തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിന്റെ ശരീരത്തില്‍ പുഴുവരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ രോഗിയുടെ കുടുംബാംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. പുഴുവരിച്ച നിലയില്‍ എത്തിയിട്ടും അനില്‍കുമാറിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി ജീവനക്കാര്‍ ബന്ധുക്കളെ അറിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

അനില്‍കുമാറിന് കൊവിഡ് സ്ഥിരീകരിച്ച ഈ മാസം ആറാം തീയതി മുതലിങ്ങോട്ട് എല്ലാ ദിവസവും ഫോണില്‍ വിളിച്ച് ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചിരുന്ന ബന്ധുക്കള്‍ക്ക് എല്ലാം തൃപ്തികരം എന്നായിരുന്നു മെഡിക്കല്‍ കോളജില്‍ നിന്നു കിട്ടിയിരുന്ന മറുപടി. പരിചരിക്കാന്‍ ജീവനക്കാരുടെ കുറവുണ്ടെന്ന വാദമാണ് ആശുപത്രി ജീവനക്കാര്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. അങ്ങനെയെങ്കില്‍ എന്നും വിളിച്ചു ചോദിക്കുമ്പോള്‍ എന്തുകൊണ്ട് ഇക്കാര്യം പറയാന്‍ തയാറായില്ലെന്ന ചോദ്യം അനിലിന്‍റെ കുടുംബാംഗങ്ങള്‍ ഉയര്‍ത്തുന്നു.

അനില്‍കുമാര്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ദിവസങ്ങളില്‍ ജോലിയിലുണ്ടായിരുന്ന എല്ലാ ജീവനക്കാര്‍ക്കെതിരെയും നടപടി വേണമെന്ന ആവശ്യമാണ് ഇപ്പോൾ കുടുംബാംഗങ്ങള്‍ ഉന്നയിക്കുന്നത്. അതേസമയം, സംഭവത്തിൽ മെഡിക്കല്‍ കോളേജിലെ കോവിഡ് ചികിത്സയുടെ ചുമതലയുള്ള നോഡല്‍ ഓഫീസര്‍ ഡോക്ടര്‍ അരുണ, രോഗി ചികിത്സയില്‍ കഴിഞ്ഞ ആറാം വര്‍ഡിലെ രണ്ട് ഹെഡ് നഴ്‌സുമാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്ത ആരോഗ്യ വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഡോക്ടറുമാരുടെ സംഘടന ഇന്ന് മുതൽ റിലെ നിരാഹാര സമരം തുടങ്ങും. നേഴ്‌സുമാരുടെ സംഘടന ഇന്ന് കരിദിനം ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here