ചൈനയും ഇന്ത്യയുമായി അടുത്ത സൗഹൃദമുള്ള രാജ്യമാണ് റഷ്യ. എന്നാൽ ലഡാക്കിലെ ഇന്ത്യ – ചൈന അതിർത്തി വിഷയത്തിൽ ഇരുരാജ്യങ്ങളെയും അനുകൂലിച്ചോ പ്രതികൂലിച്ചോ റഷ്യ പരസ്യമായി രംഗത്തുവന്നില്ല. അതിർത്തി വിഷയം ഇരുരാജ്യങ്ങളും തമ്മിൽ തീർക്കേണ്ട കാര്യമാണെന്ന് ജൂണിൽത്തന്നെ അവർ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് അലക്സി നവൽനിക്കു നേരേനടന്ന വധശ്രമത്തോടെ, ആഗോള തലത്തിൽ റഷ്യയുടെ പ്രതിച്ഛായയ്ക്ക് കൂടുതൽ ഇടിവുതട്ടിയിരിക്കുന്ന ഈ സാഹചര്യത്തിൽ ഏഷ്യൻ രാജ്യങ്ങളെ പിണക്കാതെ മുന്നോട്ടുപോകാനാണ് അവർ ശ്രമിക്കുന്നതെന്നു വ്യക്തമാണ്. അതുതന്നെയാണ് പരസ്യമായ ഒരു നിലപാടെടുക്കാതെ, ഇരുരാജ്യങ്ങളെയും പിണക്കാതെ മുന്നോട്ടുപോകാൻ റഷ്യയെ പ്രേരിപ്പിക്കുന്നത്. ദോക്‌ലാ വിഷയത്തിലും സമാന നിലപാടാണ് റഷ്യ സ്വീകരിച്ചത്.

ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) യോഗത്തിനായി ഇപ്പോൾ റഷ്യയുടെ തലസ്ഥാനമായ മോസ്കോയിലാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ചൈനീസ് പ്രതിരോധമന്ത്രി ജനറൽ വെയ് ഫെങ്ഹെയുമായി സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. അതിർത്തിയിലെ പ്രശ്നങ്ങളെത്തുടർന്ന് ആദ്യമായാണ് ഇന്ത്യയും ചൈനയും ഒരു മേശയ്ക്കു ചുറ്റുമിരുന്നു കാര്യങ്ങൾ ചർച്ച ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ഷാങ്ഹായ് കോർപ്പറേഷൻ യോഗത്തെയും വിഷയത്തിൽ റഷ്യയുടെ ‘ഇടപെടലിനെയും’ കാണേണ്ടത്.

നിർണായകം റഷ്യയുടെ ഇടപെടൽ

ജൂൺ 15ന് അതിർത്തിയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച സംഭവത്തിനുശേഷം ജൂൺ 17ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണം ‘ചൂടേറിയതായിരുന്നു’വെന്നാണ് വിവരം. ഇതിനുപിന്നാലെ റഷ്യ – ഇന്ത്യ – ചൈന (റിക്) യോഗം ജൂൺ 23ന് കൂടി. ഇന്ത്യ പങ്കെടുത്തേക്കില്ലെന്ന ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പങ്കെടുത്തു. ഇതു റഷ്യയുടെ മധ്യസ്ഥതയെത്തുടർന്നാണെന്നാണ് വിലയിരുത്തൽ.
ഗൽവാൻ താഴ്‌വരയിലെ സംഘർഷത്തിനു പിന്നാലെ റഷ്യയിലെ ഇന്ത്യൻ അംബാസഡർ ഡി. ബാല വെങ്കടേഷ് വർമ, റഷ്യയുടെ വിദേശകാര്യ ഉപമന്ത്രി ഇഗോർ മോർഗുലോവുമായി ജൂൺ 17ന് ചർച്ച നടത്തിയിരുന്നു. യഥാർഥ നിയന്ത്രണരേഖയിൽ നടന്ന സംഭവങ്ങൾ ഉൾപ്പെടെ പ്രാദേശിക സുരക്ഷയെക്കുറിച്ചാണ് ചർച്ച ചെയ്തതെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കി. എന്നാൽ ഇന്ത്യ ഈ യോഗത്തെക്കുറിച്ചു പ്രസ്താവന നടത്തിയില്ല.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി റഷ്യയും ചൈനയും തമ്മിലുള്ള ബന്ധം ശക്തമാകുന്നുണ്ടായിരുന്നു. യുക്രെയ്നിൽനിന്ന് റഷ്യ ക്രൈമിയ അടർത്തിയെടുത്തതോടെ യുഎസ് റഷ്യയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. പിന്നാൽ യുഎസിലെ പ്രസി‍ഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടെന്ന ആരോപണം വന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. വ്യാപാരത്തർക്കവും കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട ആരോപണങ്ങളും യുഎസുമായുള്ള ചൈനയുടെ ബന്ധത്തിലും വിള്ളൽ വീഴ്ത്തി. ഈ സാഹചര്യത്തിലാണ് റഷ്യയും ചൈനയും തമ്മിലുള്ള ബന്ധം പുരോഗമിക്കുന്നത്.

