രണ്ട് വനിതാ മാധ്യമ പ്രവര്‍ത്തകരാണ് ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഹത്രാസിലെ ദളിത് യുവതിയുടെ ബലാല്‍സംഗവും കൊലപാതകവും പരമാവാധി മൂടിവെയ്ക്കാനുള്ള ശ്രമമായിരുന്നു യോഗി ആദിത്യ നാഥ് സര്‍ക്കാരിന്റെത്. സവര്‍ണ ആക്രമി സംഘം കൊലപ്പെടുത്തിയ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളെ പോലും കാണിക്കാതെയാണ് പൊലീസ് സംസ്‌ക്കരിച്ചത്. അതുമായി ബന്ധപ്പെട്ട ഒരു ദൃശ്യങ്ങളും പുറത്തുവരരുതെന്നായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. ഇതാണ് ഇന്ത്യാ ടുഡെയുടെ തനുശ്രീ പാണ്ഡെ തകര്‍ത്തത്.

പൊലീസിന്റെ കണ്ണുവെട്ടിച്ച് അവിടെ എത്തിയ തനുശ്രി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുന്നില്‍ അധികൃതര്‍ക്ക് ഉത്തരം മുട്ടുന്ന ദൃശ്യങ്ങളാണ് പിന്നീട് ലോകം കണ്ടത്. പിന്നീട് പതിവുപോലെ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ അപവാദ പ്രചരണവും തുടങ്ങി. അവരുടെ ഫോണ്‍ ടാപ്പ് ചെയ്തതിന് ശേഷമായിരുന്നു ഇത്. എന്ത് നിയമപ്രകാരമാണ് ഫോണ്‍ ചോര്‍ത്തിയതെന്ന്് വിശദീകരിക്കണമെന്ന് ഇന്ത്യ ടുഡെ ആവശ്യപ്പെട്ടതോടെ വിവാദം കൊഴുത്തു.

ശവസംസ്‌ക്കാരം കഴിഞ്ഞതിന് ശേഷം ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ ബന്ദിയാക്കിയിരിക്കയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. എല്ലാവഴികളിലും ബാരിക്കേഡുകള്‍. ഇത് ലംഘിച്ചാണ് എബിപി ന്യൂസിന്റെ പ്രതിമ മിശ്രയും ക്യാമറമാന്‍ മനോജ് അധികാരിയും ഹത്രസിന്റെ വീടിന്റെ പരിസരത്ത് എത്തിയത്. പൊലീസ് തടഞ്ഞപ്പോള്‍ എന്തിനാണ് തടയുന്നത്് എന്ന അവരുടെ ചോദ്യം സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളുടെ ചോദ്യമായി പടരുകയും ചെയ്തു.

https://m.facebook.com/story.php?story_fbid=3677329445611826&id=100000044192541

ഭരണകൂടത്തിന് കുടപിടിക്കുകയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ എന്ന് ആക്ഷേപിക്കപ്പെടുമ്പോഴാണ് രണ്ട് വനിതകള്‍ യോഗി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്. അവരുടെ ചോദ്യങ്ങളാണ് ഇപ്പോള്‍ അധികാരികളെ വേട്ടയാടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here