കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവർണ ജൂബിലി വർഷം ആഘോഷമാക്കി കോൺഗ്രസ് . കോട്ടയം ജില്ലയിലെ ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് ജില്ലയിൽ സംഘടിപ്പിച്ചിരുന്നത്. മാമ്മൻ മാപ്പിള ഹാളിൽ നടന്ന പരിപാടികൾ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്തു. സോണിയ ഗാന്ധിയുടെ ഉദ്ഘാടന സന്ദേശം മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.സി ജോസഫ് വായിച്ചു. അൻപതിൽ താഴെ വിശിഷ്ട വ്യക്തികൾക്കു മാത്രമാണ് പരിപാടിയിലേയ്ക്കു പ്രവേശനം അനുവദിച്ചിരുന്നത്.

തനിക്കു ലഭിച്ച നല്ല വാക്കുകൾക്ക് നന്ദി പറയുന്നതായി മറുപടി പ്രസംഗം നടത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ജീവിതത്തിലെ അസാധാരണമായ സംഭവമാണ്. നല്ലത് മാത്രം കേട്ട ദിവസമാണ്. ഹൃദയം നന്ദിയും കടപ്പാടും കൊണ്ട് നിറഞ്ഞു. ഈ പരിപാടിയ്ക്ക് ആദ്യം ശക്തമായി എതിര് പറഞ്ഞു.ജനങ്ങളില്ലാതെ പരിപാടി നടത്തിയാൽ ശരിയാവില്ല. മത്സരിക്കാൻ അനുവദിച്ച പാർട്ടിയും വിജയിപ്പിച്ച ജനങ്ങളും ആണ് ശക്തി. മണ്ഡലത്തിലെ ജനങ്ങളെ കാണാൻ പോയിരുന്നു. എന്റെ ക്രഡിറ്റ് അല്ല. ജനങ്ങളുടെ സ്‌നേഹവും കരുതലുമാണ് തന്നെ ഇതുവരെ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം ജന നന്മയ്ക്കും നാടിന്റെ വികസനത്തിനും വേണ്ടി ആകണം. ഇന്ന് അതിൽ നിന്ന് വ്യതിചലിക്കുന്നു. ഇത് ജനാധിപത്യത്തെ ബല ഹീനമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഉമ്മൻ ചാണ്ടി സൗമ്യതയുടെ മുഖമായിരുന്നു. ക്ഷുഭിത യൗവനത്തിലും ഉമ്മൻ ചാണ്ടി സൗമ്യനായിരുന്നതായി അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി കഠിനാധ്വാനിയും, സ്ഥിരോത്സാഹിയുമാണ്. ആളുകളെ കണ്ടാൽ അദ്ദേഹത്തിന് ആവേശമാണ്. മറ്റൊരാൾക്കും നേടാനാവാത്ത വലിയ ഒരു അത്ഭുതമാണ് ഇപ്പോൾ ഉമ്മൻചാണ്ടിയെ തേടിയെത്തിയിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചരിത്രത്തിലെ അസുലഭമായ അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ ചിഹ്നത്തിൽ മത്സരിച്ച രാഷ്ട്രീയ നേതാവ് ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിച്ചാണ് പരിപാടികൾക്കു തുടക്കം കുറിച്ചത്.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സന്ദേശം എം.എം ഹസൻ വായിച്ചു. വയലാർ രവിയും എ.കെ ആന്റണിയും , കെ.സി വേണുഗോപാലും, വീഡിയോ സന്ദേശം നൽകി. ഉമ്മൻ ചാണ്ടിയ്ക്ക് ആശംസയുമായി ജസ്റ്റിസ് കെ.ടി തോമസും, സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും, പി.കെ കുഞ്ഞാലിക്കുട്ടി എം പിയും, മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എൻ.എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും, മമ്മൂട്ടിയും, മോഹൻലാലും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും, കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിലും, ഗീവർഗീസ് മാർ കൂറിലോസും, ഡോ.തോമസ് മാർ തിമോത്തിയോസും, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറും ആശംസ അറിയിച്ചു.

ആഘോഷ നിറവിൽ ഗുരുവായൂർ കോൺഗ്രസ്സ് പ്രവർത്തകരും..

മലയാളത്തിൻ്റെ മനമറിഞ്ഞ ജനകീയ സാരഥി ഉമ്മൻ ചാണ്ടിയുടെ നിയമസഭയിൽ അമ്പതാണ്ടിൻ്റെ ആഘോഷനിറവിൽ പങ്ക് ച്ചേർന്ന് ഗുരുവായൂരിൽ കോൺഗ്രസ്സ് പ്രവർത്തകർ കേക്കും, മിഠായിയും വിതരണം ചെയ്തു.കമ്മററി ഓഫീസ് പരിസരത്ത് ഇലമംഗളം, അശോകവനം എന്നീ ചെടികൾ നട്ട് വേളയിൽ ആഹ്ലാദപൂർവം ഒത്ത്ച്ചേരുകയും ചെയ്തു. കോട്ടയത്ത് ഒരുക്കിയസുകൃതം – സുവർണ്ണം ആഘോഷ പരിപാടി ഓഫീസിൽ തൽസമയം പ്രദർശിപ്പിയ്ക്കുകയും ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ടി.വി.കൃഷ്ണദാസ്, സി.കെ.ഡേവിസ്, ആരീഫ് മാണിക്കത്ത് പടി, .സി.ജെ റെയ്മണ്ട് മാസ്റ്റർ, മെൽവിൻ ജോർജ്ജ് എന്നിവർ പരിപാടികൾക്ക്നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here