ഗുരുവായൂർ: ഒരു വിരൽതുമ്പിന്റെ വലുപ്പത്തിൽ ഓടക്കുഴലൂതുന്ന ഉണ്ണികണ്ണന്റെ പുഞ്ചിരിക്കുന്ന കൃഷ്ണ ശിൽപം പ്രശസ്ത ദാരുശില്പി സതീഷ് കുമാർ ചേർപ്പ് ശ്രീഗുരുവായൂരപ്പന് സമർപ്പിച്ചു . രണ്ടര അടിയിലുള്ള ശ്രീകൃഷ്ണ ശില്പം പണിയാൻ ഒരു ഭക്ത സതീഷിനെ സമീപിച്ചിരുന്നു . അത് പണിതപ്പോൾ സതീഷിന്റെയുള്ളിൽ തോന്നി , വലുത് ആർക്കും പണിയാം എന്നാൽ ഏറ്റവും ചെറുത് പണിയുക ചെറുതായ കാര്യമല്ല. വലിപ്പമുള്ള ഭഗവാന്റെ ചെറിയ വലുപ്പം എന്നെ വലിയവനാക്കും എന്ന ഉൾവിളി സതീഷിനെ കൊണ്ടെത്തിച്ചത് ഗുരുവായൂർ സന്നിധിയിലേക്ക് ആയിരുന്നു . ഭഗവാനെ മനസ്സിൽ സങ്കൽപ്പിച്ചു പൂജാമുറിയിലെ കൃഷ്ണവിഗ്രഹം തൊഴുത് കാലത്ത് ഒറ്റ ഇരിപ്പായിരുന്നു. വൈകുന്നേരം വരെ കൃഷ്ണനാമം ജപിച്ച്, കേശാദിപാദ വർണ്ണനയുമായി കുമിഴ് മരത്തിനെ നോവിക്കാതെ ഉളിയെന്ന ആയുധം തൂലികയായി കണ്ണന്റെ അലങ്കാരങ്ങൾ നാരായണീയ സ്തോത്രമാക്കുകയായിരുന്നു. ഓരോ ഭാവങ്ങളും പകർത്തുമ്പോൾ ഭക്ഷണം പോലും മറന്നുപോയി.

ദീപാരാധന നേരത്ത് ശിൽപം പൂർത്തിയാകുമ്പോൾ കണ്ണൻ ചിരിക്കുകയായിരുന്നു. നീ അല്ല ഈ ശില്പം തീർത്തത് അത് ഞാനായിരുന്നു. പൂന്താനത്തിന് മരപ്രഭു നല്കിയ ഭഗവാൻ സതീഷിനും കൊടുത്തു ഒരു ശിൽപം. അത് കാലാതീതമായി നിലകൊള്ളും . സതീഷ്കുമാർ ഈ ശിൽപം കുറേനേരം നോക്കിനിന്നു … നോക്കും തോറും ഭഗവാന്റെ പുഞ്ചിരിയിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല. ഒരു അശരീരി പോലെ സതീഷിന്റെ ഉള്ളിൽ ഉയർന്നു. ഞാൻ തീർത്ത ശില്പം എന്റെ പാദത്തിൽ സമർപ്പിക്കുക. സതീഷ് ഏറെ വിയർത്തു . ഒരു നിമിഷം ഭഗവാനെ കണ്ട നിർവൃതിയിൽ നിന്ന് മുക്തനാകാതെ ഒന്നു കുമ്പിട്ടിരുന്നു. പിന്നെ സംഭവിച്ചതെല്ലാം യാദൃശ്ചികം. ഈ ശില്പം സതീഷ് തന്റെ ഫേസ്ബുക്കിൽ ഷെയർ ചെയ്തു. അമൂല്യമായ ശില്പത്തിന്റെ വില സതീഷ് അപ്പോഴാണ് അറിഞ്ഞത്. പലഭാഗത്തുനിന്നും വിളികൾ വരികയായി. ഒരു കൃഷ്ണ ഭക്ത സതീഷിനെ വിളിച്ചുചോദിച്ചു. ഈ ശില്പം എനിക്ക് തരുമോ, എത്ര കാശ് വേണമെങ്കിലും നല്കാം. അപ്പോൾ സതീഷ് പറഞ്ഞ. ഇത് ആർക്കും നൽകില്ല, ഇത് ഭഗവാന് ഉള്ളതാണ്. എങ്കിൽ എനിക്കൊരു കൃഷ്ണ ശില്പം പണിത് തരുമോ. ഗോപിക പിൻമാറിയില്ല . എത്ര വർഷം വരെ വേണമെങ്കിലും കാത്തിരിക്കാം. രാധാകൃഷ്ണ പ്രണയത്തിന്റെ മറ്റൊരു മുഖം കൂടി സതീഷ് അടുത്തറിഞ്ഞു.

