തദ്ദേശ തെരഞ്ഞെടുപ്പ് ; പ്രചാരണത്തിനുള്ള മാനദണ്ഡങ്ങൾ പുറത്തിറങ്ങി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള മാര്‍ഗരേഖ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. പ്രചാരണത്തിന്‍റെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. ജാഥയും കൊട്ടിക്കലാശവും ഒഴിവാക്കണം. ബൂത്തിനകത്ത് ഒരു സമയം മൂന്ന് വോട്ടര്‍മാരെ മാത്രമേ അനുവദിക്കൂവെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. ഡിസബര്‍ ആദ്യ വാരം നടത്താന്‍ ഉദ്ദേശിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ടി വിശദമായ മാര്‍ഗരേഖയാണ് കമ്മീഷന്‍ പുറത്തിറക്കിയത്. ഉദ്യോഗസ്ഥരുടെ പരിശീലനം മുതല്‍ വോട്ടെണ്ണല്‍ വരെയുള്ള കാര്യങ്ങള്‍ക്ക് മാര്‍ഗരേഖയുണ്ട്. നോമിനേഷന്‍ സമര്‍പ്പിക്കാന്‍ ഒരു സമയം ഒരു സ്ഥാനാര്‍ത്ഥിയെ മാത്രമെ അനുവദിക്കൂ. സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ മാത്രമേ പാടുള്ളു. സ്ഥാനാര്‍ത്ഥിക്കൊപ്പം വാഹനവ്യൂഹമോ ആള്‍ക്കൂട്ടമോ പാടില്ല. സ്ഥാനാര്‍ത്ഥിയെ ബൊക്കയോ, നോട്ട് മാലയോ ഇട്ട് സ്വീകരിക്കാന്‍ പാടില്ല. ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ മാത്രമേ പാടുള്ളു.

റോഡ് ഷോയ്ക്കും വാഹന റാലിക്കും മൂന്ന് വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. നോട്ടീസും ലഘുലേഖയും ഒഴിവാക്കി പരമാവധി സോഷ്യല്‍ മീഡിയ ഉപയോഗിക്കണമെന്നാണ് കമ്മീഷന്‍റെ നിര്‍ദ്ദേശം. കോവിഡ് രോഗികള്‍ക്കും ക്വാറന്‍റൈനില്‍ ഉള്ളവര്‍ക്കും തപാല്‍ വോട്ട് നടപ്പാക്കും. സ്ഥാനാര്‍ത്ഥിക്ക് കോവിഡ് ബാധിച്ചാല്‍ പ്രചാരണത്തിന് ഇറങ്ങരുത്. പോളിങ് ബൂത്തിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും വോട്ടര്‍മാര്‍ സാനിറ്റൈസര്‍ ഉപയോഗിക്കണം. തിരിച്ചറിയല്‍ വേളയില്‍ ആവശ്യമെങ്കില്‍ മാത്രം വോട്ടര്‍മാര്‍ മാസ്ക് മാറ്റിയാല്‍ മതിയാകുമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. പോളിങ് സാധനങ്ങളുടെ വിതരണം, പോളിങ് ബൂത്തുകളുടെ സജ്ജീകരണം, വോട്ടണ്ണല്‍ ക്രമീകരണം എന്നിവയ്ക്കും മാര്‍ഗരേഖയുണ്ട്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here