ഗുരുവായൂർ: അരനൂറ്റാണ്ടിലേറെ ഭാഗവതസപ്താഹരംഗത്ത് സജീവസാന്നിധ്യമായ ഭാഗവതാചാര്യൻ ഗുരുവായൂർ കേശവൻ നമ്പൂതിരിക്ക്‌ ഞായറാഴ്‌ച സപ്തതി. ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്ശാന്തികുടുംബമായ മേലേടം ഇല്ലത്തെ അംഗമാണ്.

ഭാഗവതോപാസകനും സംസ്‌കൃതപണ്ഡിതനുമായ ഇദ്ദേഹം ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ റിട്ട. സംസ്‌കൃതാധ്യാപകൻ കൂടിയാണ്. 2006-ൽ മള്ളിയൂർ ആധ്യാത്മികപീഠം ട്രസ്റ്റിന്റെ ഭക്താവതഹംസം, 2008-ൽ അഭേദാശ്രമം മഹാമന്ത്രാലയത്തിന്റെ ഭാഗവതാഭേദകീർത്തി എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

ഭാഗവതസദസ്സുകളിലെ പണ്ഡിതരായിരുന്ന വൈശ്രവണത്ത് രാമൻ നമ്പൂതിരി, കാവ്യകൗസ്തുഭം ഓട്ടൂർ ഉണ്ണിനമ്പൂതിരിപ്പാട്, താമരശ്ശേരി കൃഷ്ണൻ ഭട്ടതിരിപ്പാട്, തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരി, ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരി, സ്വാമി മൃഢാനന്ദ മഹാരാജ് എന്നിവർക്കൊപ്പം വേദികൾ പങ്കിട്ടിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണിയുടെ ഭാഗമായുള്ള ഭാഗവതസപ്താഹയജ്ഞത്തിന്റെ ആചാര്യൻ കൂടിയാണ്. സപ്തതിയോടനുബന്ധിച്ച് നടന്ന ഭാഗവതസപ്താഹം ശനിയാഴ്‌ച സമാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here