തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാവുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഞായറാഴ്ച ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിതീവ്ര മഴയുണ്ടാവുക. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ട് തയാറെടുപ്പ് നടത്താനും അതീവ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ദുരന്ത മേഖലകളിലുള്ളവരെ മുന്‍കരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റും. മലയോര മേഖലയിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഞായറാഴ്ച കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും 21ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസേനകള്‍ തയാറായി നില്‍ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊലീസ്, ഫയര്‍ ഫോഴ്സ്, സിവില്‍ ഡിഫന്‍സ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പൂര്‍ണ സജ്ജരായി. കരസേന, ഡിഫന്‍സ് സര്‍വീസ് കോര്‍പ്സ്, നേവി, ഐടിബിപി എന്നിവര്‍ തയ്യാറായിട്ടുണ്ട്. വായുസേനയുടെ വിമാനങ്ങളും തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. ബിഎസ്എഫ്, സിആര്‍പിഎഫ് എന്നിവര്‍ അവശ്യാനുസരണം വിന്യസിക്കപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here