പഞ്ചരത്‌നങ്ങളില്‍ മൂന്ന്പേർ കണ്ണനുമുന്നില്‍ താലിക്കെട്ടി.

ഗുരുവായൂര്‍: ഒറ്റ പ്രസവത്തില്‍ അഞ്ചു മക്കള്‍ക്ക് ജന്മം നല്‍കിയ തിരുവനന്തപുരം നന്നാട്ടുകാവിലെ രമാദേവിയുടെ മക്കളില്‍ മൂന്ന് പേരുടെ വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നു. ഉത്തര, ഉത്തമ, ഉത്ര എന്നിവരുടെ വിവാഹമാണ് നടന്നത്. ഇന്നലെ രാവിലെ 7.45 നും 8.15 നു ഇടയിലായിരുന്നു മുഹൂര്‍ത്തം. നാലുപേരുടേയും ഏക സഹോദരന്‍ ഉത്രജന്‍ ചടങ്ങുകള്‍ നടത്തി. ഇവരുടെ സഹോദരി ഉത്രജയുടെ വരന്‍ വിദേശത്തായതിനാല്‍ കല്യാണം പിന്നീടാണ് നടക്കുക. 

അഞ്ചു മക്കള്‍ക്കുമൊപ്പം അമ്മ രമാദേവി വെള്ളിയാഴ്ച ഗുരുവായൂരിലെത്തി. സ്വര്‍ണത്തള കാണിക്കയായി നല്‍കി. ”കണ്ണന് എത്ര കൊടുത്താലും മതിയാകില്ല. കാരണം കണ്ണന്‍ തന്ന സമ്മാനങ്ങളാണ് തന്റെ അഞ്ചു പൊന്നോമനകളും. അവരെ പോറ്റിവളര്‍ത്താനുള്ള കരുത്ത് തന്നതും കണ്ണന്‍ തന്നെ…” ക്ഷേത്രസന്നിധിയില്‍ പഞ്ചരത്നങ്ങളെ ചേര്‍ത്തുപിടിച്ച് അമ്മ പറഞ്ഞു.

1995 നവംബർ 19ന് ഒറ്റപ്രസവത്തിൽ നിമിഷങ്ങളുടെ ഇടവേളയിലാണ് തിരുവനന്തപുരം പോത്തൻകോട് സ്വദേശികളായ പ്രേംകുമാർ-രമാദേവി ദമ്പതിമാർക്ക്‌ അഞ്ച് മക്കൾ പിറന്നത്. നാല് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ്. ‘പഞ്ചരത്നങ്ങൾ’ എന്ന പേരിൽ കുട്ടികൾ വാർത്തകളിൽ ഇടം പിടിച്ചു. ഇവരുടെ വീടിനും പഞ്ചരത്നമെന്നാണ് പേര്.

നാല് പെൺമക്കളുടെയും വിവാഹം ഒന്നിച്ച് ഏപ്രിൽ 26ന് നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ലോക്ഡൗണിനെ തുടർന്ന് മാറ്റുകയായിരുന്നു. ഉത്രജയുടെ വരൻ ആകാശിന് കുവൈത്തിൽനിന്ന് നാട്ടിലെത്താൻ കഴിയാത്തതിനാൽ വിവാഹം മാറ്റിവെച്ചിരിക്കുകയാണ്. 

ഫാഷൻ ഡിസൈനറായ ഉത്രയെ മസ്‌കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി അജിത് കുമാറാണ് വിവാഹം ചെയ്യുന്നത്. മാധ്യമരംഗത്തുള്ള ഉത്തരയുടെ വരൻ മാധ്യമപ്രവർത്തകൻ തന്നെയായ കോഴിക്കോട് സ്വദേശി കെ ബി  മഹേഷ് കുമാറാണ്. അനസ്തീഷ്യ ടെക്‌നീഷ്യൻ ഉത്തമയെ മസ്‌കറ്റിൽ അക്കൗണ്ടന്റായ ജി വിനീത് ആണ് മിന്നുകെട്ടുന്നത്. ഉത്രജ കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്തീഷ്യ ടെക്‌നീഷ്യനാണ്. വരൻ പത്തനംതിട്ട സ്വദേശി ആകാശ് കുവൈത്തിൽ അനസ്തീഷ്യ ടെക്‌നീഷ്യൻ തന്നെയാണ്. 

മക്കൾക്ക് പത്ത് വയസ്സുള്ളപ്പോഴാണ് പ്രേംകുമാർ മരിച്ചത്. രമാദേവിക്ക് സർക്കാർ ഇടപെട്ട് സഹകരണ ബാങ്കിെൻറ പോത്തൻകോട് ശാഖ‍യിൽ ബിൽ കലക്ടറായി ജോലി നൽകിയിരുന്നു. അഞ്ചു മക്കൾക്കുമൊപ്പം വെള്ളിയാഴ്ച ഗുരുവായൂരിലെത്തിയ രമാദേവി കണ്ണന് സ്വർണത്തള കാണിക്കയും നൽകി. 

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here