ഗുരുവായൂർ: സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ ഇന്നലെ മൂന്നു പുലികൾ ഇറങ്ങി. ഗോത്ര വിഭാഗത്തിന്റെ ആധികാരിക ഗായിക നഞ്ചമ്മയും,ഫുട്ബോൾ ഇതിഹാസം ഐ.എം.വിജയനും, നർമ്മ ഹിമാലയ നൈർമല്യം ജയരാജ് വാര്യരും, ഹോളിവുഡ് സംവിധായകൻ സോഹൻ റോയ് ഏരീസ് ഗ്രൂപ്പിന്റെ പേരിൽ നിർമ്മിക്കുന്ന ഇന്റർനാഷണൽ സിനിമയുടെ പാട്ടിന്റെ റെക്കോർഡിംഗിൽ ഒത്തുചേർന്നു. പ്രശസ്ത സംവിധായകനായിരുന്ന സച്ചിയുടെ അയ്യപ്പനും കോശിയും എന്ന ചലച്ചിത്രത്തിലെ പാട്ടിലൂടെ പ്രശസ്തയായ നഞ്ചമ്മ ഇന്നലെ ഗിന്നസ്സ് റെക്കോർഡ് ഉടമ വിജീഷ് മണി സംവിധാനം ചെയ്യുന്ന “Mmmmm” എന്ന സിനിമയുടെ പാട്ടിന്റെ റെക്കോർഡിംഗിനാണ് എത്തിയത്. അർജുന അവാർഡ് ജേതാവും, ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനായും, ചലച്ചിത്ര നടനായും, മലയാളിയുടെ മനസ്സിൽ മഴവില്ല് തീർത്ത ഐ.എം.വിജയനാണ് പ്രധാനതാരം.

നിരവധി വിദേശ താരങ്ങൾ അണിനിരക്കുന്ന പരിസ്ഥിതി പ്രാധാന്യമുള്ള ഈ സിനിമയുടെ ഇതിവൃത്തം തേനീച്ചയുടെ ആവാസമാണ്. തേനീച്ച ഇല്ലാതായാൽ ലോകത്തിന് നാശം സംഭവിക്കുമെന്ന കഥാതന്തു മാനവരാശിയെ പരിചയപ്പെടുത്തുകയാണ് സംവിധായകൻ വിജീഷ് മണി. അമേരിക്കയിലെ മികച്ച ഗായകൻ എഡോൺ മുള്ള ഒരു ഗാനം ആലപിച്ചിട്ടുണ്ട്. അട്ടപ്പാടിയുടെ സൗന്ദര്യം സങ്കീർത്തനമാക്കിയ സിനിമയിൽ നഞ്ചമ്മയുടെ ഗാനം സവിശേഷതയർഹിക്കുന്നു … ചിത്രത്തിന്റെ പകുതിഭാഗം ഷൂട്ട് ചെയ്തു കഴിഞ്ഞു. കോവിഡ് പശ്ചാത്തലത്തിന്റെ ഭീഷണിമൂലം നിർത്തിവെച്ചിരിക്കുകയായിരുന്നു. തൃശ്ശൂരിലെ സാംസ്കാരിക പരിപാടികളിൽ ചിരി തിരിതെളിയിക്കുന്ന ജയരാജ് വാര്യരുടെ സാന്നിദ്ധ്യം നഞ്ചമ്മക്ക് ഉണർവേകി. നഞ്ചമ്മയെ കണ്ടപ്പോൾ രണ്ടുപേരും കാൽ തൊട്ടു വന്ദിച്ചു

കേരളത്തിന്റെ മഹാഗായികയാണ് നഞ്ചമ്മ എന്ന് ജയരാജ് പറഞ്ഞപ്പോൾ നഞ്ചമ്മയുടെ ചിരിയുടെ സർവ്വേരി പല്ലുകൾ നൃത്തം വെച്ചു. ചെറുപ്പംതൊട്ടേ തൃശ്ശൂരിന്റെ നർമ്മ നിലാവിൽ ചിരിപടക്കമായ് ഒറ്റയ്ക്ക് ഓടുന്ന ഒരേയൊരാളാണ് ജയേട്ടൻ ….. വിജയനിലെ കാൽപന്തുകളിയിലെ ആരവം ഉയർത്തെഴുന്നേറ്റു …..എന്നെ കാണുമ്പോൾ ചോദിക്കും നീ വലിയ ആളായി. കാലോണ്ട് രണ്ട് തട്ട് തട്ടി നിനക്കൊക്കെ കാശായി. നമ്മളിപ്പോഴും നാവാടി വയറ്റിപിഴപ്പ് നോക്കുകയാണ്. രണ്ടുപേരും കെട്ടിപിടിച്ച് ചിരിച്ചു. ഞാനൊക്കെ ലോക്കലാ. ഇവനൊക്കെ ഇന്റർനാഷണലാ. ഇവനൊക്കെ എന്നോ പത്മശ്രി കിട്ടേണ്ടതാ. വേറെ വല്ല സംസ്ഥാനത്താണെങ്കിൽ ഭാരത രത്ന കിട്ടിയേനെ. ജയരാജ് വാര്യരുടെ ഹാസ്യ വചനങ്ങൾ എല്ലാവരിലും ചിരി വിടർത്തിയെങ്കിലും വിജയനിലെ ചിരിയിൽ നിരാശ നിറഞ്ഞിരുന്നു.
നഞ്ചമ്മ പാടാൻ തയ്യാറെടുത്തു. ചിത്രത്തിലെ തേനീച്ചയായി വേഷമിടുന്ന ബാലതാരം റെയ്ച്ചലിനെ ചേർത്തു നിർത്തി. ജുബൈർ മുഹമ്മദ് ചിട്ടപ്പെടുത്തിയ വരികൾ നഞ്ചമ്മയുടെ സ്വരമാധുരിയിലൂടെ സ്‌റ്റൂഡിയോയുടെ ചുമരുകളിൽ തട്ടി പുറത്ത് പോകാൻ കഴിയാതെ പ്രതിധ്വനിച്ചു. വിജയനും, ജയരാജ് വാര്യരും നഞ്ചമ്മയുടെ പാട്ടിന് കൈ കൊണ്ട് താളമിട്ടു. ഗംഭീരമായി പാടിയ നഞ്ചമ്മയെ എല്ലാവരും അഭിനന്ദിച്ചു. സച്ചിയുടെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ നഞ്ചമ്മ പാടിയ ഗാനം ഹിറ്റായ കാര്യം ജയരാജ് വാര്യർ ഓർമ്മിപ്പിച്ചു. സച്ചിയുടെ പേര് പറഞ്ഞപ്പോൾ നഞ്ചമ്മയുടെ മുഖം വാടി. ജീവിതത്തിൽ ഒരു ശൂന്യതയാണ് സച്ചിയുടെ വിയോഗം. എന്റെ മകനാണ് നഷ്ടപ്പെട്ടത്. വാക്കുകൾ ഇടറിയെങ്കിലും കണ്ണിലേക്ക് പടരാൻ തുടങ്ങുന്ന കണ്ണീരിനെ സാരിതുമ്പുകൊണ്ട് തടഞ്ഞു. അല്പനേരം മൂകത തളം കെട്ടിയെങ്കിലും ഓരോരുത്തരും പിരിയാൻ തയ്യാറായി..

ബാബു ഗുരുവായൂർ ..

LEAVE A REPLY

Please enter your comment!
Please enter your name here