ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബൂര്‍ജ് ഖലീഫ നിര്‍മ്മിച്ച അറബ്ടെക് ഹോള്‍ഡിംഗ് പി ജെ എസ് സി പ്രവര്‍ത്തനം നിര്‍ത്തുന്നു. കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് കമ്പനി പ്രവര്‍ത്തനം നിര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. യുഎഇ ആസ്ഥാനമായുള്ള കമ്പനിയുടെ ഓഹരി ഉടമകള്‍ നിര്‍മാണ സ്ഥാപനത്തെ പിരിച്ചുവിടാന്‍ വോട്ട് ചെയ്യുകയായിരുന്നു.

ഇതിലൂടെ ഗള്‍ഫ് മേഖലയിലെ ജോലിക്കാര്‍ക്ക് സബ് കരാറുകാര്‍ക്കും കനത്ത തിരിച്ചടിയാകും ഉണ്ടാകുക എന്നാണ് വിലയിരുത്തുന്നത്. ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് 40,000ത്തോളം ജോലിക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുവാന്‍ സാധ്യതയുള്ളത്. അര്‍ഖാം ക്യാപിറ്റലിന്റെ ഇക്വിറ്റി റിസര്‍ച്ച് തലവന്‍ ജാപ് മെയ്ജറിനെ ഉദ്ധരിച്ചാണ് ബ്ലൂംബര്‍ഗ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഏതാണ്ട് ഒരു പതിറ്റാണ്ട് മുന്‍പ് നിര്‍മാണ കമ്പനികള്‍ സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. ജനുവരി മാസത്തില്‍ ആസ്‌ട്രേലിയയിലെ സിമിക് ഗ്രൂപ്പ് ബി ഐ സി കരാറിലെ 45% ഓഹരിയില്‍ നിന്ന് 1.23 ബില്യണ്‍ ഡോളര്‍ എഴുതിത്തള്ളി മിഡില്‍ ഈസ്റ്റില്‍ നിന്ന് പുറത്തുകടന്നിരുന്നു.

160 നിലകളുള്ള ബൂര്‍ജ് ഖലീഫ 2010 ജനുവരി നാലിനാണ് ഉദ്ഘാടനം ചെയ്തത്. 95 കിലോമീറ്റര്‍ അകലെ നിന്നും ഈ കെട്ടിടം കാണുവാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 2004 സെപ്റ്റംബര്‍ 21നാണ് ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയത്

LEAVE A REPLY

Please enter your comment!
Please enter your name here