ഗുരുവായൂർ: ചിങ്ങമാസത്തിലെ പൊന്നണിഞ്ഞ മഞ്ജുളാൽ ഇലകൾ കൈവീശി താരാട്ടു പാടി ഉറക്കുന്ന വീടാണ് വസന്ത മണിയുടെ ഭവനം. കുട്ടികളുടെ പാർക്കിങ്ങിന് പുറകിലുള്ള മണി ടീച്ചറുടെ വീട്ടിൽ ഇന്ന് പിറന്നാളിന്റെ 77 മണികൾ നാദധാരയിലാണ്. ആഘോഷങ്ങൾ ഇല്ലാതെയാണ് ടീച്ചറുടെ പിറന്നാൾ കടന്നുപോകുന്നത് . ഞങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്ന മണി അമ്മയുടെ നാല് മക്കളും വിദേശത്താണ് ജോലി ചെയ്യുന്നത് . കോവിഡിന്റെ വ്യാപനം മൂലം അവർക്ക് നാട്ടിൽ എത്താൻ കഴിയില്ല. എല്ലാവർഷവും മക്കൾ അമ്മയുടെ പിറന്നാളിന് എത്തിച്ചേരാറുണ്ട് …. മണിയമ്മയുടെ പിറന്നാളിന് ഒരു കുറിപ്പിന്റെ പ്രസക്തി വർധിച്ച കാലമാണിത്. സാന്ത്വനത്തിന്റെ ഉറവ വറ്റാത്ത കൈകളെ കാണാതെ , കാരുണ്യത്തിന്റെ കറവ നിലക്കാത്ത നിഷ്കളങ്ക മുഖങ്ങളെ തലോടാതെ എങ്ങനെ കടന്നുപോകാനാകും. പിന്നിട്ട നാളുകളിലേക്ക് തിരിഞ്ഞു നടന്നാൽ മണിയമ്മയുടെ ജീവിതം സേവന സമർപ്പിതമാണ് .

തമിഴ്നാട്ടിലെ വിദ്യാഭ്യാസം, അച്ഛൻ പൊന്നോത്ത് വീട്ടിൽ മാധവൻനായർ ദീർഘകാലം കോയമ്പത്തൂർ ആയിരുന്നു ജോലി ചെയ്തത്. മദ്രാസിലെ സെയ്താം പേട്ട് വൈ.എം.സി.എ .കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷനിൽ ഇൻസ്ട്രക്ടറായി വിദ്യാഭ്യാസം പൂർത്തിയാക്കി. തമിഴ്നാട് നെറ്റ് ബോൾ സ്റ്റേറ്റ് ടീമിൽ അംഗമായിരുന്നു. പിന്നീട് മണിയമ്മ നാട്ടിലേക്ക് മടങ്ങി. ഉയർന്ന കായിക സർട്ടിഫിക്കറ്റുകൾ മണിയമ്മക്ക് വൈലത്തൂർ സെൻറ് ഫ്രാൻസിസ് യു.പി സ്കൂളിൽ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിക്കാൻ സഹായകമായി.


ചാക്യാട്ട് കുടുംബത്തിലേക്കുള്ള കാൽവെപ്പ് . പ്രശസ്തമായ ത്യപ്പൂണിത്തുറ ചാക്യാട്ട് തറവാട്ടിലെ രഘുനന്ദന മേനോനെയാണ് ടീച്ചർ വിവാഹം കഴിച്ചത് . രഘുനന്ദനമേനോൻ (സി .ആർ . മേനോൻ ) മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽ നിന്നും സ്വാതന്ത്രസമരസേനാനി ക്കുള്ള താമ്രപത്രം കരസ്ഥമാക്കി ഭാരതത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച മഹത് വ്യക്തിയാണ്. മുൻ കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രി വി.കെ.കൃഷ്ണ മേനോന്റെ പ്രൈവറ്റ് സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിരുന്നു കാരുണ്യത്തിന്റെ കൈവഴികളിലൂടെ, നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ടീച്ചർ മുഖ്യധാരയിൽ പ്രവർത്തിച്ചിട്ടുണ്ട് . നിർധനരായ കുട്ടികൾക്ക് വിദ്യാഭ്യാസ സാമ്പത്തിക സഹായം . വിശക്കുന്ന വയറിന് ഒരു പൊതിച്ചോറ് എന്ന ഭക്ഷ്യ സമർപ്പണം . അനാഥാലയങ്ങളിലെ അതിഥികൾക്ക് പെൻഷൻ സഹായം, തുടങ്ങി നിരവധി കാര്യങ്ങളിൽ ടീച്ചറുടെ ചെറുതും, വലുതുമായ മനുഷത്വപദ്ധതികൾ പ്രശംസിനീയാവഹമാണ് .
അർഹതയ്ക്കുള്ള അംഗീകാരം .


