ഗുരുവായൂർ: രാഷ്ട്രപതിയായിരിക്കേ, നാലരവർഷം മുമ്പ്‌ ഗുരുവായൂരിലെത്തി കണ്ണന് നറുനെയ്യും കദളിപ്പഴവും സമർപ്പിച്ച് വണങ്ങി, മേളവും കൃഷ്ണനാട്ടവും കണ്ട് മടങ്ങിയത് മറക്കില്ല ഗുരുവായൂർ. 2016 ഫെബ്രുവരി 26-നാണ് വന്നത്. അന്ന് ക്ഷേത്രത്തിൽ ഉത്സവം ഏഴാംദിവസമായിരുന്നു. സ്വർണക്കോലത്തിൽ ഗുരുവായൂരപ്പൻ എഴുന്നള്ളുന്നത് കാണാനും അന്ന് അദ്ദേഹത്തിന് കഴിഞ്ഞു. അതിനുമുമ്പ് കേന്ദ്രമന്ത്രിയായിരിക്കുമ്പോഴും അദ്ദേഹം ഗുരുവായൂരിൽ ദർശനത്തിന് എത്തിയിട്ടുണ്ട്.

ഗുരുവായൂരപ്പനെ ഉണ്ണിക്കണ്ണനായി കളഭത്തിൽ അലങ്കരിച്ച മേൽശാന്തി നാരായണൻ നമ്പൂതിരി, രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ജന്മനാളായ പൂരാടം നക്ഷത്രത്തിൽ പുഷ്പാഞ്ജലി നടത്തിയത് ഇന്നും ഓർക്കുന്നു. പ്രസാദം ഏറ്റുവാങ്ങി നാലമ്പലത്തിന് പുറത്ത് കടന്നപ്പോൾ വടക്കേ നടയിൽ ഉത്സവകാഴ്ചശ്ശീവേലി നടക്കുകയായിരുന്നു. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം കൊട്ടിക്കയറുകയായാണ്. അൽപ്പനേരം മേളം ആസ്വദിച്ചു. പത്ത്‌ ഗ്രാമിന്റെ രണ്ട്‌ ഗുരുവായൂരപ്പൻ സ്വർണപ്പതക്കങ്ങളും വാങ്ങിയാണ് ക്ഷേത്രത്തിനു പുറത്തുകടന്നത്.
ബ്രാഹ്മണസമൂഹം മുഖ്യപുരോഹിതൻ മുത്തുകുട്ടി വാധ്യാരുടെ നേതൃത്വത്തിൽ പൂർണകുംഭം നൽകിയാണ് അന്ന് രാഷ്ട്രപതിയെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ച് ആനയിച്ചത്. ശാന്തിമന്ത്രം ഉരുവിട്ട് പൂർണകുംഭത്തോടെ വരവേറ്റപ്പോൾ രാഷ്ട്രപതി തൊട്ടുവണങ്ങിയത് തന്റെ ജീവിതത്തിലെ അപൂർവനിമിഷങ്ങളായിരുന്നുവെന്ന് 96 പിന്നിട്ട വാധ്യാർ പറയുന്നു. ശ്രീവത്സം ഗസ്‌റ്റ് ഹൗസിൽ കൃഷ്ണനാട്ടത്തിലെ മുല്ലപ്പൂചുറ്റൽ എന്ന മനോഹരരംഗവും ആസ്വദിച്ചാണ് ഗുരുവായൂരിനോട് അന്ന് വിടപറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here