ഗുരുവായൂർ : ക്ഷേത്രത്തിലെ അപൂർവമായ അഗ്നിബാധയ്ക്കു 50 വർഷം തികയുന്നു. ഭക്തജനങ്ങളെ ആശങ്കപ്പെടുത്തിയെങ്കിലും പിന്നീടുള്ള അഭിവൃദ്ധി അതിനെ മായ്ച്ചു കളഞ്ഞു. അഗ്നിബാധ ക്ഷേത്ര ചരിത്രത്തിൽ ഇടം നേടുകയും ചെയ്തു.   സാമൂതിരിയുടെയും മല്ലിശേരിയുടെയും ഉടമസ്ഥതയിലായിരുന്ന ക്ഷേത്രം സർക്കാർ ഏറ്റെടുക്കുകയും ചെയ്തു.1970 നവംബർ 29ന് പൊലീസ് ഏകാദശി വിളക്കു കഴിഞ്ഞ് നടയടച്ച ശേഷം പുലർച്ചെ ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. തീയും പുകയും കണ്ടവർ മതിൽ ചാടിക്കടന്ന് ഗോപുര വാതിലുകൾ തുറന്നു. എന്നാൽചുറ്റമ്പലത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തു നിന്നു തീ കിഴക്കും പടിഞ്ഞാറും ഭാഗത്തേക്ക് അതിവേഗം പടർന്നു. വിളക്കുമാടം കത്തിയമർന്നു.

ADVERTISEMENT

ക്ഷേത്രത്തിൽ കൂട്ടമണിയടിച്ചു. വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അഗ്നി ശ്രീകോവിലിനെ ബാധിക്കുമെന്ന് ആശങ്കയായി. തന്ത്രിയുടെ അനുവാദത്തോടെ യുവാക്കൾ തീയും പുകയും കടന്ന് ശ്രീലകവാതിൽ തുറന്ന് ഗുരുവായൂരപ്പന്റെ വിഗ്രഹവുമായി പുറത്തു വന്നു. തുടർന്നു കൂത്തമ്പലത്തിൽ വിഗ്രഹം സൂക്ഷിച്ചു. ഗണപതി, അയ്യപ്പൻ എന്നീ ഉപദേവ വിഗ്രഹങ്ങളും പുറത്തെത്തിച്ചു. തീ കെടാതെ വന്നതിനാൽ വിഗ്രഹങ്ങൾ തന്ത്രി മഠത്തിലേക്കു മാറ്റി.തൃശൂർ, പൊന്നാനി, കോഴിക്കോട് നഗരങ്ങളിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി രാവിലെ ആറരയോടെ തീ അണച്ചു. ചെമ്പു മേഞ്ഞ ചുറ്റമ്പലത്തിന്റെ കിഴക്കുഭാഗം ഒഴികെ കത്തി നശിച്ചിരുന്നു. 

ശ്രീകോവിലിനെ അഗ്നി ബാധിച്ചില്ല. നവംബർ 30ന് രാവിലെ പത്തരയോടെ ഗുരുവായൂരപ്പന്റെ വിഗ്രഹവും ഉപദേവ വിഗ്രഹങ്ങളും പുനഃപ്രതിഷ്ഠ നടത്തി പൂജ തുടങ്ങി.പിന്നീട് ഡിസംബർ 5ന് കെ.കേളപ്പൻ ചെയർമാനായി പുനരുദ്ധാരണ സമിതി രൂപീകരിച്ചതോടെ സംഭാവനകളുടെ പ്രവാഹമായി. 1971 മാർച്ച് 10ന് ക്ഷേത്രം സർക്കാർ ഏറ്റെടുത്തു. സാമൂതിരി ചെയർമാനും മല്ലിശേരി വൈസ് ചെയർമാനുമായി 17 അംഗ ഭരണസമിതിയെ നിയമിച്ചു.മേയ് 1ന് കാഞ്ചി ശങ്കരാചാര്യർ സ്വാമി  ജയേന്ദ്ര സരസ്വതി പുനർനിർമാണത്തിന് ശിലയിട്ടു. 1973 ഏപ്രിൽ 14ന് വിഷുദിനത്തിൽ ചുറ്റമ്പലവും വിളക്കുമാടവും സമർപ്പിച്ചു. 1975–ൽ പുനർ നിർമാണം പൂർത്തിയായി. 1977–ൽ സർക്കാർ ദേവസ്വം ആക്ട് വീണ്ടും പരിഷ്കരിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here