“തുളസിക്കതിർ നുള്ളിയെടുത്ത് കണ്ണന്നൊരു മാലക്കായ്… പൊട്ടാത്ത നൂലിൽ…” അക്ഷരമാല കെട്ടി സഹദേവൻ.

രുനാഗപ്പള്ളി : “തുളസിക്കതിർ നുള്ളിയെടുത്തു കണ്ണന്നൊരു മാലയ്ക്കായ്”… എന്നു തുടങ്ങുന്ന കൃഷ്ണഭക്തിഗാനം നാടാകെ മുരളീഗാനം പോലെ പരക്കുമ്പോൾ കാൽനൂറ്റാണ്ടു മുൻപ് ആ വരികൾ കുറിച്ചിട്ട പ്രതിഭ വരികൾക്കുള്ളിൽ ഒളിച്ച ഈണം പോലെ ഇവിടെയുണ്ട്.. കരുനാഗപ്പള്ളിയിൽ.

തൊടിയൂർ ഇടക്കുളങ്ങര കല്ലേലിഭാഗം പട്ടശ്ശേരിൽ എ.സഹദേവൻ (82) എന്ന മരംകയറ്റ തൊഴിലാളി, പണ്ടെഴുതിയ പാട്ട് ഭക്തിഗാനമേളകളിലും ഭക്തിഗാന കസെറ്റുകളിലും ഏറെ ഹിറ്റായി മാറിയെങ്കിലും അതിന്റെ യഥാർഥ രചയിതാവ് ആരെന്നു നിശ്ചയമുണ്ടായിരുന്നില്ല.

തന്റെ വരികൾ പിന്നീട് കാലാനുസൃതമായി മാറ്റിയെഴുതി ഹിറ്റാക്കിയതിൽ സന്തോഷം മാത്രമേ സഹദേവനുള്ളൂ. പഴകി ദ്രവിച്ചു തുടങ്ങിയ ഡയറിത്താളുകളിൽ ആ വരികളുടെ താളം കേൾക്കാം. വീടിനു സമീപത്തെ ആശ്രമത്തിലെ വിദ്യാധരൻ സ്വാമിക്കു ഭജനയ്ക്കായി 25 വർഷം മുൻപ് താൻ എഴുതിക്കൊടുത്തതാണു ‘തുളസിക്കതിർ നുള്ളിയെടുത്തു’ എന്ന തുടങ്ങുന്ന പാട്ട് എന്നു സഹദേവൻ പറയുന്നു. തൃക്കൊടിത്താനം സച്ചിദാനന്ദൻ ഉൾപ്പെടെയുള്ള സംഗീതപ്രതിഭകൾ അതു വേദികളിൽ പാടിപ്പാടി ശ്രോതാക്കളുടെ മനസ്സുകളിൽ ഇടം പിടിച്ചു.

‘തുളസിക്കതിർ നുള്ളിയെടുത്തു’ എന്നതിനു പകരം ‘പിച്ചിപ്പൂ നുള്ളിയെടുത്തു’ എന്നാണു സഹദേവൻ എഴുതിയിരുന്നത്. ചില ഭാഗങ്ങൾ പുതിയതിൽ ഒഴിവാക്കുകയും ചെയ്തു. അടുത്തിടെ, സഹദേവന്റെ സമീപവാസിയായ ഹന്ന ഫാത്തിമ എന്ന കുട്ടി ഈ പാട്ടു പാടി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതു വൈറലോടെയാണു തന്റെ പാട്ട് ജനമനസ്സുകളിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന കഥ സഹദേവൻ അറിയുന്നത്.

എന്നാൽ പാട്ടു പാടുമ്പോഴും ഒൻപതാം ക്ലാസുകാരിയായ ഹന ഈ വരികൾ എഴുതിയ ആൾ സ്വന്തം വീടിന് ഒരു കിലോമീറ്റർ മാത്രം അകലെയാണ് താമസിക്കുന്നത് എന്ന കാര്യം അറിഞ്ഞിരുന്നില്ല. കുഞ്ഞ് ഹനക്ക് തന്റെ പാട്ട് വൈറലായതിനേക്കാൾ സന്തോഷം വരികളുടെ യഥാർത്ഥ ഉടമയെ കണ്ടെത്താൻ കഴിഞ്ഞുവെന്നതാണ്. ആരു പാടി ഹിറ്റാക്കിയാലും ഇതിന്റെ എഴുത്തു കാരനെ കാണാൻ കഴിഞ്ഞതിൽ അതീവ സന്തോഷം ഉണ്ട്..അദ്ദേഹത്തിന്റെ ഭാവനാ ശൈലിയെ ഹൃദ്യമാക്കി തീർക്കുന്നതിൽ സരസ്വതി ദേവിയുടെ കൃപയും അനുഗ്രഹവും നിറഞ്ഞു നിൽക്കുന്നു.

ഗ്രന്ഥശാലയ്ക്കു വേണ്ടി നാടകവും കാക്കാരശ്ശി നാടകവും ഒക്കെ എഴുതി അവതരിപ്പിച്ചിട്ടുണ്ട്. ‘ശിവ ഭഗവാന്‍ എഴുന്നള്ളി നടനമാടും നേരം, മമ ദുരിതം തീര്‍ത്തീടുവാന്‍, കഴലിണ തൊഴുന്നേന്‍’ എന്ന തുടങ്ങുന്ന ശിവഭക്തി ഗാനം ഉള്‍പ്പെടെ ഇദ്ദേഹം എഴുതിയ അനവധി എണ്ണം ഭജന സംഘങ്ങള്‍ ഇപ്പോഴും പാടി നടക്കുന്നുണ്ട്. ഇതുൾപ്പെടെ അറുപത്തഞ്ചോളം കൃഷ്ണ സ്തുതികളും ദേവി സ്തുതികളും ശിവ സ്തുതികളും കവിതകളും എഴുതി സൂക്ഷിച്ചിരിക്കുന്ന ഡയറി മാത്രമാണു സഹദേവന്റെ കൈമുതൽ. ഇതൊക്കെ എഴുതിയെങ്കിലും പ്രസിദ്ധപ്പെടുത്താനും മറ്റുള്ളവരുടെ മുന്നിലെത്തിക്കാനും സഹദേവൻ മിനക്കെട്ടില്ല. കല്ലേലിഭാഗം ജനത വായനശാലയുടെ പ്രവർത്തനത്തിലൂടെയാണു സഹദേവൻ എഴുത്തിന്റെ വഴിയിൽ ചുവടുവച്ചത്.

ജീവിത പ്രാരാബ്ധവും ഭാര്യയുടെ രോഗവുമൊക്കെ സഹദേവനെ എഴുത്തിന്റെ വഴിയില്‍ നിന്നു പിന്നോട്ടുവലിക്കുന്നു. തങ്കമ്മയാണ് ഭാര്യ. മക്കള്‍: സുരേഷ്‌കുമാര്‍, സുഷ കുമാരി, സുനില്‍കുമാര്‍.. തൻറെ പാട്ട് പലരാൽ മാറ്റിയെഴുതിയതിൽ സഹദേവന് പരിഭവമില്ല. ഗാനം ജനങ്ങൾ നെഞ്ചേറ്റിയതിൻറെ സന്തോഷം മാത്രമാണ് അദ്ദേഹത്തിനുള്ളത്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here