ഗുരുവായൂർ: ക്ഷേത്രസന്നിധിയിൽ കല്യാണങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നു. ഒരു ദിവസം 60 കല്യാണങ്ങൾ വരെ അനുവദിച്ച സാഹചര്യത്തിൽ ബുക്കിങ് 57 ആയിട്ടുണ്ട്. അഷ്ടമിരോഹിണി ദിനമായ പത്തിനാണ് 57 കല്യാണങ്ങൾ ബുക്ക് ചെയ്തിട്ടുള്ളത്. 13-ന് 53 എണ്ണവും ബുക്ക് ചെയ്തിട്ടുണ്ട്. ദിവസങ്ങൾ ഇനിയുമുള്ളതിനാൽ 60 ആയേക്കും. നാല്, അഞ്ച് തീയതികളിൽ കല്യാണങ്ങളുടെ എണ്ണം 50 കടന്നു. ബുധനാഴ്ച 25 കല്യാണങ്ങളുണ്ട്. ആയിരം പേർക്ക് ഓൺലൈൻ ബുക്കിങ് വഴി ദർശനം ആരംഭിക്കുന്ന അഷ്ടമിരോഹിണി ദിവസം കല്യാണങ്ങളും ഏറെയുള്ളതിനാൽ അന്ന് വലിയ തിരക്കുണ്ടാകാൻ സാധ്യതയുണ്ട്.

അതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കോവിഡ് മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിന് കൂടുതൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരുണ്ടാകുമെന്നും ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് പറഞ്ഞു. പുറത്തുനിന്ന് തൊഴാൻ തിരക്കുള്ള സമയങ്ങളിൽ ഭക്തരെ കിഴക്കേ നടയിലെ ക്യൂപ്പന്തലിലൂടെയാണ് കടത്തിവിടുന്നത്. തിരുവോണ ദിവസം തൊഴാനുള്ള വരി സത്രം ഗേറ്റ് വരെ എത്തിയിരുന്നു. രാവിലെ ക്യൂപ്പന്തലിലൂടെയും വൈകീട്ട് നേരിട്ടും ദീപസ്തംഭത്തിനടുത്തേയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കുകയായിരുന്നു.

സത്രം ഗേറ്റിലെ വാഹനപൂജയും ഉണർന്നിട്ടുണ്ട്. തിങ്കളാഴ്ച 16, ചൊവ്വാഴ്ച 19 എന്നിങ്ങനെയാണ് വാഹനങ്ങൾ പൂജയ്ക്കെത്തിയത്. വലിയ വാഹനങ്ങളൊന്നും എത്തിത്തുടങ്ങിയിട്ടില്ല. കാറുകളും ഇരുചക്രവാഹനങ്ങളും മാത്രമായിരുന്നു. അഷ്ടമിരോഹിണി ദിവസം ഭക്തരെ ക്ഷേത്രത്തിലേക്ക് കടത്തിവിടുമെങ്കിലും ആഘോഷങ്ങളൊന്നും ഉണ്ടാകില്ല. അഷ്ടമിരോഹിണിയുടെ ഭാഗമായുള്ള ക്ഷേത്രകലാ പുരസ്കാരം അടുത്ത ദിവസം ബന്ധപ്പെട്ട കമ്മിറ്റി യോഗം ചേർന്ന് തീരുമാനിക്കും. ലളിതമായ ചടങ്ങിൽവെച്ച് പുരസ്കാരം നൽകാനാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here