കൊവിഡ്-19 : ഗുരുവായൂരിലെ വഴിയോരക്കച്ചവടം പൂർണമായി നിരോധിച്ചു

ഗുരുവായൂർ: നഗരസഭയിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വഴിയോരക്കച്ചവടം പൂർണമായി നിരോധിച്ചു.മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകീട്ട് 7 മണി വരെ മാത്രം പ്രവർത്തിപ്പിക്കാനും തീരുമാനമായി.ജില്ലയിൽ കൊവിഡ് 19 രോഗവ്യാപനം രൂക്ഷമായതിനെത്തുടർന്ന് ജില്ലാ കളക്‌ടർ എസ്.ഷാനവാസ് ഗുരുവായൂർ നഗരസഭയിൽ മിന്നൽ സന്ദർശനം നടത്തി വിളിച്ച് ചേർത്ത അടിയന്തര യോഗത്തിലാണ് തീരുമാനം.ആളുകൾ കൂട്ടം കൂടുന്നതും,അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതും ശ്രദ്ധിക്കുന്നതിനോടൊപ്പം കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന പരിശോധന കർശനമാക്കാനും കളക്‌ടർ നിർദ്ദേശം നൽകി.സെക്ടറൽ മജിസ്ട്രേറ്റ്,നഗരസഭ,പൊലീസ് എന്നിവയുടെ സംയുക്ത പരിശോധനയിൽ കൊവിഡ് പ്രോട്ടോകോൾ ലംഘനത്തിന് ഗുരുവായൂരിലെ ഏഴ് സ്ഥാപനങ്ങൾക്കെതിരെ പിഴ ഈടാക്കി.അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ എവിടേക്ക് പോകുന്നു എന്നുള്ള കുറിപ്പ് കൈയ്യിൽ കരുതണം.പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളും 60 വയസ്സിന് മുകളിലുള്ളവരും യാതൊരു കാരണവശാലും പുറത്തിറങ്ങരുത്.പൊതുജനങ്ങൾ അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം.രോഗലക്ഷണമുള്ളവർ ആരോഗ്യ വിഭാഗമായോ,വാർഡ് കൗൺസിലറുമായോ ബന്ധപ്പെടുക. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും കൊവിഡ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ സ്ഥാപന ഉടമകളും,കച്ചവടക്കാരും, പൊതുജനങ്ങളും പരമാവധി സഹകരിക്കണമെന്നും കളക്‌ടർ എസ്.ഷാനവാസ് അറിയിച്ചു.അടിയന്തര യോഗത്തിൽ നഗരസഭ അധികൃതർ,ജില്ലാ സപ്ലൈ ഓഫീസർ, ടെമ്പിൾ പൊലീസ് സിഐ, ഹെൽത്ത് ഇൻസ്പെക്ടർമാർ, മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here