
തൃശ്ശൂർ : പുലിക്കളി കോവിഡ് കൊണ്ടുപോയാലും ഇന്നും മ്മ്ടെ മനസ്സിലുണ്ട് പുലികളും പുലിക്കളികളും. തൃശ്ശൂരോണത്തിൽ പൂവിളിക്കൊപ്പമാണ് പുലിക്കളിയും. ഇത്തവണ കളി കോവിഡ് കൊണ്ടുപോയാലും പുലി തൃശ്ശൂരിലുണ്ടാകും. മനസ്സിൽ അരമണിക്കിലുക്കങ്ങൾ ഉയർത്തിവിടും. നാലാം ഓണത്തിനാണല്ലോ പുലിയിറക്കം…. കേരളത്തിലെ തനതായ ഒരു കലാരൂപമാണ് പുലികളി അഥവാ കടുവക്കളി.

ഓണക്കാലങ്ങളിലാണ് ഈ കലാരൂപം അവതരിപ്പിച്ച് വരാറുള്ളത്. ഈ കലാരൂപത്തിന് ഏകദേശം 200 വർഷത്തെ പഴക്കമുണ്ട്. ഈ കലാരൂപം അവതരിപ്പിക്കുന്ന കലാകാരന്മാർ അന്നേദിവസം കടുവയുടെ ശരീരത്തിലുള്ളതു പോലുള്ള വരകളും, കടുവയുടെ മുഖവും ശരീരത്തിൽ വരയ്ക്കുകയും, മുഖത്ത് കടുവയുടെ മുഖം മൂടിയും വെച്ച് വാദ്യമേളങ്ങൾക്കനുസരിച്ച് നൃ്ത്തം വെയ്ക്കുകയും ചെയ്യുന്നു. ഉടുക്കും, തകിലുമാണ് വാദ്യങ്ങളായി ഉപയോഗിക്കാറുള്ളത്. പുലികളെക്കൂടാതെ ഒരു വേട്ടക്കാരനും ഈ സംഘത്തിൽ ഉണ്ടായിരിക്കും. കടും മഞ്ഞ നിറത്തിലുള്ളതും, കറുപ്പ് നിറത്തിലുള്ളതുമായ ചായങ്ങളാണ് കൂടുതലായും വരയ്ക്കുവാൻ ഉപയോഗിക്കുന്നത്. പ്രത്യേകം പരിശീലനം സിദ്ധിച്ച ആളുകളാണ് ഈ കലാരൂപം അവതരിപ്പിക്കാറുള്ളത്.


തൃശ്ശൂരിലെ പുലിക്കളി
അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തൃശ്ശൂരിലെ പുലിക്കളി. കൊല്ലവും തിരുവനന്തപുരവുമാണ്. പുലിക്കളിയുടെ മറ്റ് രണ്ട് പ്രധാന സ്ഥലങ്ങൾ. തലമുറകളായി തുടർന്നുപോരുന്ന ഇതിന് പൂരത്തിനും ഏറെത്താഴെയല്ലാത്ത സ്ഥാനമുണ്ട്. നാലാമോണം നാളിൽ വൈകുന്നേരമാണ് പുലിക്കളി. വേഷം കെട്ടൽ തലേന്ന് രാത്രിതന്നെ തുടങ്ങാറുണ്ട്. നടുവിലാൽ ഗണപതിക്ക് മുമ്പിൽ നാളികേരമുടച്ചാണ് പുലികൾ സ്വരാജ് റൗണ്ടിൽ പ്രവേശിക്കുക. ചെണ്ടയുടെ വന്യമായ താളത്തിന് ഒപ്പിച്ചു നൃത്തം വെച്ച് കളിച്ച് മുന്നോട്ടു നീങ്ങുന്ന പുലികൾക്ക് ഒപ്പം വലിയ ട്രക്കുകളിൽ തയ്യാറാക്കുന്ന കെട്ട് കാഴ്ചകൾ വളരെ ആകർഷകവും മനോഹരവും ആണ്. തൃശൂർ നഗരത്തിന്റെ സാംസ്കാരിക കൂട്ടായ്മയെ ഓർമിപ്പിക്കുന്ന വിധം ഇത്തരം കെട്ടുകാഴ്ച്ചകളിൽ പുരാണങ്ങളിലെ കഥാപാത്രങ്ങൾ മുതൽ എലിയട്ടും ചെഗുവേരയും മാർക്സും സ്പേസ്ഷിപ്പും എല്ലാം കടന്നു വരാറുണ്ട്. മാസങ്ങളുടെ ശ്രമം ആണ് ഇത്തരം ഒരു ശിൽപം ഒപ്പിച്ചെടുക്കാൻ ചെലവാക്കുന്നത്.

