പാലക്കാട്ടു ഭഗവതിയുടെ നവപത്രികാ ശാകാംബരീയജ്ഞം ഒക്ടോബർ 17 മുതൽ 26 വരെ നടക്കും.

പാലക്കാട്: പാലക്കാട് ഭഗവതിക് ശനൈശ്ചരയജ്ഞത്തിന്റെ തുടർച്ചയായി, വരുന്ന വസന്തകാല നവരാത്രികാലത്ത് നടക്കാനിരിക്കുന്ന നവചണ്ഡികാ യജ്ഞത്തിന്റെ പ്രാരംഭമായി നവ പത്രികാ ശാംകാംബരീ യജ്ഞം നടക്കുകയാണ്. ഈ വരുന്ന നവരാത്രികാലത്താണ് യജ്ഞം നടക്കുന്നത്. കൃഷിയും ശാസ്ത്രവും സമന്വയിക്കുന്ന പ്രകൃതി ഭജനമാണ് പ്രധാന അനുഷ്ഠാനം. ഭാരതഖണ്ഡത്തിലാകെ നില നിന്നു പോന്ന പഞ്ചഭൂതാത്മക പ്രകൃതി ദർശനത്തെ സാധാരണക്കാരിൽ എത്തിക്കുക വഴി ഇപ്പോൾ സർവ്വലോകരേയും ബാധിച്ചു കാണുന്ന മാനസിക-ശാരീരിക-ആത്മീയ വിഷമതകൾക്ക് ആശ്വാസം നൽകുകയാണ് ലക്ഷ്യം.

1196 തുലാമാസം ഒന്നു മുതൽ പത്തു വരെ ( 2020 ഒക്ടോബർ 17 മുതൽ 26 വരെ ) സമയം രാവിലെ ഉദയാൽപ്പരം 1 നാഴിക (24 മിനുട്ട് ) സ്ഥലം. മുഖ്യ യജ്ഞവേദി. പാലക്കാട് ഭഗവതി ശ്രീമൂലസ്ഥാന യജ്ഞശാല, പാണപ്പറമ്പ്, മന്തക്കാട്, മലമ്പുഴ റോഡ് പാലക്കാട് . സമാന്തര യജ്ഞവേദി – ഭക്തരുടെ സ്വഗൃഹങ്ങളിൽ നടത്താവുന്നതാണ്.

നവരാത്രികാലത്തെ ദേവീപൂജകൾ കാർഷിക ജീവിതത്തിൽ നിന്നും പരിണമിച്ച് വന്നതാണ്. ശാകാംബരി എന്നാൽ സസ്യലതാദികൾ അണിഞ്ഞ ദേവിയാണ്. ദേവീ മാഹാത്മ്യം ആണ് അടിസ്ഥാന ഗ്രന്ഥം. നവപത്രിക 9 തരത്തിലുള്ള ഔഷധ സസ്യങ്ങളാണ്. കൃഷിയും വൈദ്യവും ആരാധനയും ഇതിൽ സമന്വയിക്കുന്നു. ഇച്ഛാശക്തി, ജ്ഞാന ശക്തി, ക്രിയാശക്തി എന്നിവയാണ് പ്രചോദനം. സമകാലീന ലോകത്ത് ജീവിത രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വെല്ലുവിളികളെ നേരിടാൻ സ്വയം ശക്തിയാർജ്ജിക്കുക, സ്വയം പര്യാപ്തത നേടുക എന്നിവ അവനവനിൽ നിന്നും തുടങ്ങേണ്ടിയിരിക്കുന്നു. ഇതിനു വേണ്ടി പാരമ്പര്യത്തേയും ആധുനിക ശാസ്ത്രത്തേയും ഒരു പോലെ ഉൾക്കൊള്ളാനുള്ള വിവേക ശക്തി നേടിയെടുക്കണം. ലളിതമായ അനുഷ്ഠാനക്രമങ്ങൾ ഇതിനു വേണ്ടി ആവിഷ്ക്കരിച്ചിട്ടുണ്ട്. ശാസ്ത്ര ഗ്രന്ഥങ്ങൾ വായിക്കുകയും പ്രചരിപ്പിക്കുകയും വേണം. പാരമ്പര്യ ശാസ്ത്രങ്ങളും ആധുനിക ശാസ്ത്രങ്ങളും ഒന്നിപ്പിക്കാവുന്ന മേഖലകളിൽ ഒന്നിപ്പിച്ചു കൊണ്ട് ശാസ്ത്രബോധമുള്ള, ഉയർന്ന പൗരബോധമുള്ള ഒരു ജീവിതചര്യയാണ് ഇന്ന് ലോകം ആവശ്യപ്പെടുന്നത്.

