തൃശൂർ: നിശ്ചയിച്ച സ്ഥാനാർഥികളെ വിജയിപ്പിക്കുക എന്ന അജണ്ട മാത്രമേ ഇപ്പോൾ കോൺഗ്രസ് പ്രവർത്തകർക്ക് മുമ്പിലുള്ളൂവെന്നും എവിടെയെങ്കിലും തെറ്റായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവർ തീർച്ചയായും മറുപടി പറയേണ്ടിവരുമെന്നും ഉമ്മൻ ചാണ്ടി. പ്രസ്ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർഥി നിർണയത്തിലെ അപാകത ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പരിശോധിക്കും. തെറ്റുചെയ്തവർ സമാധാനം പറയേണ്ടിവരും.
കെ. മുരളീധരന് കോണ്‍ഗ്രസിലെ സമുന്നത നേതാവാണ്. അദ്ദേഹത്തിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും, അദ്ദേഹം പറഞ്ഞു. പത്രമാരണ നിയമം പിന്‍വലിച്ചെങ്കിലും ഇത്തരം നിയമ നിര്‍മാണം നടത്തിയത് കേരളത്തിൻെറ പാരമ്പര്യത്തിന് കളങ്കമായി. ഇങ്ങനെ നിയമത്തെക്കുറിച്ച് ചിന്തിക്കുന്നതുപോലും തെറ്റാണ്. എങ്കിലും പിന്‍വലിച്ചത് അഭികാമ്യമായി. ബാര്‍ കോഴ ആരോപണം പലതവണ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനായിട്ടില്ല. ചെയ്യാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണം നടത്തിയിട്ടില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ കേസില്ല, ആരോപണവുമില്ലെന്നാണ് അര്‍ഥമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പ്രസ് ക്ലബ് വൈസ് പ്രസിഡൻറ് മുകേഷ്ലാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി. വിനീത സ്വാഗതവും ജോയൻറ് സെക്രട്ടറി രഞ്ജിത് ബാലന് നന്ദിയും പറഞ്ഞു.