ വാതിലിലൂടെ പുറത്തുകടന്നശേഷം ചുറ്റമ്പലം വലംവെച്ച് ഭഗവതി ക്ഷേത്രകവാടം വഴി ഭക്തർ പുറത്തു കടന്നു. പടിഞ്ഞാറേ ഗോപുരവാതിലൂടെ പുറത്തുകടക്കാൻ ആരെയും അനുവദിച്ചില്ല. പ്രസാദ കൗണ്ടർ പടിഞ്ഞാറേ നടയിലായതിനാൽ ക്ഷേത്രദർശനം കഴിഞ്ഞ് ഭക്തർക്ക് അങ്ങോട്ടെത്താൻ ചുറ്റിവളയേണ്ടി വന്നു

കുട്ടികളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങിയാലേ തുലാഭാരത്തിന്റെയും എണ്ണത്തിൽ വർധനയുണ്ടാകൂ. തീവണ്ടിയും മറ്റ് വാഹനസൗകര്യങ്ങളും ഉണരാത്തതിനാൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ഭക്തർ എത്തിത്തുടങ്ങിയിട്ടില്ല. അതുമൂലം ഗുരുവായൂരിലെ ലോഡ്ജുകളിലും ഹോട്ടലുകളിലും തിരക്ക് കുറവാണ്. ക്ഷേത്രത്തിനു പുറത്ത് ദീപസ്തംഭത്തിനു മുന്നിൽ തൊഴാൻ പതിവുപോലെ ചൊവ്വാഴ്ചയും തിരക്കുണ്ടായി. രാവിലെയും വൈകീട്ടും വരി നടപ്പന്തലിന്റെ അറ്റംവരെ നീണ്ടു.

COMMENT ON NEWS

Please enter your comment!
Please enter your name here