ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് യുവതിയുടെ വീട്ടിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമെത്തി. കൊല്ലപ്പെട്ട യുവതിയുടെ അമ്മ അടക്കമുള്ള കുടുംബാംഗങ്ങളുമായി ഇരുവരും സംസാരിച്ചു. യുപി പൊലീസിന്റെ നിയന്ത്രണങ്ങൾ കടന്നാണ് ഡൽഹി അതിർത്തി കടന്ന് റോഡ് മാർഗം രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമെത്തിയത്.

കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ ശബ്ദം ഇല്ലാതാക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എവിടെ തെറ്റ് സംഭവിച്ചാലും ഇരകൾക്ക് നീതി ഉറപ്പാക്കാൻ ഞങ്ങളവിടെ ഉണ്ടാകും. ഞങ്ങളെ തടയാൻ ആർക്കും കഴിയില്ല – പ്രിയങ്ക പറഞ്ഞു. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പമുണ്ടായിരുന്നു. ശശി തരൂർ ഉൾപ്പെടെ കോൺഗ്രസ് എംപിമാർ അടങ്ങുന്ന 30 അംഗ സംഘമാണ് നേരത്തെ ഡൽഹിയിൽ നിന്നും ഹത്രാസിലേയ്ക്ക് പുറപ്പെട്ടത്. പൊലീസ് 5 പേർക്ക് പോകാനാണ് അനുമതി നൽകിയത്.

വ്യാഴാഴ്ചയും ഇവർ ഹത്രാസിലേയ്ക്ക് വരാൻ ശ്രമിച്ചിരുന്നെങ്കിലും യുപി പൊലീസ് ഇവരെ തടഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു. രാഹുലിനെ യുപി പൊലീസ് കയ്യേറ്റം ചെയ്തത് വലിയ പ്രതിഷേധമുയർത്തിയിരുന്നു. ഇന്ന് വലിയ തോതിൽ കോൺഗ്രസ് പ്രവർത്തകർ അതിർത്തിയിൽ തടിച്ചുകൂടിയിരുന്നു. രാഹുലിനും പ്രിയങ്കയ്ക്കും ഹത്രാസിലേയ്ക്ക് പോകാൻ യുപി പൊലീസ് അനുമതി നൽകുകയും ചെയ്തു. 200ലധികം യുപി പൊലീസുകാരാണ് രാഹുലിനേയും പ്രിയങ്കയേയും തടയാനായി നിയോഗിച്ചിരുന്നത്. എന്നാൽ പിന്നോട്ടില്ലെന്ന് നിലപാടിൽ ഇരുവരും ഉറച്ചുനിന്നതോടെ പൊലീസ് വഴങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here