ബിനീഷ് കോടിയേരിയെ എൻ സി ബി അറസ്റ്റ് ചെയ്തു .

ബെംഗളൂരു: ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) അറസ്റ്റുചെയ്തു. ബിനീഷ് കഴിയുന്ന ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ എത്തിയാണ് എന്‍.സി.ബി അധികൃതര്‍ അറസ്റ്റു രേഖപ്പെടുത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് മാസം എന്‍.സി.ബി രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. 

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  (ഇ.ഡി) അന്വേഷിക്കുന്ന കള്ളപ്പണ കേസിന് പുറമെയാണ് മയക്കുമരുന്ന് കേസും ബിനീഷിന് കുരുക്കാവുന്നത്. രണ്ട് മലയാളികളും ഒരു കന്നഡ നടിയും അടക്കം മൂന്നുപേരെ പ്രതികളാക്കിയാണ് ഓഗസ്റ്റില്‍ എന്‍സിബി മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ബിനീഷിന്റെ സുഹൃത്തും മലയാളിയുമായ അനൂപ് മുഹമ്മദായിരുന്നു കേസിലെ രണ്ടാം പ്രതി. അറസ്റ്റിലായതിന് പിന്നാലെ അനൂപ് മുഹമ്മദ് എന്‍സിബിക്ക് നല്‍കിയ മൊഴിയാണ് ബിനീഷിന് കുരുക്കായതെന്നാണ് സൂചന. തനിക്ക് സാമ്പത്തിക സഹായം നല്‍കിയത് ബിനീഷാണെന്ന മൊഴി അനൂപ് മുഹമ്മദ് നല്‍കിയിരുന്നു. ഈ കേസിലാണ് ബിനീഷ് കോടിയേരിയും ഇപ്പോള്‍ പ്രതിസ്ഥാനത്ത് എത്തിയിരിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജയിലില്‍നിന്ന് ബിനീഷിനെ എന്‍സിബി ഓഫീസിലേക്ക് ചോദ്യംചെയ്യുന്നതിനായി കൊണ്ടുപോകും. ബിനീഷ് കൊടിയേരിയും അനൂപ് മുഹമ്മദും ലഹരി മരുന്ന് ഇടപാടുകള്‍ നടത്തുന്നുവെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വിവരം. പ്രതികള്‍ക്ക് പുറത്തുനിന്ന് വന്‍തോതില്‍ സാമ്പത്തിക സഹായം ലഭിക്കുന്നുവെന്നും അത് ഉപയോഗിച്ച് വിദേശത്തുനിന്ന് വന്‍തോതില്‍ മയക്കുമരുന്ന് വാങ്ങി ബെഗളൂരുവിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യുന്നുവെന്നുമാണ് എന്‍സിബിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നത്. മയക്കുമരുന്ന് ഇടപാടുകള്‍ക്ക് പണം നല്‍കിയ വ്യക്തിയെന്ന നിലയിലാണ് നേരത്തെ ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണക്കേസില്‍ പ്രതിയാക്കിയതും പിന്നീട് അറസ്റ്റുചെയ്തതും. തുടര്‍ന്നാണ് ലഹരി മരുന്ന് കേസിലും ബിനീഷ് അറസ്റ്റിലായിട്ടുള്ളത്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here