യുഎസ് ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ സമീപനമാണ് മോസ്കോയെയും ബെയ്ജിങ്ങിനെയും അടുപ്പിക്കുന്നതെന്നാണ് ഇന്ത്യയും കരുതുന്നത്. എന്നാൽ ചൈനയുമായി കൈ പിടിക്കുമ്പോഴും ഇന്ത്യയെ വേദനിപ്പിക്കാതിരിക്കാൻ റഷ്യ ശ്രമിക്കാറുണ്ട്. ചൈനയാകട്ടെ, ക്രൈമിയയെ ഇപ്പോഴും റഷ്യയുടെ ഭാഗമായി അംഗീകരിച്ചിട്ടില്ല. യുറേഷ്യൻ ഇക്കണോമിക് യൂണിയൻ, എസ്‌സിഒ തുടങ്ങിയവ കുത്തകയാക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്ന ചൈനീസ് ആരോപണം നിൽനിൽക്കുന്നുണ്ട്. ആണവ വിതരണ സംഘടനയായ എൻഎസ്ജിയിൽ ഇന്ത്യയെ ഉൾപ്പെടുത്താൻ പരിശ്രമിച്ചത് റഷ്യയാണ്. ചൈന അതിനു വിലങ്ങുതടിവച്ചിട്ടേയുള്ളൂ. അതുപോലെ ദക്ഷിണ ചൈനാ കടലിൻമേലുള്ള ചൈനയുടെ അവകാശവാദത്തിൽ റഷ്യയും വ്യക്തമായ നിലപാട് പറഞ്ഞിട്ടില്ല.

മാറിനിൽക്കാനാണെങ്കിൽ പിന്നെന്തിനു ചേർന്നു?
കാവ്കാസ്–2020 (Kavkaz-2020) എന്ന സൈനികാഭ്യാസത്തിൽ പങ്കെടുക്കില്ലെന്ന് ഓഗസ്റ്റ് 30ന് അറിയിച്ചപ്പോൾ കാരണമായി ഇന്ത്യ ഔദ്യോഗികമായി പറഞ്ഞത് കോവിഡ് മൂലമുള്ള പ്രതിസന്ധിയെന്നാണ്. എന്നാൽ സൈനികാഭ്യാസത്തിൽ ചൈന പങ്കെടുക്കുന്നതുകൊണ്ടാണ് ഇന്ത്യ മാറിനിൽക്കുന്നതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. എസ്‌സിഒയിലെ അംഗങ്ങളാണ് സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നത്. വിട്ടുനിൽക്കാൻ ഇന്ത്യ തീരുമാനിച്ചുവെന്ന വാർത്ത പുറത്തുവന്നപ്പോൾ, പിന്നെന്തിനാണ് എസ്‌സിഒയിൽ ചേരാൻ ഇന്ത്യ തീരുമാനിച്ചതെന്ന ചോദ്യമാണ് ഉയർന്നത്.

എസ്‌സിഒ മാത്രമല്ല, ബ്രിക്സ്, റിക് പോലുള്ള സംഘടനകൾക്ക് എന്തുകൊണ്ട് സാങ്കൽപികമായ പ്രാധാന്യം ഇന്ത്യ നൽകുന്നുവെന്ന ചോദ്യവും ഉയരുന്നു. യുഎസുമായും ഇന്തോ – പസിഫിക് മേഖലയിലെ മറ്റ് പ്രധാന ശക്തികളുമായും ഇന്ത്യ തന്ത്രപ്രധാനമായ ബന്ധത്തിൽ ഏർപ്പെടുമ്പോൾത്തന്നെയാണ് ഇവയ്ക്കും പ്രാധാന്യം നൽകിവന്നത്. ‌‌പാശ്ചാത്യ ശക്തികൾക്കു ബദലായി വളർത്തിക്കൊണ്ടുവരുന്നവയാണ് ബ്രിക്സ്, റിക്സ്, എസ്‌സിഒ എന്ന സംഘടനകൾ. എന്നാൽ ഇവയുടെ നിലനിൽപു തന്നെ ഇന്ത്യ – ചൈന അതിർത്തി സംഘർഷങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതുപോലിരിക്കും.

പുറമേ കൈകൊടുക്കാം, പക്ഷേ പ്രശ്നങ്ങൾക്കു പരിഹാരം?

എസ്‌സിഒയിൽ ബെയ്ജിങ്ങിനെയും ന്യൂഡൽഹിയെയും ഒരു മേശയ്ക്കു ചുറ്റും കൊണ്ടുവരാൻ റഷ്യയ്ക്കു കഴിയും. എന്നാൽ ഒത്തുതീർപ്പിലെത്തി ബന്ധം മുന്നോട്ടുപോകണമെങ്കിൽ ഇരു രാജ്യങ്ങളും തീരുമാനിക്കണം. ബ്രിക്സ്, റിക്സ്, എസ്‌സിഒ എന്നിങ്ങനെയുള്ള സംഘടനാ വേദികളിൽ കൈകോർത്തുനിൽക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനും സാധിക്കുമെങ്കിലും സ്വന്തം പൗരന്മാരുടെ മുന്നിൽ അതു മതിയാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here