കെ ടി ജലീലിന്റെ മൊഴി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദമായി പരിശോധിക്കുന്നു

തിരുവനന്തപുരം: നയതന്ത്ര പാഴ്‌സൽ വഴി മതഗ്രന്ഥങ്ങൾ എത്തിച്ച സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ മൊഴി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദമായി പരിശോധിക്കുന്നു. മൊഴിയിലെ പൊരുത്തക്കേടുകളെ തുടർന്നാണ് പരിശോധന. തനിക്ക് സംഭവത്തിൽ പങ്കില്ലെന്നാണ് കെ ടി ജലീൽ മൊഴിയിൽ പറഞ്ഞിരുന്നത്. അതിനാൽ കാര്യങ്ങളിൽ വ്യക്തതവരുത്താൻ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് വീണ്ടും മന്ത്രിയെ ചോദ്യം ചെയ്യും.

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് അടക്കമുള്ള മറ്റ് പ്രതികൾ നയതന്ത്ര പാഴ്‌സലിൽ മതഗ്രന്ഥങ്ങൾ എത്തിയതിനെ പറ്റി നൽകിയ മൊഴിയും ഇ ഡി പരിശോധിക്കും. കൂടാതെ സി ആപ്റ്റിലെ ഉദ്യോഗസ്ഥരെ അടക്കം സംഭവത്തിൽ ചോദ്യം ചെയ്യുമെന്നാണ് സൂചന.

സ്വപ്‌ന സുരേഷുമായി ഔദ്യോഗിക ഫോൺ വിളികൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് ജലീൽ ഇ ഡിയോട് വെളിപ്പെടുത്തിയത്. കോൺസുൽ ജനറലുമായി ജലീലിന്റെ ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചിരുന്നു. മതഗ്രന്ഥം എത്തിച്ചത് സംബന്ധിച്ച കാര്യങ്ങളും ചോദ്യങ്ങളായി. ജലീലിന്റെ ആസ്തികളും ബാധ്യതകൾ സംബന്ധിച്ചും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദിച്ചറിഞ്ഞു.

കൂടാതെ യുഎഇയിൽ നിന്ന് വന്ന മതഗ്രന്ഥ പാഴ്‌സലുകളുടെ തൂക്കത്തിൽ 20 കിലോ കുറവെന്ന് കണ്ടെത്തലുണ്ട്. യുഎഇയിൽ നിന്നെത്തിയത് 4478 കിലോയാണ്. എന്നാൽ 4458 കിലോയാണ് മതഗ്രന്ഥങ്ങളുടെ തൂക്കം. ഇക്കാര്യത്തെ കുറിച്ച് അറിയില്ലെന്ന് മന്ത്രിയുടെ മറുപടി പറഞ്ഞതെന്നാണ് വിവരം. കൂടാതെ പാഴ്‌സൽ വഹിച്ചിരുന്ന സി ആപ്റ്റ് വാഹനത്തിലെ ജിപിഎസും ഒഴിവാക്കിയിരുന്നു.

guest
0 Comments
Inline Feedbacks
View all comments