തൃശ്ശൂരിലെ പുലിക്കളികൾക്ക് മറ്റു സ്ഥലങ്ങളിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തത ഉണ്ട്. ഇവിടെ പുലികളുടെ മേൽ ഉപയോഗിക്കുന്ന ചായം ഇനാമൽ പെയിന്റ് ആണ്. ഇവ മണ്ണെണ്ണയിൽ നന്നായി കൂട്ടിച്ചേർത്താണ് ഉപയോഗിക്കുന്നത്. കാലത്തിന്റെ മാറ്റം പുലികളിലെ വേഷങ്ങളിലും മാറിയിട്ടുണ്ട്. ചിലർ ശരീരത്തിൽ ചിത്രങ്ങൾ വരക്കാറുണ്ട് . വിവിധനിറത്തിലാണ് പുലികൾ , പച്ച, മഞ്ഞ്, കറുപ്പ്, സിൽ വർ, ചുവപ്പ്, നീല, പിങ്ക് , വയലറ്റ് എന്നുവേണ്ട മിക്ക നിറത്തിലും കാണാം. കുടവയറുള്ള പുലിക്കളിക്കാരെയാണ് ഇവിടെ മിക്കവാറും പ്രധാനിയായി കണക്കാക്കുന്നത്. ഇവർ അരമണി ധരിക്കാറുണ്ട്. ഇത് കുലുക്കിയാണ് മിക്കവാറും നൃത്തം ചെയ്യാറ്. പരിപാടി കഴിഞ്ഞാൽ ചായം കഴുകി കളയുന്നത് മണ്ണെണ്ണയുടെ സഹായത്തോടെ ആണ്.
വിഷമമുണ്ട്, മാനസികമായും സാമ്പത്തികമായും
എട്ടാംക്ലാസ്സിൽ പഠിക്കുമ്പോൾ പുലിവേഷം കെട്ടിത്തുടങ്ങിയതാണ്. മുപ്പതുവർഷമായി. ഇതിനിടയിൽ ഗൾഫിൽ പോയ രണ്ടുവർഷമാണ് പുലിയാകാൻ സാധിക്കാതിരുന്നത്. മുടങ്ങുന്നു എന്നു പറയുമ്പോൾ വിഷമമുണ്ട്. കൂടാതെ സാമ്പത്തിക ബുദ്ധിമുട്ടുകളുമുണ്ട്.
പി.ജി. വിനോദ്
പുലിക്കളി കലാകാരൻ, ചുമട്ടുതൊഴിലാളി
സഹായം നൽകണം
പുലിക്കളി നടക്കാത്ത സാഹചര്യത്തിൽ പുലിവേഷമിടുന്നവർക്കും പുലിത്താളം കൊട്ടുന്നവർക്കുമെല്ലാം സഹായം നൽകണം. ഓണത്തിന് കിട്ടാറുള്ള സാമ്പത്തിക സഹായമാണ് നിലച്ചിരിക്കുന്നത്. 2018-ൽ പ്രളയം മൂലം അവസാനനിമിഷം പുലിക്കളി ഉപേക്ഷിച്ചിരുന്നു. ഇതു വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയത്. കഴിഞ്ഞവർഷ ടീമുകളുടെ എണ്ണം കുറവായിരുന്നു. ഇതെല്ലാം മറികടന്ന് ഇത്തവണ ഉഷാറാകുമെന്ന് കരുതിയപ്പോൾ കൊറോണയും വന്നു.
ടി.ആർ. ഹരിഹരൻ
നായ്ക്കനാൽ പുലക്കളി സമാജം പ്രസിഡന്റ്

അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതിയുടെ പുലിക്കളി Live ..
https://www.facebook.com/ayyantholepulikkali/
അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതിയുടെ ഫേസ്ബുക്ക് പേജിൽ ഇന്ന് 03-09-20 വൈകീട്ട് 3.30 മുതൽ 4.30 വരെ ആയിരിക്കും കളി നടക്കുക.
പുലികൾ അവരവരുടെ മടകളിലിരുന്ന് (വീടുകളിലിരുന്ന്) സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓൺലൈൻ ആയി ഒരു വിർച്വൽ കളിത്തട്ടിലേക്ക് മാറുന്നു എന്ന സവിശേഷ കാഴ്ചക്കാണ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ആദ്യമായിട്ടാണ് ഒരു പുലിക്കളി സംഘം ഇത്തരമൊരു ഹൈടെക് പുലിക്കളി നടത്തുന്നത്. എല്ലാ പുലിക്കളി കലാകാരൻമാരേയും ഇത്തരത്തിലൊരു പുതിയ രീതി പഠിപ്പിക്കലയിരുന്നു സംഘാടകർക്ക് മുന്നിലുള്ള വെല്ലുവിളി. എന്നാൽ സ്വന്തം കുട്ടികൾ ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതു പോലെ ഞങ്ങൾക്കും ഓൺലൈനിൽ കയറണം എന്ന പുലികളുടെ അതിയായ ആഗ്രഹത്തിന് മുന്നിൽ അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി പ്രവർത്തകർ തോൽക്കാൻ തയ്യാറായില്ല