ഗുരുവായൂർ : അമ്പാടി കണ്ണൻറെ പിറന്നാൾ ദിനം ഭക്തിസാന്ദ്രമായി. പീലിത്തിരുമുടി അണിഞ്ഞ പൊന്നോടക്കുഴൽ കൈയിലേന്തി താമരപൂവിൽ മുകളിൽ നിൽക്കുന്ന ഉണ്ണികണ്ണൻറെ അലങ്കാരത്തിൽ ഗുരുവായൂരപ്പൻ ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞു. കണ്ണൻറെ പിറന്നാൾ ദിനമായ ഇന്നലെ ക്ഷേത്രത്തിൽ വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു ക്ഷേത്രത്തിനു പുറത്ത് ദീപസ്തംഭത്തിനു മുന്നിൽ നിന്നു തൊഴുന്നതിന്പുലർച്ചെ മുതൽ ഭക്തരുടെ നീണ്ടനിരയായിരുന്നു. അഞ്ചു മാസത്തെ ഇടവേളയ്ക്കു ശേഷം രാവിലെ 9 45 ഓടെയാണ് ഭക്തരെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിച്ചു തുടങ്ങിയത്.

ഭക്തരെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിച്ച കൊടിമരത്തിനു സമീപത്തുകൂടി നാലമ്പലത്തിന് പ്രവേശന കവാടത്തിനു മുന്നിൽ നിന്ന് ദർശനം നടത്തിയ ശേഷം അയ്യപ്പക്ഷേത്രം വഴി പ്രദക്ഷിണം ചെയ്തു പുറത്തേക്ക് കടത്തുകയായിരുന്നു. ഓൺലൈൻ വഴി ബുക്ക് ചെയ്ത് 1000 പേർക്കും നെയ് വിളക്ക് ശീട്ടാക്കിയവർക്കുമാണ് ദർശനം അനുവദിച്ചത്. രാവിലെ 9 30 മുതൽ 1 30 വരെയും വൈകീട്ട് 5 മുതൽ 6 വരെയും രാത്രി 8 മുതൽ 9 വരെയുമായി ദിവസം ആറു മണിക്കൂറാണ് ദർശനത്തിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്. രാവിലെയും ഉച്ച തിരിഞ്ഞു കാഴ്ചശീവേലി കൊമ്പൻ ഇന്ദ്രസെൻ ഗുരുവായൂരപ്പൻറെ സ്വർണ്ണക്കോല തിടമ്പേറ്റാൻ ആദ്യമായി നിയോഗം ലഭിച്ചു. രാവിലെ പെരുവനം കുട്ടൻ മാരാരും ഉച്ചകഴിഞ്ഞും രാത്രിയും ഗുരുവായൂർ ശശിമാരാരും പഞ്ചാരിമേളം നയിച്ചു. അത്താഴപൂജയ്ക്ക് പതിനായിരത്തോളം അപ്പം നിവേദിച്ചു. ആറുമാസത്തിനുശേഷം ക്ഷേത്രം വടക്കിനി മുറ്റത്ത് കൃഷ്ണനാട്ടത്തിന് കളിവിളക്ക് തെളിഞ്ഞു.

ഇന്നലെ 58 വിവാഹങ്ങൾ നടന്നു. ക്ഷേത്രത്തിൽ ഇന്നലെ മുതൽ പ്രസാദങ്ങൾ നൽകാൻ തുടങ്ങിയതോടെ ഭക്തരും വഴിപാടുകൾ നടത്തുന്നത് വർദ്ധിച്ചു. 1.60 ലക്ഷം രൂപയുടെ അപ്പവും 1.85 ലക്ഷം രൂപയുടെ പാൽപ്പായസവും 61,650 രൂപയുടെ നെയ്പായസവും 25,000 രൂപയുടെ വെണ്ണയും 12,260 രൂപയുടെ പഴം പഞ്ചസാരയും 1.54 ലക്ഷം രൂപയുടെ കളഭവും 87,450 രൂപയുടെ തുലാഭാരവും ഇന്നലെ ഉച്ചവരെ വഴിപാടു നടന്നു. ക്യൂ നിൽക്കാതെ ദർശനം നടത്താനുള്ള നെയ് വിളക്ക് വഴിപാട് 2 ലക്ഷം രൂപയ്ക്ക് നടന്നു.

ദേവസ്വം ആനത്താവളമായ പുന്നത്തൂർ കോട്ടയിൽ ഞായറാഴ്ച മുതൽ സന്ദർശകരെ പ്രവേശിപ്പിക്കാൻ ഭരണസമിതി തീരുമാനിച്ചു. അഷ്ടമിരോഹിണി നാളിൽ ദർശനത്തിൽ പ്രമുഖരുമെത്തി. രാജ്മോഹൻ ഉണ്ണിത്താൻ എം പി കുടുംബസമേതം രാവിലെ എത്തി കഥകളികൊല സമർപ്പിച്ചു തൊഴുതു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഗോപിനാഥ മേനോൻ, ഗീതാഗോപി എംഎൽഎ, എഡിജിപി എം ആർ അജിത് കുമാർ, ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ എന്നിവരും ദർശനത്തിൽ എത്തിയിരുന്നു.

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൃഷ്ണനും കുചേലനും വീടുകളിലെത്തി ഉറികൾ അടിച്ചുടച്ച് ക്ഷേത്രനഗരിയെ അമ്പാടിയാക്കി. അടുത്തവർഷം വിപുലമായ ആഘോഷങ്ങളോടെ അഷ്ടമിരോഹിണി ഗംഭീരമായി നടത്താൻ ശ്രീഗുരുവായൂരപ്പൻ കനിയുമാറാകട്ടെ.
