സീറ്റ് തർക്കം രൂക്ഷം , ഒരുമനയൂരിൽ വഴിപിരിഞ്ഞ് ഇടതുമുന്നണി

ചാവക്കാട്: സീറ്റ് തർക്കം രൂക്ഷംമായതിനെ തുടർന്ന് ഒരുമനയൂരിൽ വഴി പിരിഞ്ഞ് ഇടതുമുന്നണി . പഞ്ചായത്തില്‍ സി.പി.എമ്മും സി.പി.ഐ.യും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു. പഞ്ചായത്തിലെ ആകെയുള്ള 13 വാര്‍ഡുകളിലും സി.പി.എം. സ്ഥാനാര്‍ഥിയെ നിര്‍ത്തിയപ്പോള്‍ നാല് വാര്‍ഡുകളിലാണ് സി.പി.ഐ. സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. സി.പി.ഐ. മത്സരിക്കുന്ന 5,8,11,12 വാര്‍ഡുകളിലാണ് ഘടകകക്ഷികളായ ഇരു പാര്‍ട്ടികളും നേര്‍ക്കുനേര്‍ മത്സരിക്കുന്ന സ്ഥിതിയുള്ളത്.എട്ടാം വാര്‍ഡിനെ ചൊല്ലിയാണ് ഇരു പാര്‍ട്ടികളും കൊമ്പുകോര്‍ത്തത്. എട്ടാം വാർഡ് നൽകണമെന്ന് സി പി ഐ ആവശ്യപ്പെട്ടെങ്കിലും സി പി എം വഴങ്ങിയില്ല .

ഇതേ തുടര്‍ന്ന് എട്ടാം വാര്‍ഡില്‍ സി.പി.എം. സ്ഥാനാര്‍ഥിക്കെതിരേ സി.പി.ഐ. പത്രിക സമര്‍പ്പിച്ചപ്പോള്‍ സി.പി.ഐ. മത്സരിക്കുന്ന മറ്റ് മൂന്ന് വാര്‍ഡുകളില്‍ സി.പി.എമ്മും പത്രിക നല്‍കുകയായിരുന്നു. ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ സി പി ഐ യുടെ നിയോജകമണ്ഡലം സെക്രട്ടറിയായി ഒരുമനയൂർ സ്വദേശിയായ അഡ്വ മുഹമ്മദ് ബഷീർ വന്നതിന് ശേഷം പാർട്ടിക്ക് നല്ല വളർച്ചയാണ് ഇവിടെ ഉണ്ടായിട്ടുള്ളത് . അത് കൊണ്ട് തന്നെ സി.പി.ഐ.ക്ക് സ്വാധീനമുള്ള ഒരുമനയൂര്‍ പഞ്ചായത്തില്‍ സി.പി.എമ്മിന് വഴങ്ങികൊടുക്കേണ്ടെന്നാണ് സി.പി.ഐ.യുടെ തീരുമാനം.

സി.പി.ഐ. കഴിഞ്ഞ തവണ മത്സരിച്ച മൂന്ന് സീറ്റുകള്‍ക്കു പുറമെ ഒരു സീറ്റു കൂടി ആവശ്യപ്പെട്ടാണ് തര്‍ക്കം. സി.പി.എം. ഇതിന് തയ്യാറല്ല. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ വിമത വിഭാഗം രണ്ട് വാര്‍ഡുകളില്‍ മത്സരിച്ചപ്പോള്‍ എല്‍.ഡി.എഫ്. പിന്തുണച്ചിരുന്നു. ഈ രണ്ട് വാര്‍ഡുകളിലും വിമതര്‍ തോല്‍ക്കുകയും പിന്നീട് ഇവര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയും ചെയ്തു.നിലവില്‍ 13 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് ഒമ്പതും സി.പി.എമ്മിന് മൂന്നും ബി.ജെ.പി.ക്ക് ഒരംഗവുമാണുള്ളത്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here