ഗുരുവായൂർ: ശുചീകരണ നിലവാരം ഉയർത്തുന്നതിനും മാലിന്യ ശേഖരണം കാര്യക്ഷമവും ശാസ്ത്രീയമായും നടത്തുന്നതിന് സ്വീകരിച്ച നടപടികൾ, ജല സ്രോതസ്സുകളുടേയും , കുളങ്ങളുടേയും സംരക്ഷണത്തിന് നഗരസഭ നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തി സംസ്ഥാന ശുചിത്വമിഷനും ഹരിത കേരള മിഷനും സംയുക്തമായി നൽകുന്ന “ശുചിത്വ പദവി” പുരസ്ക്കാരത്തിന് ഗുരുവായൂർ നഗരസഭ അർഹത നേടി. വിധിനിർണയത്തിൻറെ അവസാന റൗണ്ടിൽ എത്തിയത് ഗുരുവായൂർ, ആലപ്പുഴ നഗരസഭകൾ. ഗുരുവായൂർ നഗരസഭയ്ക്ക് 91 മാർക്കാണ് ലഭിച്ചത് ആലപ്പുഴയ്ക്ക് 93 മാർക്കും. 90 നു മേലെ മാർക്ക് ലഭിച്ചത് രണ്ട് നഗരസഭകളിൽ മാത്രം.

വിധിനിർണയ കമ്മിറ്റി നഗരസഭയെ പ്രശംസിച്ചത് പ്രധാനമായും ദുർഗന്ധമില്ലാത്ത ട്രൈജിങ് ഗ്രൗണ്ട് എന്ന് വിശേഷിപ്പിച്ചായിരുന്നു. ഇലകൾ മാത്രം പൊടിക്കാനുള്ള യന്ത്രം ഗുരുവായൂരിൽ മാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. പച്ചക്കറികൾ ഗ്രൈൻഡറിലിട്ട് ചതച്ചു പൊട്ടിക്കുകയും പിന്നീട് ജൈവവളമാക്കുകയും ചെയ്യുന്നു. മാലിന്യം സംസ്കരിച്ചു ഉൽപ്പാദിപ്പിക്കുന്ന വളത്തിന് “ഹരിതം” എന്നാണ് പേരിട്ടത്. രണ്ടരലക്ഷം രൂപയുടെ വളം വിറ്റുകഴിഞ്ഞു. വളം ഉൽപാദിപ്പിക്കാനും വിൽപ്പനയ്ക്കും മാത്രമായി ഹരിതം വിഭാഗത്തിൽ ആറു വനിതകളുണ്ട്.

തിളക്കം ജൂബിലി വേളയിൽ

ഗുരുവായൂർ നഗരസഭ നിലവിൽ വന്നിട്ട് 25 വർഷം പൂർത്തിയായ മാസത്തിലാണ് സംസ്ഥാനതലത്തിൽ തിളക്കമുണ്ടായത് അതുകൊണ്ട് സർക്കാരിൽ നിന്ന് ലഭിക്കുന്ന ശുചിത്വ അവാർഡ് നഗരസഭയ്ക്കുള്ള ജൂബിലി സമ്മാനമായിരിക്കും.

നാളെ(ശനിയാഴ്ച്ച) കാലത്ത് 10 മണിക്ക് ശുചിത്വ പദവി കരസ്ഥമാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. ആയതിനെ തുടർന്ന് ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ 10. 10. 2020 ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ വെച്ച് ബഹു. ഗുരുവായൂർ എംഎൽഎ ശ്രീ അബ്ദുൽ ഖാദർ ഗുരുവായൂർ നഗരസഭയ്ക്ക് “ശുചിത്വ പദവി” സർട്ടിഫിക്കറ്റ് വിതരണവും പുരസ്ക്കാര സമർപ്പണവും നടത്തുന്നതാണെന്ന വിവരം ചെയർപേഴ്സൺ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here