ഇന്ന് അഷ്ടമി രോഹിണി; കണ്ണനിന്നു പിറന്നാൾ, ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ.

ശ്രീകൃഷ്ണാവതാരത്തിൽ ഭഗവാൻ കൃഷ്‌ണൻ അവതാരപ്പിറവി കൊള്ളുന്ന ദിനമാണ് അഷ്ടമിരോഹിണി. ഭാരതത്തിലെ വിവിധ ഇടങ്ങളിൽ ജന്മാഷ്ടമിയായും, ഗോകുലാഷ്ടമിയായും ശ്രീകൃഷ്ണ ജനനത്തെ ആഘോഷിക്കാറുണ്ട്. കേരളത്തിൽ ചിങ്ങമാസത്തിലെ കറുത്ത പക്ഷത്തിൽ അഷ്ടമിയും രോഹിണിയും ചേർന്നുവരുന്ന ദിവസമാണ് അഷ്ടമിരോഹിണിയായി ആചരിക്കുന്നത്.

ജനഹൃദയങ്ങളിൽ ഭക്തിയുടേയും ആഘോഷത്തിന്റെയും നെയ്ത്തിരി കൊളുത്തുന്ന ദിനം! കേരളത്തിൽ ഗുരുവായൂർ, അമ്പലപ്പുഴ തുടങ്ങി ഒട്ടേറെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും, വഴിപാടുകളും, അലങ്കാരങ്ങളും, നെയ്ത്തിരികളുമായി ആഘോഷപൂർവ്വം കൊണ്ടാടുന്ന ഉത്സവമാണ് അഷ്ടമിരോഹിണി. രാവിലെ മുതൽ അർദ്ധരാത്രി വരെ ആരാധനയും, ഭജനയും, നാമസങ്കീർത്തനങ്ങളും, വാദ്യാഘോഷങ്ങളും, ഘോഷയാത്രകളുമായി ഭക്തജനങ്ങൾ ഭഗവാന്റെ അവതാരപ്പിറവി ആഘോഷമാക്കുന്നു. ജന്മാഷ്ടമി ദിവസം അർധരാത്രിയാണ് ശ്രീകൃഷ്ണൻ പിറവി കൊണ്ടത്. അതിനാൽ ഈ ദിവസം അർദ്ധരാത്രിയിലും ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളുണ്ടാവും. വിശ്വാസികൾ ഇഷ്ടകാര്യലബ്ധിയ്ക്കായി വ്രതവും ഈ ദിവസം എടുക്കാറുണ്ട്. അഷ്ടമിരോഹിണി ദിവസം അർധരാത്രി വരെ കൃഷ്ണനാമം ജപിക്കുന്നത് അത്യുത്തമമാണ്. കുട്ടികൾ ശ്രീകൃഷ്ണ വേഷം ധരിച്ചും, അവതാരകഥകൾ ആസ്പദമാക്കി നിശ്ചല ദൃശ്യങ്ങളും നൃത്തശില്പങ്ങളും അവതരിപ്പിച്ചുകൊണ്ടും, ശോഭായാത്രകളിൽ പങ്കെടുത്തു ഈ ദിവസം ആഘോഷമാക്കുന്നു.

വെണ്ണക്കണ്ണനെ ഓർമ്മപ്പെടുത്തിക്കൊണ്ട് ഉറിയടിയും, കോൽക്കളിയും അവതരിപ്പിക്കാറുണ്ട്. വീടുകളിൽ കുരുത്തോലയും പൂക്കളും തോരണമാക്കി അലങ്കരിക്കാറുണ്ട്. ദീപങ്ങൾ കൊളുത്തി ഭഗവാന്റെ ജനനത്തിൽ ആഹ്ലാദം പ്രകടിപ്പിക്കാറുണ്ട്.

കൊറോണയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ അഷ്ടമിരോഹിണി ആഘോഷങ്ങൾക്ക് പരിമിതികൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈയൊരു ദിനം മഹോത്സവമാക്കി തീർക്കാനായി, പരിമിതികളോടെ കേരളീയർ ഒത്തുചേരുന്നു. ഈ മഹാവിപത്തിനെ നമ്മളിൽ നിന്നകറ്റാൻ ഭഗവാനോട് പ്രാർത്ഥിക്കാം.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here