ഗുരുവായൂർ: ഹരിതകേരള മിഷന്‍റേയും, ശുചിത്വമിഷന്‍റേയും സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തില്‍ നിശ്ചിത നിലവാരം പുലര്‍ത്തിയ സ്ഥാപനങ്ങളുടെ ശുചിത്വപദവിയുടെ സംസ്ഥാന തലത്തിലുളള ഔദ്യോഗിക പ്രഖ്യാപനം 10/10/2020 ന് ബഹു: മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചു.

ADVERTISEMENT

നഗരസഭകളില്‍ ഉന്നതനിലവാരം പുലര്‍ത്തി ശുചിത്വ പദവിക്കര്‍ഹത നേടിയ ഗുരുവായൂര്‍ നഗരസഭയ്ക്കുളള പുരസ്ക്കാരം ഗുരുവായൂര്‍ എം എല്‍ എ ശ്രീ കെ വി അബ്ദുള്‍ ഖാദര്‍ നിന്ന് നഗരസഭ ചെയർപേഴ്സൻ ശ്രീമതി എം. രതി ടീച്ചർ ഏറ്റുവാങ്ങി. നഗരസഭയ്ക്ക് ശുചിത്വപദവി നേടിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച കഞഠഇ, കുടുംബശ്രീ സാനിട്ടേഷന്‍ ഗ്രൂപ്പ്, ഹരിതകര്‍മ്മസേന, ഉജ്ജ്വല ഗ്രൂപ്പ്, ശുചീകരണവിഭാഗം തൊഴിലാളികള്‍ എന്നിവര്‍ക്കും നഗരസഭയുടെ ഉപഹാരങ്ങള്‍ നല്‍കി.

10/10/2020 രാവിലെ 11 മണിക്ക് ഗുരുവായൂര്‍ ലൈബ്രറി ഹാളില്‍വെച്ച് നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ എം രതി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ അഭിലാഷ് വി ചന്ദ്രന്‍ സ്വാഗതം ആശംസിച്ചു. ആരോഗ്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാഹിന എം എ, പൊതുമരാമത്ത് സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഷെനില്‍ ടി എസ്, ഐ ആര്‍ ടി സി കോര്‍ഡിനേറ്റര്‍ വി മനോജ്കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ആര്‍ സജീവ് നന്ദി രേഖപ്പെടുത്തി.

ഹരിതകേരള മിഷന്‍റെയും ശുചിത്വമിഷന്‍റേയും നേതൃത്വത്തില്‍ ഐ ആര്‍ ടി സി, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, ക്ലീന്‍ കേരള കമ്പനി തുടങ്ങിയ ഏജന്‍സികളുടെ സഹായത്തോടെ നടത്തിയ ഭാവനാപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഗുരുവായൂര്‍ നഗരസഭ ശുചിത്വപദവിയിലേക്ക് അര്‍ഹത നേടിയത്. മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട വ്യത്യസ്തമായ ഇരുപതോളം ഘടകങ്ങള്‍ വിലയിരുത്തിയാണ് ശുചിത്വപദവിക്കുളള അര്‍ഹത സര്‍ക്കാര്‍ നിര്‍ണ്ണയിച്ചിട്ടുളളത്.

കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ പ്രതിവര്‍ഷം വന്നു പോകുന്ന ഒരു നഗരം എന്ന നിലയില്‍ നഗരസഭക്ക് മാലിന്യ സംസ്ക്കരണം എന്നും ഒരു വെല്ലുവിളി ആയിരുന്നു. നഗരത്തിലുണ്ടാകുന്ന എല്ലാ മാലിന്യങ്ങളും നിക്ഷേപിച്ചിരുന്ന ചൂല്‍പ്പുറം ട്രഞ്ചിങ്ങ് ഗ്രൗണ്ട് ഒരു മാലിന്യ മലയായി മാറുകയായിരുന്നു. ദുര്‍ഗന്ധപൂരിതമായിരുന്ന പ്രസ്തുത പ്രദേശം ഇന്ന് ദുര്‍ഗന്ധരഹിതമായ മനോഹരമായ ഒരു പ്രദേശമാക്കി മാറ്റിയെടുക്കുവാന്‍ നഗരസഭക്ക് സാധിച്ചു. ഐ ആര്‍ ടി സി യുടെ സാങ്കേതിക സഹായത്തോടെ ജൈവമാലിന്യം വളമാക്കി വിപണനം ചെയ്യുന്ന കേന്ദ്രം അവിടെ പ്രവര്‍ത്തിച്ചുവരുന്നു. അതിനോട് അനുബന്ധമായി ജൈവ വളം ഉപയോഗിച്ച് പച്ചക്കറിതൈകള്‍ ഉദ്പാദിപ്പിച്ച് വിപണനം നടത്തുന്ന ഒരു നഴ്സറിയും പോളിഹൗസും അവിടെ പ്രവര്‍ത്തിക്കുന്നു. നഗരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ജൈവമാലിന്യങ്ങള്‍ പൂര്‍ണ്ണമായും ശാസ്ത്രീയമായി സംസ്ക്കരിക്കുവാന്‍ പര്യാപ്തമായ സംവിധാനമാണ് അവിടെ ഒരുക്കിയിട്ടുളളത്. നഗരത്തിലെ സദ്യാലയങ്ങളില്‍ നിന്ന് പുറന്തളളുന്ന വാഴയില സംസ്ക്കരിക്കുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു. വാഴയില പൊടിച്ചു വളമാക്കുന്നതിനുളള യന്ത്രസംവിധാനം സ്ഥാപിച്ചതിലൂടെ പ്രസ്തുത പ്രശ്നവും പരിഹരിക്കപ്പെട്ടു കഴിഞ്ഞു. സ്ഥാപനങ്ങളില്‍ നിന്നുളള യൂസര്‍ഫീസും വളംവില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനവും നഗരസഭയുടെ തനതുവരുമാനത്തിലേക്ക് മുതല്‍ക്കൂട്ടുന്നതിലൂടെ മാലിന്യം സമ്പത്താക്കിമാറ്റാന്‍ സാധിക്കും എന്നതിന് ഗുരുവായൂര്‍ നഗരസഭ മറ്റ് നഗരസഭകള്‍ക്ക് ഒരു മാതൃകയായി മാറിയിരിക്കുകയാണ്. കൂടാതെ പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കുടുംബശ്രീ പ്രവര്‍ത്തകരുടെ ജീവനോപാധിയായും ഇത് മാറുകയാണ്.

മാലിന്യ സംസ്ക്കരണരംഗത്തെ മറ്റൊരു വെല്ലുവിളിയായിരുന്ന പ്ലാസ്റ്റിക് ഉള്‍പ്പടെയുളള അജൈവമാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് യൂസര്‍ഫീ ഈടാക്കി ശേഖരിച്ച് പുനരുപയോഗത്തിനായി കൈമാറുകയും ഷ്രെഡ്ഡിങ്ങ് മെഷീന്‍ ഉപയോഗിച്ച് പൊടിച്ച് ടാറിങ്ങിന് കൈമാറുകയും ചെയ്യുന്ന സമാന്തരമായ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. 41 അംഗങ്ങള്‍ അടങ്ങിയ ഹരിതകര്‍മ്മസേനയാണ് അജൈവ മാലിന്യപരിപാലനരംഗത്തും കാര്‍ഷികരംഗത്തും പ്രവര്‍ത്തിക്കുന്നത്. അജൈവമാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് 2 എം സി എഫ് കളും ഒരു ആര്‍ ആര്‍ എഫു ഉം ചൂല്‍പ്പുറത്ത് പ്രവര്‍ത്തിച്ചുവരുന്നു.
നഗരസഭ നടത്തുന്ന മേല്‍പ്പറഞ്ഞ മാലിന്യസംസ്ക്കരണ പ്രവര്‍ത്തനങ്ങളില്‍ നഗരത്തിലെ എല്ലാ വീടുകളെയും സ്ഥാപനങ്ങളേയും പങ്കാളികളാക്കി മാറ്റി സമ്പൂര്‍ണ്ണ ശുചിത്വപദവി കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് നഗരസഭ നീങ്ങികൊണ്ടിരിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും ഉണ്ടാകുന്ന ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്ക്കരിക്കുകയോ എന്തെങ്കിലും കാരണങ്ങളാല്‍ അതിന് സാധിക്കാത്തവര്‍ കുടുംബശ്രീ സാനിട്ടേഷന്‍ ഗ്രൂപ്പ് വഴി കൈമാറുകയോ ചെയ്യേണ്ടതാണ്. പ്ലാസ്റ്റിക് ഉള്‍പ്പടെയുളള അജൈവമാലിന്യങ്ങള്‍ കഴുകി വൃത്തിയാക്കി ഹരിതകര്‍മ്മസേന മുഖാന്തിരം കൈമാറുകയും ചെയ്യേണ്ടതാണ്. മേല്‍പ്രകാരം നഗരസഭയുടെ മാലിന്യസംസ്ക്കരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളായി ഗുരുവായൂരിനെ സമ്പൂര്‍ണ്ണ ശുചിത്വനഗരമാക്കി മാറ്റുന്നതിന് നഗരസഭ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ എം രതി ടീച്ചർ അറിയിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here