ഗുരുവായൂർ: കണ്ണന്റെ തീർഥക്കുളത്തിൽ ചെന്താമര മൊട്ടിട്ടു. ക്ഷേത്രക്കുളത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്താണ് ഇലകൾ നിരത്തി കൂപ്പുകൈ പോലെ വിരിയാൻ വെമ്പുന്ന താമര മൊട്ട് കണ്ടത്. കണ്ണന്റെ അലങ്കാരങ്ങളിൽ താമരപ്പൂവിനു പ്രാധാന്യമേറും. അതിനാൽ ഭക്ത്യാദരവോടെ ഈ കാഴ്ച കാണാൻ ഒട്ടേറെ പേർ എത്തുന്നുണ്ട്.   ഉത്സവം ആറാട്ടിനു കണ്ണൻ നീരാടിയ രുദ്രതീർഥത്തിലാണു താമര സ്ഥാനം പിടിച്ചത്. കോവിഡ് വ്യാപനത്തിനു മുൻപ് പുലർച്ചെ 2 മുതൽ അർധരാത്രി വരെ തീർഥക്കുളത്തിൽ കുളിക്കാൻ ഭക്തരുടെ തിരക്കായിരുന്നു. നീന്തിയും തുടിച്ചും കുളത്തിന്റെ എല്ലാ ഭാഗത്തും അവരെത്തും.   അതിനാൽ താമരയോ ആമ്പലോ കുളത്തിൽ കാണാറില്ല.  ഇടയ്ക്ക് ചെളി കോരി വൃത്തിയാക്കും. ശുദ്ധീകരണ പ്ലാന്റിന്റെ പ്രവർത്തനം കൂടി വന്നതോടെ ജലസസ്യങ്ങൾ  ഉണ്ടാകാറില്ല.  

കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി ആറാട്ടിന്റെ തലേന്ന്  മാർച്ച് 14ന് ക്ഷേത്രക്കുളം അടച്ചു. ആറാട്ടു കുളിക്കാനും ഭക്തർക്ക് വിലക്കായി. പൂജാരിമാരുടെ കടവുകൾ ഒഴികെ പൊതു കടവുകളിൽ 7 മാസമായി ആരും ഇറങ്ങാറില്ല. നല്ല മഴയിൽ വെള്ളം ശുദ്ധമായി. അഴുക്കു കുറഞ്ഞു. നീന്തിത്തുടിക്കാൻ ആളില്ലാതായി. താമരക്കണ്ണന്റെ രുദ്രതീർഥത്തിൽ താമര പ്രത്യക്ഷപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here