ഗുരുവായൂർ ക്ഷേത്രത്തിൽ ഗ്രന്ഥപൂജയും സുകൃതഹോമവും തുടങ്ങി

ഗുരുവായൂർ: ക്ഷേത്രത്തിൽ ഗ്രന്ഥപൂജ വെള്ളിയാഴ്ച രാത്രി ആരംഭിച്ചു. ഗുരുവായൂരപ്പനു മുന്നിൽ സുകൃതഹോമവും തുടങ്ങി. കൂത്തമ്പലത്തിൽ നടക്കാറുള്ള പൂജവെപ്പ് ഇക്കൊല്ലം കോവിഡ് നിയന്ത്രണമുള്ളതിനാൽ നാലമ്പലത്തിനകത്തുള്ള സരസ്വതിയറയിലാണ്. 25 വർഷങ്ങൾക്കുശേഷമാണ് ഗ്രന്ഥപൂജ സരസ്വതിയറയിലേക്ക് തിരിച്ചെത്തിയത്. ഉപദേവൻ ഗണപതിയുടെ തൊട്ടുമുന്നിലാണ് സരസ്വതിയറ. നാലമ്പലത്തിനകത്തേക്ക് ഭക്തർക്ക് പ്രവേശനമില്ലാത്തതിനാൽ പൂജയ്ക്ക് വെച്ചത് തൊഴാൻ കഴിയില്ല.

വെള്ളിയാഴ്ച സന്ധ്യയ്ക്ക് ഗുരുവായൂരപ്പന്റെ ദീപാരാധനയ്ക്ക് ശേഷമായിരുന്നു പൂജവെപ്പ്. നെറ്റിപ്പട്ടം, ആലവട്ടം വെഞ്ചാമരം എന്നിവയാൽ അലങ്കരിച്ച സരസ്വതിയറയിൽ ഗുരുവായൂരപ്പൻ, സരസ്വതി, ഗണപതി ചിത്രങ്ങൾക്കുമുന്നിൽ ദീപങ്ങൾ തെളിഞ്ഞു. പുറമേനിന്ന് പുസ്തകങ്ങൾ ഇല്ലാതെ, കൃഷ്ണനാട്ടത്തിലെ ആയുധങ്ങളും കളിയോഗത്തിലെ താളിയോലഗ്രന്ഥവും മാത്രമാണ് പൂജയ്ക്ക് വെച്ചത്.

ഗണപതി, ഗുരു, വ്യാസൻ, സരസ്വതി, ദക്ഷിണാമൂർത്തി എന്നീ അഞ്ച് ദേവതകൾക്ക് പ്രത്യേകം പദ്‌മമിട്ട് ഓതിക്കൻ മുന്നൂലം ഹരി നമ്പൂതിരി പൂജിച്ചു. ശനി ഞായർ ദിവസങ്ങളിൽ മൂന്നുനേരവും തിങ്കളാഴ്ച വിജയദശമിനാളിൽ രാവിലെയും പൂജ നടക്കും.

ശ്രീലകമുന്നിൽ വാതിൽമാടത്തിൽ പ്രത്യേകം തയ്യാറാക്കിയ ഹോമകുണ്ഡത്തിൽ വെള്ളിയാഴ്ച പുലർച്ചെ മൂന്നരയ്ക്ക് സുകൃതഹോമാഗ്നി ഉയർന്നു. വിജയദശമിദിവസം സുകൃതഹോമം സമാപിക്കും. ക്ഷേത്രം തന്ത്രിമാരുടെയും ഓതിക്കന്മാരുടെയും വകയായി നടക്കുന്ന ഹോമത്തിന് കർമികളും ഇവർതന്നെ. വെള്ളിയാഴ്ച നാല് ഇല്ലങ്ങളിലെ ഓതിക്കന്മാരും തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാടും ഹോമം നിർവഹിച്ചു. 24000 ഉരു ഗായത്രിമന്ത്രവും അത്രതന്നെ അനുജപവും നടത്തും.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here