തുലാം ഒന്നു മുതൽ നടക്കുന്ന യജ്ഞത്തിൽ പ്രമുഖന്മാരായ ആചാര്യന്മാർ പങ്കെടുക്കുന്നു. എല്ലാ ദിവസവും ഹോമം, പൂജ, ജപം, അർച്ചന എന്നിവ നടത്താം.

നവപത്രികാ ശാകാംബരീ യജ്ഞ അനുഷ്ഠാന കാര്യക്രമം കന്നിമാസം ഒന്നു മുതൽ 30 വരെ ദേവീ മാഹാത്മ്യം പഠനസദസ്സ് ഉണ്ടായിരിക്കും. പാരായണവിധി, വ്യാഖ്യാനം. പ്രഭാഷണം, വിശദീകരണം എന്നിവ Online ആയി നടത്തുന്നു.

മഹാ സങ്കല്പജപം , ത്രിശക്തി വിളക്കു പൂജ, അഷ്ടോത്തര ശത നാമ മന്ത്രാർച്ചന എന്നിവ എല്ലാ ദിവസവും വൈകുേന്നരം ഉണ്ടായിരിക്കുന്നതാണ്.

നവാവരണ പൂജകൾ – എല്ലാ വിധത്തിലുള്ള സ്ത്രീ ശക്തികളേയും പ്രകൃതിയുടെ ഭാവങ്ങളായി കണ്ട് ഈ പത്ത് ദിവസം ആരാധിക്കുന്നു. പഞ്ചമാതാക്കൾ, സപ്തമാതൃക്കൾ, സപ്ത കന്യകൾ, യോഗിനിമാതാക്കൾ, നവയോഗികൾ, ദശ മഹാവിദ്യകൾ , നവദുർഗ്ഗകൾ, 6കുമാരികൾ, ത്രിശക്തികൾ എന്നിവയാണ് ആ ഭാവങ്ങൾ

ആദ്യത്തെ 3 ദിവസം മഹാ സരസ്വതിയായും പിന്നെ മൂന്നു ദിവസം മഹാലക്ഷ്മിയായും തുടർന്ന് മഹാകാളിയായും ആരാധിക്കുന്നു. പത്താം ദിവസം മഹാ ചണ്ഡികയായി ചണ്ഡികാഹോമവും നടക്കുന്നു

ഒരു പുതിയ ലോക ക്രമത്തിലേക്ക് ഒരുമിച്ച് നമ്മുക്ക് ചുവടുകൾ വെക്കാം. പ്രകൃതീശ്വരി നമ്മെ നേരായ വഴിക്ക് നയിക്കട്ടെയെന്നും എല്ലാവരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്നും പാലക്കാട് ഭഗവതിയുടെ പുന:രുദ്ധാരണ പ്രവർത്തനത്തനങ്ങളിൽ പങ്കാളികളായി ഭഗവതിയുടെ അനുഗ്രഹം ഏറ്റുവാങ്ങാൻ ഏവരും പ്രാപ്തരാവട്ടെയെന്നും പാലക്കാട്ടു ഭഗവതി ധർമ്മാനുഷ്ഠാന വേദിക്കവേണ്ടി സിന്ദുകുമാർ അറിയിച്ചു.

guest
0 Comments
Inline Feedbacks
View all comments