ഗുരുവായൂർ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ കോൺഗ്രസിൽനിന്ന് കളംമാറിപ്പോയവരെയും വിഘടിച്ചുനിൽക്കുന്നവരെയും തിരിച്ചെത്തിക്കാൻ നേതാക്കൾ ശ്രമം തുടങ്ങി. കെപിസിസി വൈസ് പ്രസിഡൻറ് പദ്മജ വേണുഗോപാൽ, മുൻ എംഎൽഎ പി.എ. മാധവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഗുരുവായൂരിലെത്തി. കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന പി.കെ. ശാന്തകുമാരിയെ ഇടതുപാളയത്തിൽനിന്ന് തിരിച്ചുകൊണ്ടുവരുകയെന്നതാണ് പ്രധാന ലക്ഷ്യം. അതിനായി ശാന്തകുമാരിയുടെ വീട്ടിലെത്തി രണ്ടുമണിക്കൂറോളം ചർച്ച നടത്തി.

പാർട്ടിയിൽനിന്ന് തനിക്കുണ്ടായ ദുരനുഭവങ്ങൾ ശാന്തകുമാരി പദ്മജയ്ക്കുമുന്നിൽ അക്കമിട്ടു നിരത്തി. കഴിഞ്ഞതവണ മത്സരിക്കുമ്പോൾ കൈപ്പത്തി ചിഹ്നം പാർട്ടി നിഷേധിച്ചതും അതുകൊണ്ട് സ്വതന്ത്രയായി മത്സരിക്കേണ്ടിവന്നതും അവർ ചൂണ്ടിക്കാട്ടി. ചിഹ്നം അനുവദിക്കാതിരിക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ ശാന്തകുമാരിയെ അനുനയിപ്പിക്കാനെത്തിയതെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞതവണ സ്വതന്ത്രയായി മത്സരിച്ച് ജയിച്ച ശാന്തകുമാരി എൽ.ഡി.എഫ്. പിന്തുണയോടെ നഗരസഭയുടെ ചെയർപേഴ്‌സണായിരുന്നു. എല്ലാം മറന്ന് തിരിച്ചുവരണമെന്നും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നും അറിയിച്ചാണ് നേതാക്കൾ മടങ്ങിയത്. ശാന്തകുമാരിയെ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് ഗുരുവായൂരിലെ പ്രവർത്തകരുടെ അഭിപ്രായവും ആരാഞ്ഞു. നഗരസഭാ ഭരണം തിരിച്ചുപിടിക്കാൻ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നാണ് അവർ നേതൃസംഘത്തെ അറിയിച്ചത്.

നഗരസഭ രൂപീകരിച്ച 1995 ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നഗരസഭാധ്യക്ഷയായിരുന്നു ശാന്തകുമാരി.2015 ലെ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു തുടർന്നു സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തുല്യ സീറ്റുകൾ വന്നതോടെ എൽഡിഎഫ് പിന്തുണയിൽ മൂന്നുവർഷം നഗരസഭാ അധ്യക്ഷയായി.

അതേസമയം, ശാന്തകുമാരി തങ്ങളുടെ പാനലിൽ മത്സരിക്കുമെന്നാണ് എൽ.ഡി.എഫ്. പറയുന്നത്. കോൺഗ്രസിൽനിന്ന് വിട്ടുനിൽക്കുന്ന കൗൺസിലർ പ്രസാദ് പൊന്നരാശ്ശേരി ഉൾപ്പെടെയുള്ളവരുമായും അനുനയചർച്ചകൾ നടന്നു.

വെള്ളിയാഴ്ച ഡി.സി.സി. പ്രസിഡന്റ് എം.പി. വിൻസെന്റിന്റെ നേതൃത്വത്തിൽ നിയോജകമണ്ഡലം നേതാക്കളുടെ യോഗവും നടന്നു. എല്ലാവരും ഐക്യത്തോടെ നിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പഞ്ചായത്ത് നഗരസഭ തിരഞ്ഞെടുപ്പുകളിൽ റിബലായി മത്സരിക്കുന്ന വർക്കും പിന്തുണ നൽകുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡിസിസി പ്രസിഡൻറ് എം പി വിൻസൻറ് പറഞ്ഞു. കോൺഗ്രസ് നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞുതീർത്തു ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് സംയുക്ത യോഗത്തിൽ തീരുമാനമായി. നേതാക്കളായ പി.എ. മാധവൻ, ഒ. അബ്ദുൾ റഹിമാൻകുട്ടി, സുനിൽ അന്തിക്കാട്, സി.എ. ഗോപപ്രതാപൻ, വി. വേണുഗോപാൽ, ഫസലൂൽ അലി തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here