തൃശൂർ: തൃശൂർ ജില്ലയിലെ സമഗ്രമായ റെയിൽവേ വികസനത്തിന്റെ ഭാഗമായി അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കാൻ വിപുലമായ പദ്ധതികൾ കേന്ദ്ര റെയിൽവേ ബോർഡ് ചെയർമാൻ വി കെ യാദവ് ഉറപ്പുനൽകി. എം പിമാരായ രമ്യ ഹരിദാസ്, റെയിൽവേ മന്ത്രാലയത്തിന്റെ പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എന്നിവർക്കൊപ്പമാണ് ബോർഡ് ചെയർമാനെ കണ്ടത്.

തൃശൂർ ജില്ലയിലെ ഗുരുവായൂർ, തൃശൂർ, പുതുക്കാട്, ഇരിഞ്ഞാലക്കുട, വടക്കാഞ്ചേരി, ഒല്ലൂർ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങളാണ് ചർച്ച ചെയ്തത്. കൂടാതെ തൃശൂരിനും ഗുരുവായൂരിനുമിടക്ക് പുതുതായി മെമു ട്രെയിനുകൾ അനുവദിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും ഉന്നയിച്ചു.

ഗുരുവായൂരിൽ റെയിൽവെ ഓവർ ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് പുറമെ, തിരുവെങ്കിടം ഭാഗത്തും ഇരിഞ്ഞാലക്കുടയിലും അടിപ്പാത (റോഡ് അണ്ടർ ബ്രിഡ്ജ്) നിർമ്മാണം, തൃശൂരിൽ കോച്ച് ഗൈഡൻസ് സംവിധാനം, തൃശൂർ സ്റ്റേഷനിൽ ചരക്ക് നീക്കത്തിന് പറ്റുന്ന വിധത്തിലുള്ള ക്രമീകരണം തുടങ്ങിയവയും ആവശ്യപ്പെട്ട പദ്ധതികളാണ്.

തൃശൂർ റെയിൽവേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുക, സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള മേൽനടപ്പാലം നാലാം പ്ലാറ്റഫോം വരെ നീട്ടുക, മൾട്ടി ലെവൽ പാർക്കിങ് സംവിധാനം ഉറപ്പാക്കുക, മൂന്ന് പ്ലാറ്റുഫോമുകളുടെയും മേൽക്കൂര മുഴുവനാക്കുക തുടങ്ങിയവയാണ് തൃശൂർ സ്റ്റേഷനിലേക്ക് ആവശ്യപ്പെട്ട പ്രധാന കാര്യങ്ങൾ.

ഗുരുവായൂർ തിരുനാവായ റെയിൽവേ യാഥാർഥ്യമാക്കാൻ വേണ്ട നടപടികൾ എടുക്കണമെന്ന് പ്രത്യേകം ആവശ്യമുന്നയിച്ചു. ഷൊർണുർ സെക്ടറിലെ ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനവും നേരത്തേ അനുമതിയായ എറണാകുളം ഷൊർണുർ മൂന്നാം ലെയിനിന്റെ നിർമ്മാണവും പെട്ടെന്നാക്കാൻ ആവശ്യപ്പെട്ടു.

പുതുക്കാട് സ്റ്റേഷനിലെ മേൽനടപ്പാലം, പ്ലാറ്റുഫോമുകളുടെ നവീകരണം, ഇരിഞ്ഞാലക്കുട സ്റ്റേഷനിലേക്കുള്ള കവാടം തുടങ്ങിയവക്ക് പുറമെ വടക്കാഞ്ചേരി സ്റ്റേഷന്റെ നവീകരണവും രാവിലെയും വൈകുന്നേരവും കോഴിക്കോടിനെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്ന മെമു സർവ്വീസുകളുമാണ് എം പിമാർ ഉന്നയിച്ച ആവശ്യങ്ങളിൽ ചിലത്. തൃശൂർ ജില്ലയുടെ പ്രാധാന്യത്തോടൊപ്പം ഗുരുവായൂർ അടക്കമുള്ള തീർത്ഥാടന കേന്ദ്രങ്ങളുടെയും സാനിധ്യവും റെയിൽവേ വികസനം അനിവാര്യക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചു. എറണാകുളം സേലം ഇന്റർസിറ്റി എക്സ്പ്രസ്, എറണാകുളം- രാമേശ്വരം- എറണാകുളം സൂപ്പർ ഫാസ്റ്റ് തുടങ്ങിയ ട്രെയിനുകളും ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here