ഗുരുവായൂർ: കോവിഡ് പശ്ചാത്തലത്തിൽ ഭക്തർക്ക് പ്രവേശനം നിഷേധിച്ച ഗുരുവായൂർ ക്ഷേത്ര നാലമ്പലത്തിനകത്ത് കടന്ന് മന്ത്രി ഭാര്യയും ബന്ധുക്കളും ദർശനം നടത്തിയതിൽ ഭക്തർക്കിടയിൽ പ്രതിഷേധം. ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ ഭാര്യ സുലേഖ സുരേന്ദ്രൻ, മരുമകൾ, ദേവസ്വം കമ്മീഷണർ പി വേണുഗോപാൽ, ഭാര്യ മീന, എന്നിവരാണ് ദ്വാദശി ദിവസം പുലർച്ചെ നാലമ്പലത്തിനകത്ത് പ്രവേശിച്ച് ദർശനം നടത്തിയതത്രെ. പുലർച്ചെ മൂന്നു മണിക്ക് ശേഷം വടക്കേ നടയിലൂടെ നാലമ്പലത്തിനകത്തേക്ക് പ്രവേശിച്ച സംഘം ഒരു മണിക്കൂറോളം സോപാന പടിയുടെ മുന്നിൽ നിന്ന് ദർശനം നടത്തി മലർ നിവേദ്യം കഴിഞ്ഞ ശേഷം പുറത്തിറങ്ങി കൂത്തമ്പലത്തിൽ ദ്വാദശി പണം സമർപ്പിച്ചാണ് മടങ്ങിയത് എന്നാണ് അറിയാൻ കഴിയുന്നത്.

ADVERTISEMENT

ദേവസ്വം ചെയര്മാൻ ഭരണസമിതി അംഗങ്ങളായ കെ വി ഷാജി, കെ അജിത്, ക്ഷേത്രത്തിലെ ഉന്നത ഉദ്യോഗസഥർ എന്നിവരും സംഘത്തെ അനുഗമിച്ചു. 24 ന് രാത്രിയാണ് സുലേഖ സുരേന്ദ്രൻ ഗുരുവായൂരിൽ എത്തിയത് താമസത്തിനായി ശ്രീവത്സത്തിലെ ഒന്നാം നമ്പർ സ്യൂട്ട് തുറന്നു കൊടുത്തു, മുറിക്ക് വൃത്തി പോരെന്ന് പരാതി പറഞ്ഞപ്പോൾ ഭരണ സമിതി അംഗങ്ങൾ ഓടിയെത്തി ജീവനക്കാരെ വഴക്ക് പറഞ്ഞ് രണ്ടാം നമ്പർ സ്യൂട്ടിലേക്ക് മാറ്റി കൊടുത്തു. മാസങ്ങളായി അടച്ചിട്ട സ്യൂട്ട് റൂം ഇവർക്കായാണ് തുറന്നത്. അടച്ചിട്ടതിനെ തുടർന്നുള്ള ഗന്ധം മുറിയിൽ തങ്ങി നിന്നിരുന്നുവത്രെ. ഏകാദശി ദിവസവും ഇവർ നിരവധി തവണ നാലമ്പലത്തിൽ കയറി ദർശനം നടത്തിയിരുന്നുവെന്ന വിവരവും പുറത്ത് വരുന്നുണ്ട് .

ക്ഷേത്രത്തിലെ കഴകക്കാർ, പ്രവർത്തിക്കാർ, കീഴ്ശാന്തിമാർ എന്നിവർക്ക് പോലും പ്രവർത്തി ഇല്ലാത്ത സമയങ്ങളിൽ നാലമ്പലത്തിനകത്തേക്കുള്ള പ്രവേശനം കർശനമായി തടയപ്പെട്ടിരിക്കുമ്പോഴാണ് മന്ത്രി ഭാര്യയും ബന്ധുക്കളും നാലമ്പലത്തിനകത്ത് കയറി തൊഴുതു മടങ്ങുന്നത്. ഏകാദശി ദിവസം ആയിരങ്ങളാണ് ഓൺലൈനിൽ ബുക്ക് ചെയ്ത് ബലിക്കല്ലിന് മുന്നിൽ നിന്ന് ദർശനം നടത്തിയത് അത്രത്തോളം പേർ ദേവസ്വം ഓഫീസിൽ നിന്നുള്ള ശുപാർശയിലും ദർശനം നടത്തിയിട്ടുണ്ടെന്നു പറയുന്നു. ഓൺ ലൈനിൽ ബുക്ക് ചെയ്ത് വരുന്നവരെ ശരീര ഊഷ്മാവ് പരിശോധിച്ചാണ് അകത്തേക്ക് വിട്ടിരുന്നത്, എന്നാൽ ദേവസ്വം ഓഫീസ് വഴി വരുന്നവർക്ക് ഒരു പരിശോധനയും ബാധകമായിരുന്നില്ല എന്ന പരാതിയും നിലനിൽക്കുന്നുണ്ട്.

COMMENT ON NEWS

Please enter your comment!
Please enter your name here