കൊച്ചി: വർഷം 1984, സെപ്തംബർ 28…അന്നാണ് കെ.ജി ജോർജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പഞ്ചവടിപ്പാലം’ വെള്ളിത്തിരയിലെത്തുന്നത്. പഞ്ചവടിപ്പാലം പിറന്ന് 36 വർഷം തികയുന്ന സെപ്തംബർ 28 ന് കേരളത്തിൽ പണി കഴിപ്പിച്ച മറ്റൊരു ‘പഞ്ചവടിപ്പാലം’ പൊളിക്കൽ ആരംഭിച്ചു…!

കെ.ജി ജോർജിന്റെ പഞ്ചവടിപ്പാലം

വേളൂർ കൃഷ്ണൻകുട്ടിയുടെ പാലം അപകടത്തിൽ എന്ന കഥയെ ആസ്പദമാക്കി കെ.ജി ജോർജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചവടി. രാഷ്ട്രീയ ഹാസ്യ ചിത്രമായ പഞ്ചവടിപ്പാലത്തിൽ ഭരത് ഗോപി, നെടുമുടി വേണു, സുകുമാരി, തിലകൻ, ജഗതി, ശ്രീനിവാസൻ, ശ്രീവിദ്യ വേണു നാഗവള്ളി, ഇന്നസെന്റ് , കൽപന എന്നിങ്ങനെ നീണ്ട താരനിര തന്നെ വേഷമിട്ടിട്ടുണ്ട്.

ഐരാവതക്കുഴി എന്ന സാങ്കൽ്പിക ഗ്രാമത്തിലാണ് ‘പഞ്ചവടിപ്പാലം’ എന്ന സിനിമയുടെ കഥ നടന്നത്. അവിടെ പുഴയുടെ കുറുകെയാണ് 200 അടി നീളത്തിൽ ‘പഞ്ചവടിപ്പാലം’ നിർമിച്ചത്.


ഒടുവിൽ ആ പാലം ഉദ്ഘാടനത്തിന്റെ അതേ ദിവസം തന്നെ തകർന്നുവീഴുകയായിരുന്നു. ചിത്രത്തിന് കഥയെഴുതുമ്പോൾ കെ.ജി ജോർജ് പ്രതീക്ഷിച്ചിരിക്കില്ല വർഷങ്ങൾക്കിപ്പുറം തന്റെ തിരക്കഥയ്ക്ക് സമാനമായ സംഭവം ജന്മനാട്ടിൽ നടക്കുമെന്ന് !

കേരളത്തിലെ ‘പഞ്ചവടിപ്പാലം’

2014ൽ നിർമാണം ആരംഭിച്ച് 2016 ൽ ഉദ്ഘാടനം ചെയ്ത നാലുവരി ഫ്‌ളൈ ഓവറാണ് പാലാരിവട്ടം പാലം. 39 കോടിരൂപ ചെലവിട്ടാണ് പാലം നിർമിച്ചിരിക്കുന്നത്. സംസ്ഥാനസർക്കാരിന് കീഴിലുള്ള കേരള റോഡ് ഫണ്ട് ബോർഡിന് ഇന്ധനസെസ് വിഹിതമായി ലഭിക്കുന്ന തുക ഉപയോഗിച്ചാണ് പാലം നിർമിച്ചത്. ദേശീയപാത 66, തിരക്കേറിയ എറണാകുളം മൂവാറ്റുപുഴ സംസ്ഥാനപാത എന്നിവ സന്ധിക്കുന്ന പാലാരിവട്ടം ജംഗ്ഷനിലാണ് പാലം.

ഈ പാലം നിർമിച്ച് രണ്ട് വർഷത്തിനകം തന്നെ പാലത്തിന്റെ ആറിടത്ത് വിള്ളൽ കണ്ടെത്തുകയും അടച്ചുപൂട്ടുകയും ചെയ്തു. ഇതേ തുടർന്നാണ് പാലത്തിന് പഞ്ചവടിപ്പാലം എന്ന പേര് വീണത്. 2020 സെപ്റ്റംബറിൽ പാലം പൊളിച്ചുപണിയാനുള്ള സംസ്ഥാന സർക്കാർ തീരുമാനം സുപ്രിംകോടതി ശരിവച്ചു. തുടർന്ന് സെപ്തംബർ 28, 2020 പാലം പൊളിക്കൽ ആരംഭിച്ചു.

മേൽപ്പാലം അടച്ചിട്ട് 16 മാസവും 22 ദിവസവും പിന്നിട്ടപ്പോഴാണ് സുപ്രിംകോടതി വിധി വന്നത്. പാലത്തിന്റെ നിർമാണ മേൽനോട്ട ചുമതല ഇ. ശ്രീധരന് നൽകാനും ഒൻപത് മാസത്തിനകം പണി പൂർത്തിയാക്കാനും സർക്കാർ തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here