1997 ൽ കേരള സർക്കാരിന്റെ മികച്ച അധ്യാപികക്കുള്ള സംസ്ഥാന അവാർഡ് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി .ജെ ജോസഫിൽ നിന്നും ടീച്ചറാണ് സ്വീകരിച്ച് അർഹയായത്.
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ലോക്കൽ സെക്രട്ടറി, പാലിയേറ്റീവ് കെയർ യൂണിറ്റ്,കരുണ ഫൗണ്ടേഷൻ, സുവിധം , എൻ.എസ്.എസ്., പെൻഷനേഴ്സ് യൂണിയൻ , ജനസേവ ഫോറം , ക്ഷേത്ര കമ്മറ്റികൾ, തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹിയായി ടീച്ചർ പ്രവർത്തിക്കുന്നു.


വിദ്യാസമ്പന്നരായ മക്കൾ
സൗത്താഫ്രിക്കയിൽ ജോലിചെയ്യുന്ന മുരളീധരമേനോൻ , ദുബായിൽ ജോലി ചെയ്യുന്ന മധു മേനോൻ , വിനു മേനോൻ , ഫിൻലാൻഡിൽ ജോലി ചെയ്യുന്ന മഹേഷ് മേനോൻ എന്നിവർ മക്കളാണ്. പിറന്നാൾ ആദരം ഇന്ന് ടീച്ചറുടെ വീട്ടിൽച്ചെന്ന് കൊളാടി ഹരി മേനോൻ പൊന്നാടയണിയിച്ച് ആദരിച്ചു. സഹപ്രവർത്തകരായ കെ.പി. ഉദയൻ ,ബിജു നരങ്ങാത്ത് പറമ്പ്, കൊമ്പൻ മെൽവിൻ, എന്നിവർ കൂടെയുണ്ടായിരുന്നു. മധുര പലഹാരങ്ങളും , കേക്കും ടീച്ചർക്ക് നല്കിയപ്പോൾ , മക്കൾ അടുത്തില്ലെങ്കിലും നിങ്ങളും എനിക്ക് മക്കൾ പോലെയാണെന്ന് ടീച്ചർ പറഞ്ഞു. ആരോടും പരിഭവമില്ലാതെ നന്മയുടെ വിളക്കുമായ് പ്രകാശം ചൊരിയുന്ന പിറന്നാളുണ്ണിയുടെ സാമിപ്യം തന്നെ ഊർജ്ജം പകരുന്നുവെന്ന് കെ.പി.ഉദയൻ പറഞ്ഞു. കാലം ഇങ്ങനെയാണ് പ്രായമാകുമ്പോൾ അമ്മമാരെ നോക്കാൻ നിങ്ങൾ കാണിക്കുന്ന സ്നേഹമനസ്സിന്റെ വലുപ്പം ചെറുതല്ല മണിയമ്മയുടെ കണ്ണ് നിറഞ്ഞു. അത് ആനന്ദബാഷ്പമായിരുന്നു. മിഴികളിൽ നിന്ന് പതിയെ പൊടിയുന്ന തുള്ളികളെ കാണാതിരിക്കാൻ വിദൂരതയിലേക്ക് നോക്കി മണിയമ്മ പറഞ്ഞു . ഇനിയും പിറന്നാളുണ്ടല്ലോ? അടുത്ത വർഷം ഗംഭീരമാക്കാം.
ടീച്ചർക്ക് എല്ലാ കുട്ടികളും മക്കളാണ്…കുട്ടികൾക്ക് ടീച്ചർ അമ്മയാണ് …

ബാബു ഗുരുവായൂർ ..

LEAVE A REPLY

Please enter your comment!
Please enter your name here