ശബരിമലയിൽ പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടന്നു. തൃശൂർ സ്വദേശി വികെ ജയരാജ് പോറ്റിയാണ് പുതിയ മേൽശാന്തി. അങ്കമാലി സ്വദേശി രജികുമാർ എം. എൻ ആണ് മാളികപ്പുറം മേൽശാന്തി.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ശബരിമലയിലേക്ക് 9 ഉം മാളികപ്പുറത്തേക്ക് 10 ഉം പേരുകളായിരുന്നു ഉണ്ടായിരുന്നത്. തന്ത്രി, ദേവസ്വം സ്‌പെഷ്യൽ കമ്മീഷ്ണർ, ദേവസ്വം കമ്മീഷ്ണർ എന്നിവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. വൃശ്ചികം 1ന് നട തുറക്കുന്നത് പുതിയ മേൽ ശാന്തിമാരായിരിക്കും.

അതേസമയം, ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമലയിൽ ഭക്തർ ദർശനത്തിനായെത്തി. നിലയ്ക്കലിൽ ഭക്തരുടെ തിരിച്ചറിയൽ രേഖയും 48 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും പരിശോധിച്ച ശേഷമാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് 250 പേർക്കാണ് ഒരു ദിവസം ദർശനാനുമതിയുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here