മുല്ലപ്പള്ളി മുന്നറിയിപ്പ് നല്‍കി ദിവസങ്ങള്‍ കഴിഞ്ഞില്ല ; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ കൊച്ചി കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് രണ്ട് റിബലുകള്‍..

കൊച്ചി: സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ക്കും റിബലുകള്‍ക്കും പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കിയതിനു ദിവസങ്ങള്‍ക്കിപ്പുറം കൊച്ചി കോര്‍പ്പറേഷനിലെ രണ്ട് കോണ്‍ഗ്രസ് സിറ്റിംഗ് കൗണ്‍സിലര്‍മാര്‍ റിബലുകളായി രംഗത്ത്. അതും ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കകം.

സിറ്റിംഗ് കൗണ്‍സിലര്‍മാരായ ഡെലീന പിന്‍ഹീറോ, ഗ്രേസി ജോസഫ് എന്നിവരാണ് ജില്ല നേതൃത്വത്തെ വെല്ലുവിളിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി രംഗത്തു വന്നിരിക്കുന്നത്. രണ്ടു പേരും പ്രചാരണം ആരംഭിക്കുകയും ചെയ്തു. കത്രിക്കടവ് ഡിവിഷനിലെ സിറ്റിംഗ് കൗണ്‍സിലറാണ് ഗ്രേസി ജോസഫ്. വടുതല വെസ്റ്റില്‍ നിന്നാണ് ഡെലീന പിന്‍ഹീറോ കോര്‍പ്പറേഷനില്‍ എത്തിയത്. ഇത്തവണ കലൂര്‍ സൗത്തില്‍ നിന്നാണ് ഗ്രേസി ജോസഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. രജനി കെ എസ് ആണ് ഇവിടുത്തെ കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി. കഴിഞ്ഞതിന്റെ മുമ്പിലത്തെ ടേമില്‍ ഇതേ വാര്‍ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്നു ഗ്രേസി. വോട്ട് തേടിയുള്ള പ്രചാരണം ആരംഭിച്ചതായും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ജനം തള്ളുമെന്നും വിജയം സുനിശ്ചിതമാണെന്നും അവര്‍ അഴിമുഖത്തോട് പറഞ്ഞു. വടുതല വെസ്റ്റില്‍ നിന്നും മാറി പച്ചാളം ഡിവിഷനിലാണ് ഡെലീന പിന്‍ഹീറോ മത്സരിക്കുന്നത്. മിന്ന വിവേരയാണ് പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ത്ഥി. ഡെലീനയും പ്രചാരണം ആരംഭിച്ചു. വെള്ളിയാഴ്ച്ച ആറരയോടെയായിരുന്നു എറണാകുളം ഡിസിസി പ്രസിഡന്റ് ടി.ജെ വിനോദ് എംഎല്‍എ കോണ്‍ഗ്രസ് മത്സരിക്കുന്ന 63 വാര്‍ഡുകളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. മേയര്‍ സൗമിനി ജയിന്‍ മത്സര രംഗത്തില്ലായെന്നതായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വാര്‍ത്തയാക്കിയതെങ്കിലും അതിനെക്കാള്‍ വെല്ലുവിളിയാണ് സിറ്റിംഗ് കൗണ്‍സില്‍മാര്‍ വിമതവേഷത്തില്‍ ഇറങ്ങിയിരിക്കുന്നത്.

ഗ്രൂപ്പ് പോര് തന്നെയാണ് റിബലുകളെ സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ എ, ഐ ഗ്രൂപ്പുകള്‍ക്കിടയിലുള്ള പരമ്പരാഗത പോരിന്റെ ഭാഗമല്ല ഇതെന്നതാണ് പ്രത്യേകത. കെ വി തോമസിനെ ഒതുക്കാന്‍ രണ്ട് ഗ്രൂപ്പുകളും ചേര്‍ന്ന് തീരുമാനിച്ചതിന്റെ തിരിച്ചടിയാണ് തനിക്ക് നേരിടേണ്ടി വന്നതെന്നാണ് ഗ്രേസി ജോസഫ് പരാതിപ്പെടുന്നത്. നേതൃത്വത്തിന് വ്യക്തിപരമായി താത്പര്യമുള്ളവരെയാണ് സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്. ജയസാധ്യതയല്ല കണക്കിലെടുത്തതെന്നും അവര്‍ ആരോപിക്കുന്നു. നിലവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഷന്‍ നടപടി നേരിടുകയാണ് ഗ്രേസി ജോസഫ്. മേയര്‍ സൗമിനി ജയിനെ പിന്തുണച്ചതും സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാകാതിരുന്നതുമാണ് തനിക്കെതിരെയുള്ള സസ്‌പെന്‍ഷന് കാരണം. വിശദീകരണം നല്‍കിയിട്ടുപോലും അംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ലെന്നുമാണ് ഗ്രേസ് ജോസഫ് പറയുന്നത്. “സ്ഥാനാര്‍ത്ഥി ലിസ്റ്റ് പ്രഖ്യാപിക്കുന്ന സമയം വരെ കാത്തിരുന്നു. ഒഴിവാക്കിയെന്നു മനസിലായതോടെ സ്വതന്ത്രയായി മത്സരിക്കാന്‍ തയ്യാറായി. സൗമിനി ജെയിനെ മേയര്‍ സ്ഥാനത്ത് നിന്നും ഇറക്കാന്‍ നടന്ന കളിയില്‍ ഞാന്‍ മേയറെ പിന്തുണച്ചാണ് നിന്നത്. എന്നോട് സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഞാനതിന് തയ്യാറായില്ല. ഇതിന്റെ പേരിലായിരുന്നു സസ്‌പെന്‍ഷന്‍. എന്റെ ഭാഗം വിശദീകരിച്ച് കത്ത് നല്‍കിയതാണ്. അതവര്‍ അംഗീകരിച്ചില്ല. പക്ഷേ, മറ്റാര്‍ക്കെതിരേയും നടപടിയുണ്ടായിട്ടില്ല. എന്നെ മാത്രം സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. തോമസ് മാഷെ ഒതുക്കുന്നതിന്റെ ഭാഗം തന്നെയാണിത്. പാര്‍ട്ടിയുടെ തീരുമാനത്തില്‍ ജനങ്ങള്‍ക്കും പ്രതിഷേധമുണ്ട്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് പരിചയമില്ലാത്ത വ്യക്തിയെയാണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്” ഗ്രേസി ജോസഫ് പറയുന്നു. പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും എന്തെങ്കിലും നടപടിയുണ്ടാകുമോയെന്ന കാര്യത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും സസ്‌പെന്‍ഷനില്‍ ഇരിക്കുന്നയാളെന്ന നിലയില്‍ താനെങ്ങനെ റിബല്‍ ആകുമെന്നും അവര്‍ ചോദിക്കുന്നു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here