ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ പോലീസുകാരനടക്കം 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പൂക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ 56 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ നാല് പേര്‍ക്കും,വിവിധ ആശുപത്രികളിലായി നടത്തിയ ആര്.ടി.പി.സി.ആര് പരിശോധനയില്‍ ഏഴ്പേര്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൂക്കോട് സോണില്‍ എട്ട് പേര്‍ക്കും അര്‍ബന്‍ സോണില്‍ രണ്ട് പേര്‍ക്കും തൈക്കാട് സോണില്‍ ഒരാള്‍ക്കുമാണ് രോഗബാധയുണ്ടായത്.
ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷനിലെ പാലക്കാട് സ്വദേശിയായ പോലീസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസവും ഒരു പോലീസുകാരന് രോഗം സ്ഥിരീകരിച്ചിരുന്നു. കിഴക്കേനടയിലെ ചാവക്കാട് കാര്‍ഷിക വികസന ഭൂപണയ ബാങ്കിലെ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. ഇയാളുടെ രോഗം ഉറവിടം അറിയാത്തതിനാല്‍ ബാങ്ക് താത്കാലികമായി അടച്ചു.