ചെറിയ ശില്പത്തിൽ നിന്ന് വളർന്ന് വലിയ മാനങ്ങൾ തീർത്ത് നിൽക്കുന്ന, കയ്യിൽ ഇരിക്കും തോറും വിലകൂടുന്ന നിധിയെ , കാലം തിരിക്കുന്ന ചിത്സ്വരൂപന്റെ പാദത്തിൽ വച്ച് നമസ്കരിക്കുക എന്ന ദൗത്യം ഇന്നലെ സാർത്ഥകമായി . സതീഷ് ഗുരുവായൂരിലെ സുഹൃത്തുക്കളായ എന്നെയും , കെ.പി.ഉദയനേയും വിളിച്ചു. ഞങ്ങൾ പറഞ്ഞു. സതീഷ് ഭഗവാന്റെ അടുത്തേക്ക് വരിക . ബാക്കി കാര്യങ്ങൾ ഞങ്ങൾ നോക്കാം. വൈകീട്ട് ആറുമണിക്ക് ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കയ്യിലേക്ക് ശില്പം സതീഷ് കൈമാറി. അദ്ദേഹം ശില്പം അകത്തു കൊണ്ടുപോയി ഭഗവാന്റെ പാദത്തിൽ വെച്ച് നമസ്ക്കരിച്ചു …നമ്മളൊക്കെയൊരു ഉപകരണം മാത്രമാണ്. ഉടമസ്ഥൻ അദ്ദേഹമല്ലേ …. എന്നെ കൊണ്ടത് ചെയ്യിച്ചു. സതീഷിന്റെ കൺ നിറഞ്ഞു. എത്രയോ ശില്പങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഈ ശില്പമാണ് എന്റെ ജീവിതത്തിലെ മഹാ സൃഷ്ടി .

സതീഷിന്റെ സൃഷ്ടികളിലേക്കൊന്ന് നമുക്ക് കടന്നു ചെല്ലാം. അമേരിക്കയിലെ ഹ്യൂസ്റ്റണിൽ ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ആസ്ഥാനത്ത് ശ്രീകൃഷ്ണകഥകൾ രൂപകൽപ്പന ചെയ്തു വച്ചിട്ടുണ്ട്. അഞ്ചു വർഷമെടുത്തു തീർത്ത ശിൽപ്പങ്ങൾ അമേരിക്കയിൽ പോയി മൂന്നുമാസം താമസിച്ചു ചെയ്ത് ജോലി ജീവിതത്തിലെ നാഴികക്കല്ലായി സതീഷ് കാണുന്നു. പൗരാണിക പ്രസിദ്ധി നേടിയ പാവറട്ടി പള്ളിയിലെ ഔസേപ്പിതാവിന്റെ അഞ്ചടിയിൽ ഉള്ള ശില്‌പവും, ഇരിങ്ങാലക്കുട പള്ളിയിലെ 7 അടിയിലുള്ള യേശുക്രിസ്തുവിന്റെ ശിൽപവും സതീഷിന്റെ കൈകളിൽ വിരിഞ്ഞ അമൂല്യ അടയാളങ്ങളാണ് ….. മലയാളത്തിന്റെ മഹാനടൻ പത്മഭൂഷൺ മോഹൻലാൽ തന്റെ വീടിന്റെ സ്വീകരണമുറിയിൽ വച്ചിട്ടുള്ള പ്രണയ സൗഗന്ധികം എന്ന മഹാ ശിൽപം സതീഷ് നൽകിയതാണ്. മഹാഭാരതത്തിലെ ഉജ്ജ്വല കഥാപാത്രങ്ങളായ ഭീമനും, ദ്രൗപതിയും, ഹിഡുംബിയും നിൽക്കുന്ന മഹത്തായ രംഗം മനോഹരമാക്കി തീർത്തപ്പോൾ , ആ ശില്പം നോക്കി വണങ്ങാതെ താര ദേവൻ തന്റെ സുദിനം തുറക്കുകയില്ല. ഇതുപോലെ സതീഷിന്റെ നിരവധി ശിൽപങ്ങൾ പുറത്തേക്കു കടക്കുവാൻ തയ്യാറെടുത്തു നിൽക്കുകയാണ് . അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് ഭഗവാന്റെ അനന്തശയനമാണ്. 8 അടി വലുപ്പത്തിൽ തീർത്ത അനന്തശയനം ഒരു അത്ഭുതമാണ് . അത്ഭുത സൃഷ്ടികളുടെ ദാരുശില്പ രാജകുമാരനാണ് സതീഷ്കുമാർ. കയ്യിൽ കിട്ടിയ മരതടിയെ മൂർത്തികളാക്കുന്ന കൈ മിടുക്കുള്ള മഹാതപസ്വിയാണ് സതീഷ്. ഒരു ഉളിയും കൊണ്ട് ദേവി – ദേവ സങ്കല്പങ്ങൾ തീർക്കാൻ ദൈവം ഭൂമിയിലേക്കയച്ച മഹാശില്പി ആണ് സതീഷ് കുമാർ എന്ന് പറയാതെ വയ്യ. നമ്മൾ മൺമറഞ്ഞാലും സൃഷ്ടികൾ അവിടെ ജീവസ്സുറ്റതായി നിലകൊള്ളും ,അതാണ് പ്രപഞ്ചസത്യം .

ബാബു ഗുരുവായൂർ .

LEAVE A REPLY

Please enter your comment!
Please enter your name here