തൃശൂര്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ചിറ്റിലങ്ങാട് സ്വദേശി നന്ദന്‍ അറസ്റ്റില്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലത്ത് വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ട് പേരെ പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രതികളെ സഹായിച്ച ചിറ്റിലങ്ങാട് സ്വദേശികളാണ് ഇവര്‍. ഇവര്‍ കൊലയ്ക്ക് ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുകയായിരുന്നു.

ഇപ്പോള്‍ അറസ്റ്റിലായ മുഖ്യപ്രതി നന്ദന്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. അതുകൊണ്ട് ഇയാള്‍ വിദേശത്തേക്ക് കടന്നുകളയാന്‍ സാധ്യത പൊലീസ് പരിശോധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിക്കെതിരെ അടിയന്തരമായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നന്ദന്‍, ശ്രീരാഗ്, സതീഷ്, അഭയജിത്ത് എന്നിവരാണ് കേസില്‍ പ്രധാനപ്രതികള്‍.

അതേസമയം, കേസിലെ ഒന്നാം പ്രതി നന്ദന്റെ ഭാര്യ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്. ഈ റെയ്ഡില്‍ നന്ദന്റെ പാസ്‌പോര്‍ട്ട്, മറ്റ് രേഖകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇയാള്‍ വിദേശത്തേക്ക് കടന്നുകളയുമെന്ന സൂചനയെ തുടര്‍ന്നാണിത്. സനൂപിലെ കൊല്ലണമെന്ന് ഉദ്ദേശ്യത്തോടെയാണ് നന്ദന്‍ കുത്തിയതെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. സനൂപിനെ ഒറ്റക്കുത്തിന് കൊലപ്പെടുത്തിയതും തലയ്ക്ക് മാരകമായി പരിക്കേല്‍പ്പിച്ചതും നന്ദനാണെന്നാണ് പൊലീസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here