ഗുരുവായൂർ: അഷ്ടമിരോഹിണിയുടെ ഭാഗമായി കൃഷ്ണനും രാധയും ഇക്കുറി ഓൺലൈനിൽ ചുവടുവെയ്ക്കും. ഉറിയടികൾ വീടുകളിലാണ്. ഉണ്ണികൾക്കുള്ള ഉണ്ണിയപ്പം അതതു വീടുകളിലേക്കെത്തിക്കും. ഉണ്ണിക്കണ്ണൻമാരുടെയും കൃഷ്ണ-രാധമാരുടെയും കളിയാരവങ്ങൾ അകലം പാലിച്ചായിരിക്കും.

ഗുരുവായൂർ നായർസമാജത്തിന്റെ നേതൃത്വത്തിലുള്ള അഷ്ടമിരോഹിണി ആഘോഷക്കമ്മിറ്റിയാണ് കോവിഡ് കാരണം പരിപാടികളെല്ലാം ഓൺലൈൻ വഴി ആക്കിയത്. അഷ്ടമിരോഹിണി ദിവസം രാവിലെ മമ്മിയൂർ ക്ഷേത്രാങ്കണത്തിൽനിന്നുള്ള ഗോപികാനൃത്തവും ഉറിയടിയും ജീവത എഴുന്നള്ളത്തും ആവേശകരമായ പ്രധാന ആഘോഷമായിരുന്നു. ഇത്തവണ കോവിഡ് കാരണം ഘോഷയാത്ര ഒഴിവാക്കിയെങ്കിലും അതതു വീടുകളിൽ ഉറിയടി ഒരുക്കുകയാണ്. ഇതിനായി 25 വീടുകൾ തിരഞ്ഞെടുക്കും.

അഷ്ടമിരോഹിണി ദിവസം രാവിലെ എല്ലാ വീടുകളിലും ഒരേസമയം ഉറിയടി തുടങ്ങും. കൃഷ്ണ-രാധമാരുടെ ചുവടുകൾ രണ്ടു ദിവസം മുമ്പ് വീഡിയോയിൽ പകർത്തി സംഘാടകർക്ക് അയച്ചുകൊടുക്കണം. അടുത്ത ദിവസം സംഘാടക സമിതി യോഗം ചേർന്ന് അന്തിമരൂപം നൽകുമെന്ന് കോ-ഓർഡിനേറ്റർ വി. അച്യുതക്കുറുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here